20 April Saturday

കൈക്കൂലിവാങ്ങി കേസൊതുക്കിയ എക്സൈസ് ഇൻസ്‌പെക്‌ടർക്കും പ്രിവന്റിവ് ഓഫിസർമാർക്കും സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

​ഗുരുവായൂർ> അനധികൃത മദ്യവിൽപ്പനശാലയിലേക്കുള്ള  മദ്യം കാറിൽ നിന്നും പിടികൂടിയ കേസ്‌ കൈക്കൂലിവാങ്ങി ഒതുക്കിയ സംഭവത്തിൽ എക്സൈസ് ഇൻസ്‌പെക്‌ടർക്കും പ്രിവന്റിവ് ഓഫിസർമാർക്കും സസ്പെൻഷൻ. മേലുദ്യോഗസ്ഥർക്ക് ഒത്താശ ചെയ്‌ത സിവിൽ എക്സൈസ് ഓഫീസർമാർക്ക് അക്കാദമിയിൽ നിർബന്ധിത പരിശീലനം.

എക്‌സൈസ് ഇൻസ്‌പെക്‌ടർ ഡി വി ജയപ്രകാശ്, പ്രിവന്റിവ് ഓഫീസർമാരായ ടി എസ് സജി, പി എ ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തത്‌. സിവിൽ എക്സൈസ് ഓഫീസർമാരായ പി ഇ അനീസ് മുഹമ്മദ്, കെ ശരത്, വനിത സിവിൽ എക്സൈസ് ഓഫിസർ എൻ കെ സിജ എന്നിവരെ രണ്ടാഴ്‌ച എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിനയക്കുന്നതിനും നിർദേശമുണ്ട്. എക്സൈസ് ഇന്റലിജൻസ് വിഭാ​ഗം ജോയിന്റ് കമീഷണർ നടത്തിയ അന്വേഷണത്തെ തുടർന്നാണ്‌ നടപടി. മാർച്ച് 12ന്‌ മുല്ലശേരിയിൽ പരിശോധനയ്ക്കിടെ കാറിൽനിന്നും മൂന്ന് കുപ്പി മദ്യം പിടികൂടിയിരുന്നു. കാറിലുണ്ടായിരുന്നയാളെ  ചോദ്യം ചെയ്‌തതിനെ തുടർന്ന് ഒരു സ്ത്രീ നടത്തുന്ന കച്ചവടത്തിനായാണ് മദ്യം വാങ്ങിയതെന്ന് മൊഴിനൽകി. തുടർന്ന് സ്ത്രീയുടെ വീട് പരിശോധിച്ചപ്പോൾ 12 കുപ്പി ബിയർ കണ്ടെടുത്തു. മദ്യവുമായി പിടിയിലായ ആൾക്കെതിരെ കേസെടുക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം. മഹസർ ഒഴികെ എല്ലാ രേഖകളും തയാറാക്കി സ്ത്രീയേയും ബന്ധുവിനെയും സാക്ഷിയാക്കി.

എന്നാൽ സ്ത്രീയുടെ മറ്റൊരു ബന്ധു ഇടപെട്ട് കേസൊതുക്കി. ഇതിനായി ഉദ്യോഗസ്ഥർ വൻ തുക കൈപറ്റിയെന്നും ഇന്റലിജൻസ് വിഭാഗം കണ്ടെത്തി. പിടിച്ചെടുത്ത മദ്യം ഓഫിസിൽ കൊണ്ടുവന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പങ്കിട്ടെടുത്തതായും റിപ്പോർട്ടുണ്ട്. വിഷയം ചോർന്നതറിഞ്ഞ ഇൻസ്പെക്‌ടർ മാർച്ച് 20ന്  ജീവനക്കാരുടെ  യോഗം വിളിച്ചു. ഡ്രൈവറടക്കമുള്ളവരെ   ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.  ഇൻസ്പെക്‌ട‌ർ മദ്യലഹരിയിലാണ് യോ​ഗം വിളിച്ചുചേർത്തതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top