19 April Friday

രാജ്യത്ത്‌ നടപ്പാകുന്നത്‌ ഭ്രാന്തൻ തീരുമാനങ്ങൾ: സുനിൽ പി ഇളയിടം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

തൃശൂർ> നൂറ്റാണ്ടുകളായുള്ള  ആരാധാനാലയം തകർത്ത് മറ്റൊരു മതത്തിന്റെ ആരാധനാലയം നിർമിക്കാൻ തറക്കല്ലിടുന്നതിന് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പോകുന്നതിന്റെ പേരാണ് ഭ്രാന്തെന്ന് സുനിൽ പി ഇളയിടം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി സ്‌നേഹപൂർവം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സത്യമേവ ജയതേ പ്രഭാഷണ പരമ്പരയിൽ ‘ഭ്രാന്ത് പൂക്കുന്ന കാലം’ ആദ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പന്തീരായിരം വർഷം പഴക്കമുള്ള ഇന്ത്യയുടെ ചരിത്രം ആറുമാസംകൊണ്ട് മാറ്റിയെഴുതാൻ ഒരു കമ്മിറ്റിയെ നിയമിച്ച രാജ്യമായി ഇന്ത്യ മാറി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കുമ്പോൾ എത്ര അമൃതം ബാക്കിയുണ്ട് രാജ്യത്ത് എന്ന് കണ്ടെത്തേണ്ടത്രയും വിഷം നിറഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എങ്ങനെയാണ് ഈ ഭ്രാന്ത് നേരിടുകയെന്നതാണ് നാം നേരിടുന്ന ചോദ്യം.

വ്യത്യസ്തരായിരിക്കാനും അതിന്റെ പേരിൽ അവകാശങ്ങളൊന്നും നിഷേധിക്കപ്പെടാതിരിക്കാനുമുള്ള ഒരാളുടെ അവകാശത്തിന്റെ പേരാണ് ജനാധിപത്യമെന്ന് അംബേദ്കർ വിഭാവനം ചെയ്തിടത്തുനിന്ന് ഭൂരിപക്ഷം എന്നതാണു ജനാധിപത്യം എന്നിടത്തേക്ക് എത്തിയിരിക്കയാണ്. അതുകൊണ്ടാണ് ഇക്കാലത്തെ ഭ്രാന്ത് പൂക്കുന്ന കാലമെന്ന് വിശേഷിപ്പിക്കേണ്ടിവരുന്നത്.

ദേശീയതയുടെ പേരിൽ രാജ്യം അപകടത്തിലേയ്ക്കാണ് നീങ്ങുന്നത്. ഭരിക്കുന്ന നേതാവിന്റെ പ്രതാപമല്ല ജീവിക്കുന്ന ജനങ്ങളുടെ മഹിമയാണ് രാജ്യത്തിന്റെ പാരമ്പര്യമെന്ന് ഭരണാധികാരികൾ മറക്കരുതെന്നും സുനിൽ പി ഇളയിടം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയിൽ പി വി കൃഷ്ണൻനായർ അധ്യക്ഷനായി. ടി എൻ പ്രതാപൻ എംപി,  സി കെ തോമസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top