01 December Friday

സുരേഷ്‌ ഗോപിയെ നാടുകടത്തിയത്‌ സീറ്റ് ബിഡിജെഎസിന്‌ നൽകാൻ ; ബിജെപി തീരുമാനമെടുത്തതായി സൂചന

വേണു കെ ആലത്തൂർUpdated: Saturday Sep 23, 2023


തൃശൂർ
സത്യജിത്‌ റേ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാനായി നടൻ സുരേഷ്‌ഗോപിയെ നിയമിച്ചതോടെ തൃശൂർ സീറ്റിന്റെ കാര്യത്തിൽ ബിജെപി തീരുമാനമെടുത്തതായി സൂചന.  തൃശൂർ  പാർലമെന്റ്‌ സീറ്റ്‌ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്‌ നൽകുമെന്നാണ്‌ നേതാക്കൾക്കിടയിലെ അടക്കംപറച്ചിൽ. വലിയ കോലാഹലമുണ്ടാക്കി പ്രചാരണത്തിന്‌ തുടക്കമിടുന്ന സുരേഷ്‌ ഗോപിക്കും ഇത്‌ തിരിച്ചടിയായി. ബിജെപിയിൽ വലിയ സ്വാധീനമുണ്ടെന്ന്‌ അവകാശപ്പെടുന്ന സുരേഷ്‌ ഗോപിയോട്‌ ചോദിക്കാതെയാണ്‌ പുതിയ നിയമനം നൽകിയതെന്നാണ്‌ അടുത്ത വൃത്തങ്ങൾ പറയുന്നത്‌.

ബിഡിജെഎസ്‌ പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളിയും അമിത്‌ഷായും ഡൽഹിയിൽ നടത്തിയ ചർച്ചയിൽ തൃശൂർ നൽകുമെന്ന്‌ ഉറപ്പ്‌ ലഭിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട സുരേഷ്‌ ഗോപിക്ക്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ട്‌ വർധിപ്പിക്കാൻ പറ്റിയ  രാഷ്ട്രീയ സാഹചര്യം നിലവിലില്ലെന്ന്‌ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്നാണ്‌ വിവരം.

മണിപ്പുരിലെ ക്രൈസ്‌തവ വേട്ടയടക്കം മണ്ഡലത്തിൽ ചർച്ചയാണ്‌. കേരളത്തിൽ കൂടുതൽ അംഗങ്ങളുള്ള രണ്ട്‌ ക്രൈസ്‌തവ അതിരൂപതകളാണ്‌ തൃശൂരും ഇരിങ്ങാലക്കുടയും. ഇവയുടെ മുഖപത്രങ്ങളായ ‘കത്തോലിക്കസഭ’, ‘കേരളസഭ’ എന്നിവ കഴിഞ്ഞ നാലുമാസമായി ബിജെപിയെയും പ്രധാനമന്ത്രിയെയും നിശിതമായി വിമർശിക്കുകയാണ്‌.  ബിഡിജെഎസ്‌ ആണെങ്കിൽ സഭയുടെ പിന്തുണകിട്ടുമെന്ന പ്രതീക്ഷയിലാണ്‌ നേതൃത്വം. സുരേഷ്‌ ഗോപിയെ കേരള ഘടകത്തിന്റെ  മുഖ്യധാരയിൽനിന്ന്‌  അകറ്റാൻ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും ദേശീയ നേതൃത്വത്തിൽ സമ്മർദം ശക്തമാക്കിയിട്ട്‌ മാസങ്ങളായി. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി സുരേഷ്‌ ഗോപി പദയാത്രയുമായി രംഗത്തെത്തിയപ്പോഴാണ്‌ പുതിയ ചുമതല നൽകിയത്‌. സഹകരണ ബാങ്ക്‌ അഴിമതിക്കെതിരെ ഗാന്ധിജയന്തിദിനത്തിൽ കരുവന്നൂരിൽനിന്ന്‌ തൃശൂരിലേക്കാണ്‌  പദയാത്ര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top