29 March Friday

കടനാട്ടില്‍ പേപ്പട്ടി ആക്രമണം: 8 പേര്‍ക്ക് കടിയേറ്റു, പേപ്പട്ടിയെ വെടിവച്ചു കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

പാലാ> കടനാട്ടില്‍ പേപ്പട്ടി ആക്രമണത്തില്‍ രണ്ട് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കടിയേറ്റു. നാട്ടിലാകെ അലഞ്ഞുനടന്ന് ജനങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ച പേപ്പട്ടിയെ പിന്നീട് വെടിവെച്ച് കൊല്ലുകയായിരുന്നു. കടിയേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
കടനാട് ടൗണില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന നായ തിങ്കള്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് അക്രമാസക്തമായി പരക്കെ ആക്രമണം തുടങ്ങിയത്. കടനാട്, വല്ലാത്ത്, ഈന്തനാക്കുന്ന് ഭാഗങ്ങളിലെ വീടുകളില്‍ കയറി ആളുകളെയും തുടലില്‍ കെട്ടിയിട്ട വളര്‍ത്തുനായ്ക്കളെയും മറ്റ് മൃഗങ്ങളെയും ആക്രമിച്ച നായ വഴിയില്‍ കണ്ടവരെയും പാഞ്ഞടുത്ത് കടിക്കുകയായിരുന്നു. മൂന്ന് നായ്ക്കുട്ടികളെ കടിച്ചുകൊന്ന പേപ്പട്ടി രാവിലെ സ്‌കൂളിലേയ്ക്ക് നടന്ന് പോവുകയായിരുന്ന കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളെയും കടിച്ചു.

 വാഹനങ്ങളുടെ ടയറുകള്‍ കടിച്ചുകീറി. വീടുകളില്‍ കയറി കന്നുകാലികളെയും കടിച്ചതായി പറയുന്നു. പേപ്പട്ടി ആക്രമണം വ്യാപകമായതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉഷാരാജു വിവരം മേലുകാവ് പൊലിസില്‍ അറിയിച്ചു. ഇവര്‍ എത്താന്‍ വൈകിയതോടെ ആക്രമണം തുടര്‍ന്ന നായയെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം രാവിലെ ഒന്‍പതരയോടെയാണ് വെടിവച്ച് കൊന്നത്. മേലുകാവ് പൊലിസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. പേപ്പട്ടി ആക്രമണത്തിന് ഇരയായ ആളുകളുടെയും നായയുടെ കടിയേറ്റ വളര്‍ത്ത് മൃഗങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top