25 April Thursday

സ‌്റ്റിങ‌് ഓപ്പറേഷൻ കൃത്രിമമെന്ന വാദം നിലനില്‍ക്കില്ല; ഇടപാട് നടന്നത് കോഴിക്കോട്ടെ ഓഫീസിൽ തന്നെ

സ്വന്തം ലേഖകൻUpdated: Thursday Apr 4, 2019

കോഴിക്കോട‌്>എം കെ രാഘവൻ  എംപിയെ കുടുക്കിയ സ‌്റ്റിങ‌് ഓപ്പറേഷനിലെ ദൃശ്യങ്ങളിലുളളത‌് കോഴിക്കോട്ടുള്ള രാഘവന്റെ ഓഫീസും പരിസരവും.  ടി വി 9 ചാനൽ ബുധനാഴ‌്ച പുറത്തുവിട്ട ദൃശ്യങ്ങളിൽ എം കെ രാഘവൻ  ചാനല്‍ സംഘവുമായി സംസാരിയ്ക്കുന്നത് അദ്ദേഹത്തിന്റെ  കോഴിക്കോട‌്  സിവിൽസ‌്റ്റേഷനടുത്തുള്ള മധുരവനം റോഡിലെ  ഓഫീസിൽനിന്നാണെന്ന‌് ചാനൽ പറയുന്നു. ഇവിടേക്കുള്ള വഴിയും പരിസരവുമെല്ലാം ദൃശ്യങ്ങളിൽ കാണാം.
ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന രാഘവന്റെ വാദങ്ങള്‍ ഇതോടെ പൊളിയുന്നു.

കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പണത്തിനായി കോഴിക്കോട്ടെത്തിയ  ദിവസംതന്നെ എംപിക്കെതിരെയുള്ള കൈക്കൂലി വാർത്ത യുഡിഎഫിന‌്  കനത്ത ആഘാതമായി.  ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതോടെ രാഘവൻ പ്രചാരണ പരിപാടി  പാതിവഴിയിൽ നിർത്തി. രാവിലെ 8.30ന‌് തിരുവണ്ണൂർ അമ്മാങ്കുളം പറമ്പിൽനിന്നും ആരംഭിച്ച‌്  രാത്രി  7.30ന‌് കിണാശേരിയിൽ സമാപിക്കും വിധമായിരുന്നു ബുധനാഴ‌്ചത്തെ പര്യടനം നിശ്ചയിച്ചിരുന്നത‌്. എന്നാൽ തനിക്കെതിരായ വാർത്ത ചാനലിലും   സാമൂഹ്യമാധ്യമങ്ങളിലും  പരന്നതോടെ എം പി പര്യടനം അവസാനിപ്പിച്ചു. എട്ട‌് സ്വീകരണ കേന്ദ്രങ്ങൾ ഒഴിവാക്കി വൈകിട്ട‌്  പുതിയ ബസ‌്സ‌്റ്റാൻഡ‌് പരിസരത്തെ സ്വീകരണ സ്ഥലത്തുനിന്നാണ‌്  മാറിയത‌്. രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നതിന‌് പോവാനുണ്ടെന്നാണ‌്  ഇതിന‌് കാരണമായി  പ്രവർത്തകരോട‌് പറഞ്ഞത‌്.


 

കോഴിക്കോട്ട‌് പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങാൻ  ഉദ്ദേശിക്കുന്ന വ്യവസായിക്ക‌് വേണ്ടി  കൺസൾട്ടൻസി  എന്ന വ്യാജേനയാണ‌് ടി വി സംഘം  മാർച്ച‌് പത്തിന‌്  വൈകിട്ട‌് എംപി യെ സമീപിച്ചത‌്. ഇവരോട‌്  അഞ്ച‌് കോടിയാണ‌് എം കെ രാഘവൻ ആവശ്യപ്പെടുന്നത‌്.  ഉമേഷ‌് പാട്ടീൽ, കുൽദീപ‌് ശുക്ല, രാംകുമാർ, അഭിഷേക‌്കുമാർ, ബ്രിജേഷ‌് തിവാരി എന്നിവരാണ‌്  സംഘത്തിലുണ്ടായിരുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top