26 April Friday

സുരേഷ്‌ഗോപിയെ വെട്ടിയത്‌ മുരളീധരൻ

പ്രത്യേക ലേഖകൻUpdated: Wednesday Jun 22, 2022

തിരുവനന്തപുരം> സംസ്ഥാനത്തെ ബിജെപിയുടെ പ്രധാന നേതാവായി സുരേഷ്‌ഗോപി ഉയരാതിരിക്കാൻ കളിച്ചത്‌ കേന്ദ്രമന്ത്രി വി മുരളീധരൻ. സുരേഷ്‌ഗോപിക്ക്‌ വീണ്ടും രാജ്യസഭയിലേക്കുള്ള സാധ്യതയും സംസ്ഥാന അധ്യക്ഷനോ സമാന പദവികളോ ലഭിച്ചേക്കുമായിരുന്ന അവസരവുമില്ലാതാക്കാൻ മുരളീധരനൊപ്പം മറ്റ്‌ നേതാക്കളും കൂട്ടുചേർന്നെന്നാണ്‌ ഒരു വിഭാഗം ബിജെപി നേതാക്കളുടെ ആരോപണം. പാർടിയെ രക്ഷപ്പെടുത്താനുള്ള അവസരമാണ്‌ ഇവർ കളഞ്ഞുകുളിച്ചതെന്നും ബിജെപിയുടെ സോഷ്യൽമീഡിയയിലടക്കം ചർച്ച ശക്തമായി.

ഇത്‌ ശരിവയ്ക്കുന്ന തരത്തിൽ സുരേഷ്‌ഗോപിയുടെ പ്രതികരണവും വന്നതോടെ വരുംദിവസങ്ങളിൽ ഇത്‌ കൂടുതൽ ചർച്ചയാകും. സുരേഷ്‌ ഗോപിയെ ഒതുക്കിയതിനെതിരെ ദേശീയനേതൃത്വത്തിന്‌ പരാതി അയക്കുമെന്നും പ്രവർത്തകർ പറയുന്നു.
സുരേഷ്‌ ഗോപിക്കൊപ്പം ഇ ശ്രീധരൻ, ജേക്കബ്‌ തോമസ്‌ എന്നിവരെയും അകറ്റി നിർത്തിയത്‌ വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും താൽപ്പര്യമാണ്‌. ഇക്കാര്യത്തിൽ എല്ലാഗ്രൂപ്പിലുള്ളവരും കക്ഷിയാണെന്ന്‌ പരാതി അയക്കാനൊരുങ്ങുന്ന നേതാക്കൾ പറയുന്നു. ബിജെപിയുടെ സംസ്ഥാന വക്താക്കളടക്കം സുരേഷ്‌ഗോപിയെ ഒതുക്കുന്നതിനെതിരെ രംഗത്തുണ്ട്‌. കേന്ദ്രമന്ത്രിയായ വി മുരളീധരനേക്കാൾ മികച്ച പ്രവർത്തനം കാഴ്‌ചവയ്ക്കാൻ സുരേഷ്‌ഗോപിക്ക്‌ എംപി എന്ന നിലയിൽ കഴിഞ്ഞിട്ടുണ്ടെന്നും ബിജെപി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ  പ്രചരിപ്പിക്കുന്നു.

ദേശീയ നേതാക്കളുമായി നല്ല ബന്ധം

ബിജെപി വിടുന്നുവെന്ന വാർത്തകൾക്കിടയിൽ നിലപാട്‌ വ്യക്തമാക്കി സുരേഷ്‌ ഗോപി.  ദേശീയ നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്‌ ഷാ, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, രാജ്‌നാഥ്‌ സിങ്‌  തുടങ്ങിയവരുമായി നല്ല ബന്ധമാണെന്നും അവർക്ക്‌ ഇനിയും ശക്തമായ പിന്തുണ നൽകുമെന്നും സുരേഷ്‌ ഗോപി പറഞ്ഞു.

ബിജെപി വിടുന്നുവെന്ന പ്രചാരണം ശരിയല്ല. അങ്ങനെ വാർത്ത സൃഷ്ടിച്ചതിനു പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. ഏപ്രിലിൽ രാജ്യസഭയിൽനിന്ന്‌ വിരമിച്ച സുരേഷ്‌ ഗോപിക്ക്‌ ഒരു തവണകൂടി അവസരം നൽകുമെന്ന്‌ പ്രചാരണമുണ്ടായിരുന്നു. ദേശീയ നേതാക്കളും അതിന്‌ തയ്യാറായിരുന്നുവെന്നാണ്‌ വിവരം. എന്നാൽ, സംസ്ഥാന നേതൃത്വമാണ്‌  വിലങ്ങുതടിയായത്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top