കാട്ടാക്കട
സൈക്കിൾ യാത്രികനായ പതിനഞ്ചുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പൂവച്ചൽ സ്വദേശി പ്രിയരഞ്ജനെയാണ് (42) തിങ്കൾ വൈകിട്ട് അറസ്റ്റ് ചെയ്‌തത്. 11 ദിവസമായി തമിഴ്നാട്ടിലെ കുഴിത്തുറയിൽ ഒളിവിലായിരുന്നു.പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകൻ ആദിശേഖറിനെ(15)യാണ് ഇയാൾ കാറിടിച്ചുകൊലപ്പെടുത്തിയത്.
ആഗസ്‌ത് 30-ന് വൈകിട്ട് 5.30ന് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. അപകടമരണമാണ് എന്നാണ് ആദ്യം കരുതിയത്. ക്ഷേത്രത്തിനുമുന്നിലൂടെ സൈക്കിളിൽ സഞ്ചരിച്ച ആദിശങ്കറിനെ പ്രിയരഞ്ജൻ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകവിവരം ചുരുളഴിഞ്ഞത്.
ആദിശങ്കറിന്റെ ബന്ധുവാണ് പ്രിയരഞ്‌ജൻ. ഇയാൾ ആർഎസ്‌എസ് പ്രവർത്തകനാണ്. പ്രിയരഞ്ജൻ ക്ഷേത്രത്തിനുസമീപം മൂത്രമൊഴിച്ചത് ആദിശങ്കർ ചോദ്യം ചെയ്‌തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അലക്ഷ്യമായി വാഹനം ഓടിച്ച് ഉണ്ടാക്കിയ അപകടം എന്ന നിലയിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. പ്രതിയെ ചോദ്യം ചെയ്തശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..