20 April Saturday

കാമ്പസുകളിൽ വിദ്യാർത്ഥി പ്രശ്‌ന പരിഹാരത്തിന് സമിതി രൂപീകരിക്കും: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023


തിരുവനന്തപുരം
സംസ്ഥാനത്തെ സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർഥി പരാതിപരിഹാര സെൽ രൂപീകരിക്കും.  കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തെതുടർന്നാണ് തീരുമാനം. ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.

 കോളേജുകളിൽ പ്രിൻസിപ്പലും സർവകലാശാലാ പഠനവിഭാഗങ്ങളിൽ വകുപ്പുമേധാവിയുമായിരിക്കും സെല്ലിന്റെ ചെയർപേഴ്‌സൺ. പ്രിൻസിപ്പലോ വകുപ്പുമേധാവിയോ ശുപാർശ ചെയ്യുന്ന രണ്ട് അധ്യാപകർ സമിതിയിലുണ്ടാകും. അതിലൊരാൾ വനിതയാകണം. കോളേജ് യൂണിയൻ ചെയർപേഴ്സൺ,  തെരഞ്ഞെടുക്കപ്പെടുന്ന രണ്ട്‌ വിദ്യാർഥി പ്രതിനിധികൾ (ഒരാൾ വനിത), പ്രിൻസിപ്പൽ നാമനിർദേശം ചെയ്യുന്ന ഭിന്നശേഷിവിഭാഗത്തിൽനിന്നുള്ള വിദ്യാർഥി, എസ്‌സി- –-എസ്‌ടി വിഭാഗം വിദ്യാർഥി, പിടിഎ പ്രതിനിധി, സർവകലാശാലാ പ്രതിനിധിയായി സിൻഡിക്കറ്റ് നാമനിർദേശം ചെയ്യുന്ന അധ്യാപകൻ/അധ്യാപിക എന്നിവരും  സെല്ലിൽ ഉൾപ്പെടും.

പ്രവേശന മാനദണ്ഡങ്ങൾ പാലിക്കപ്പെടാതിരിക്കൽ, സർട്ടിഫിക്കറ്റുകളോ രേഖകളോ തടഞ്ഞുവയ്ക്കൽ,  അധിക ഫീസ് വാങ്ങൽ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, പരീക്ഷാ നടത്തിപ്പ്‌, ജാതിപരമോ ലിംഗപരമോ സാമൂഹ്യപരമോ ആയ വേർതിരിവ്,  മാനസിക–- ശാരീരിക പീഡനങ്ങൾ തുടങ്ങിയ പരാതികൾ സെല്ലിന് നൽകാം. നിയമപരമായി ലഭിക്കേണ്ട ക്ലാസുകളും ട്യൂട്ടോറിയലുകളും ലഭിക്കാത്ത സാഹചര്യവും സെല്ലിന് പരിശോധിക്കാം. ആവശ്യമെങ്കിൽ ചെയർപേഴ്സൺ യോഗം വിളിക്കും. ഭൂരിപക്ഷാടിസ്ഥാനത്തിൽ സെൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ ചെയർപേഴ്സണ്  ഉത്തരവാദിത്വമുണ്ടാകും. സെൽ കൺവീനറെ സമിതിക്ക് തെരഞ്ഞെടുക്കാം. ലഭിക്കുന്ന പരാതിയും അതിന്മേലുള്ള തീരുമാനവും   സർവകലാശാലയിൽ അറിയിക്കണം. ഇതിന്‌  സർവകലാശാലകളിൽ പ്രത്യേക ഓഫീസർക്ക് ചുമതല നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top