20 April Saturday
ഒന്നരപ്പതിറ്റാണ്ടിന്റെ പോരാട്ടം വിജയം

ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട കെ എ മാനുവലിനെ തിരിച്ചെടുക്കാന്‍ സുപ്രീംകോടതി ഉത്തരവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 17, 2023

കെ എ മാനുവൽ


തിരുവനന്തപുരം
ഒന്നരപ്പതിറ്റാണ്ടിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ മാനുവൽ വീണ്ടും ഏജിസ്‌ ഓഫീസിലെത്തും. അവകാശസമരത്തിൽ പങ്കെടുത്തതിന്‌ കള്ളക്കേസിൽ കുടുക്കി പിരിച്ചുവിടപ്പെട്ട അസി. ഓഡിറ്റ്‌ ഓഫീസർ കെ എ മാനുവലിനെ സർവീസ്‌ ആനുകൂല്യങ്ങളോടെ തിരിച്ചെടുക്കണമെന്ന സുപ്രീംകോടതി വിധി നിയമ–- രാഷ്ട്രീയ പോരാട്ടങ്ങളുടെ വിജയമാണ്‌.

വൺ റാങ്ക്‌ വൺ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ പുറംകരാർ നൽകാനുള്ള എജിയുടെ തീരുമാനത്തിനെതിരെ 2006ൽ  ഓഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ അസോസിയേഷൻ സമരം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്തതിന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ട  എസ്‌ സി സന്തോഷ്‌കുമാറിനെ അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന മാനുവലിന്റെകൂടി നേതൃത്വത്തിൽ നടന്ന സമരത്തിന്റെ ഫലമായി തിരിച്ചെടുത്തു.

2007 നവംബർ മുതൽ ജീവനക്കാർ നിരാഹാര സമരമാരംഭിച്ചു. പുറംകരാർ നടപ്പാക്കില്ലെന്നും പദ്ധതിക്കായി പുതിയ ജീവനക്കാരെ നിയമിക്കുമെന്നും തീരുമാനിച്ചതോടെ സമരമവസാനിപ്പിച്ചു. സമരത്തിൽ പങ്കെടുത്തവർക്കെതിരായ ശിക്ഷാനടപടികൾ എജിസ്‌ ഓഫീസും കേന്ദ്രസർക്കാരും അവസാനിപ്പിച്ചില്ല. എജിയുടെ പ്യൂണിനെ മർദിച്ചെന്ന കള്ളക്കേസിൽ കുടുക്കി മാനുവലിനെ പിരിച്ചുവിട്ടു. വർഗബഹുജന സംഘടനകളുടെ പങ്കാളിത്തത്തോടെ ജീവനക്കാർ സമരം തുടങ്ങി. 2009ൽ എജിയെ സ്ഥലം മാറ്റിയതോടെ സമരം അവസാനിപ്പിച്ചെങ്കിലും നിയമപോരാട്ടം തുടർന്നു.മാനുവലിനെതിരായ നടപടികൾ 2009ൽ സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണൽ റദ്ദാക്കി. ഇതിനെതിരെ കേന്ദ്രസർക്കാരും സിഎജിയും അപ്പീൽ നൽകി. 2018ൽ കേസ്‌ ഹൈക്കോടതിയിലെത്തി.

പുതിയ ജീവനക്കാരനായി സർവീസിൽ പ്രവേശിക്കാമെന്ന വിധിയിൽ ഇരുവിഭാഗവും സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സുപ്രീംകോടതിയിലെ നാലുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ്‌ തിരിച്ചെടുക്കാനുള്ള ഉത്തരവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top