19 April Friday

ഡിപിആർ തയ്യാറാക്കിയത്‌ ഏരിയൽ സർവേയിലൂടെ; സർക്കാർ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

കൊച്ചി > സിൽവർ ലൈൻ പദ്ധതിയിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കെ–--റെയിൽ ഡെവലപ്‌മെന്റ്‌ കോർപറേഷൻ വിശദ പദ്ധതിരേഖ സമർപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ പരിശോധനയ്‌ക്കായി അലൈൻമെന്റ്‌ പ്ലാൻ അടക്കമുള്ള സാങ്കേതികവിവരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.

ഡിപിആർ പരിഗണിച്ച്‌ സാമ്പത്തികസാധ്യത വിലയിരുത്തിയശേഷമേ ധനമന്ത്രാലയത്തിന്റെയും നിതി ആയോഗിന്റെയും അനുമതിക്കായി സമർപ്പിക്കൂയെന്നും കേന്ദ്രം പറഞ്ഞു. പദ്ധതിയുടെ സ്ഥലമെടുപ്പും അനുമതിയും ചോദ്യംചെയ്തുള്ള നാല്‌ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. പ്രാഥമിക സർവേ നടക്കുന്നതായാണ് അറിയിച്ചതെന്നുപറഞ്ഞ കോടതി ഫിസിക്കൽ സർവേ പൂർത്തിയാക്കാതെ ഡിപിആർ തയ്യാറാക്കാനാകുമോയെന്ന് ആരാഞ്ഞു. സർവേക്ക് മുമ്പാണോ ഡിപിആർ തയ്യാറാക്കിയതെന്ന്‌ അറിയിക്കാനും നിർദേശിച്ചു. ഏരിയൽ സർവേപ്രകാരമാണ് ഡിപിആർ തയ്യാറാക്കിയതെന്നും സാധ്യതാ പഠനത്തിനുശേഷമാണ് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയതെന്നും സംസ്ഥാനം വ്യക്തമാക്കി.

പദ്ധതിക്ക്‌ എതിരല്ലെന്നും എല്ലാ നിയമവും പാലിച്ചേ നടപ്പാക്കാനാകൂയെന്നും കോടതി ഓർമിപ്പിച്ചു. ഇപ്പോൾ കുറ്റികൾ നാട്ടുന്നില്ലെന്നും കോടതി ഉത്തരവ് മറയാക്കി ആളുകൾ കുറ്റികൾ എടുത്തുകളയുകയാണെന്നും റെയിൽ കോർപറേഷൻ അറിയിച്ചു. നൂറ്‌ കോടിക്ക് മുകളിലുള്ള പദ്ധതിക്ക് കേന്ദ്രത്തിന്‌ തത്വത്തിൽ അംഗീകാരം നൽകാനാകില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. മാഹിയിൽക്കൂടി റെയിൽ പോകുന്നതിനാൽ അന്തർസംസ്ഥാന പദ്ധതിയാണെന്നും കേരളത്തിന് മാത്രമായി തീരുമാനമെടുക്കാൻ ആകില്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു. ഹർജിക്കാരുടെ വസ്‌തുവിൽ സർവേ നടത്തുന്നത് കോടതി തൽക്കാലത്തേക്ക് തടഞ്ഞു. കേസ് ഫെബ്രുവരി ഏഴിന് പരിഗണിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top