28 March Thursday

രംഗം കൊഴുപ്പിക്കാൻ 
സിനിമാ വിവാദവും ; ലക്ഷ്യം രാഷ്‌ട്രീയ മുതലെടുപ്പ്‌

പ്രത്യേക ലേഖകൻUpdated: Saturday May 28, 2022


തിരുവനന്തപുരം
സിനിമാ അവാർഡിന്റെ പേരിലും രാഷ്‌ട്രീയരംഗം കൊഴുപ്പിക്കാൻ ചില മാധ്യമങ്ങളുടെ കാർമികത്വത്തിൽ വിവാദം. വെള്ളിയാഴ്‌ച പ്രഖ്യാപിച്ച സിനിമാ അവാർഡ്‌ നിർണയരീതിയിൽ ഏതെങ്കിലും നടന്മാർക്കോ അണിയറ പ്രവർത്തകർക്കോ പരാതിയില്ലെങ്കിലും ചില മാധ്യമങ്ങൾ വെറുതെ വിട്ടില്ല. ഒരു സിനിമയെ അവഗണിച്ചെന്നും അതിൽ പ്രതിഷേധമെന്നും ആദ്യം വാർത്ത കൊടുക്കുക, പിന്നീട്‌ അതിലെ പ്രവർത്തകരോട്‌ പ്രതികരണം ചോദിക്കുക എന്ന തന്ത്രമാണ്‌ പയറ്റിയത്‌. വിവാദം ഉണ്ടാക്കിയവരുടെ ലക്ഷ്യം ആദ്യംതന്നെ വ്യക്തമായി, യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രതികരണത്തോടെ അതിലെ രാഷ്‌ട്രീയവും.

ലോകോത്തര സിനിമാ ഇതിഹാസമായ സയ്യിദ്‌ അഖ്‌തർ മിർസ നേതൃത്വം നൽകിയ ജൂറിയെ ആക്ഷേപിക്കുന്നതിനു തുല്യമായി വിവാദം. ഏതെങ്കിലും സിനിമയെ മനഃപൂർവം മാറ്റിനിർത്താനോ തഴയാനോ കഴിയുംവിധമല്ല അവാർഡ്‌ നിർണയരീതി. ‘ഹോം’ അടക്കം ഒട്ടേറെ മികച്ച സിനിമകൾ ഉണ്ടായ വർഷമാണ്‌ 2021. മികച്ച സിനിമകളിൽ ഏറ്റവും മികച്ച സിനിമ കണ്ടെത്തലായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നാണ്‌  ജൂറി അംഗങ്ങൾ പറഞ്ഞത്‌. തെരഞ്ഞെടുത്ത സിനിമകളോ താരങ്ങളോ യോഗ്യരല്ലെന്ന്‌ ആരും പറയുകയുമില്ല.

വിവിധ വിഭാഗങ്ങളിൽ മത്സരമുണ്ടായെങ്കിലും ഹോം സിനിമ ഒരു വിഭാഗത്തിലും അവസാന ഘട്ടത്തിലേക്ക്‌ എത്തിയില്ലെന്ന്‌ ജൂറി ചെയർമാൻ സയ്യിദ്‌ മിർസ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. അതേസമയം, തനിക്ക്‌ അവാർഡ്‌ കിട്ടാത്തതിൽ പരിഭവമില്ലെന്ന്‌ ഇന്ദ്രൻസ്‌ പറഞ്ഞു. അവാർഡ്‌ നിർണയത്തിൽ ആരെങ്കിലും ഇടപെട്ടെന്നും പറയാനാകില്ല. പക്ഷേ, ‘ഹോം’ ഒരു മേഖലയിലും പരിഗണിച്ചില്ലെന്നു കാണുമ്പോൾ അവർ സിനിമ കണ്ടോ എന്ന്‌ സംശയമുണ്ടാകുമെന്നും ഇന്ദ്രൻസ്‌ പറഞ്ഞു.സിനിമയുടെ മികവ്‌ മാത്രമാണ്‌ പരിഗണിക്കുന്നതെന്നും ആർക്കെങ്കിലും എതിരെ കേസുണ്ടോ എന്ന്‌ നോക്കിയല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഹോം സിനിമ മുഴുവൻ കണ്ടു എന്നാണ്‌ ജൂറി വ്യക്തമാക്കിയിട്ടുള്ളത്‌. ഇന്ദ്രൻസിനെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. സർക്കാർ ഇക്കാര്യത്തിൽ ഇടപെടാറില്ല–- മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top