19 April Friday

ചിൽഡ്രൻസ് ഫെസ്റ്റിൽ അടുത്ത വർഷം മുതൽ മുഴുവൻ എൻജിഒ ഹോമുകളേയും പങ്കെടുപ്പിക്കും: മന്ത്രി വീണാ ജോർജ്

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

തിരുവനന്തപുരം> സർക്കാർ ഹോമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്‌റ്റിൽ അടുത്ത വർഷം മുതൽ സംസ്ഥാനത്തെ മുഴുവൻ എൻജിഒ ഹോമുകളിലേയും കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വനിത ശിശുവികസന വകുപ്പിന്റെ ഒരു വർഷത്തെ പ്രധാന പദ്ധതികളിൽ ഒന്നാണ് ചിൽഡ്രൻസ് ഫെസ്റ്റ്. കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഇത്തരം കലോത്സവങ്ങൾ. അവരുടെ ആവിഷ്‌ക്കാരത്തിനും വ്യക്തിത്വ വികസനത്തിനും ഇത് സഹായിക്കും. സംസ്ഥാനത്തെ 16 ഗവ. ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളേയും തിരുവനന്തപുരം ജില്ലയിലെ എൻജിഒ ഹോമുകളിലെ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത്തവണത്തെ ഫെസ്റ്റ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വർണച്ചിറകുകൾ സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി വനിത ശിശുവികസന വകുപ്പ് വലിയ ഇടപെടലുകളാണ് നടത്തുന്നത്. കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിന് എഡ്യൂക്കേറ്റർ, കലാ കായിക പ്രവർത്തനങ്ങൾ, യോഗ എന്നിവയ്ക്കായി പരിശീലകർ എന്നിവരുണ്ട്. ഇതുകൂടാതെ സ്ഥലസൗകര്യങ്ങളുള്ള എല്ലാ സർക്കാർ ഹോമുകളിലും കളിക്കളങ്ങൾ നിർമ്മിക്കുന്നതാണ്. ഹോമുകളെ ശിശു സൗഹൃദമാക്കി മിഷൻ അടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കും. ഓരോ കുഞ്ഞുങ്ങളേയും നെഞ്ചിൽ ചേർത്തുവയ്ക്കുന്ന സ്‌നേഹവും കരുതലും എല്ലാവർക്കുമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

എഴുത്തും വായനയും പോലെ പ്രധാനമാണ് ഇത്തരത്തിലുള്ള കലോത്സവങ്ങളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനതല കലോത്സവങ്ങളിൽ കടന്നുചെല്ലാൻ കഴിയാത്ത ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കുള്ള മികച്ച വേദിയാണിത്. എല്ലാവരും ജയപരാജയങ്ങളെ നേരിടാനുള്ള കരുത്ത് നേടണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, ചലച്ചിത്രതാരം വിനു മോഹൻ, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ജി പ്രിയങ്ക, ബാലാവകാശ സംരക്ഷണ കമ്മീഷൻ കെ വി മനോജ് കുമാർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ഷാനിബ ബീഗം, കൗൺസിലർ രാഖി രവികുമാർ, വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ചാന്ദിനി സാം, ഐഡിബിഐ ബാങ്ക് ചീഫ് ജനറൽ മാനേജർ അനുരാധ രാജൻ കാന്ത്, ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ സുരേഷ് ബാബു, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ എസ് ശരവണൻ, പഞ്ചാബ് നാഷണൽ ബാങ്ക് സർക്കിൾ ഹെഡ് നിത്യ കല്യാണി എന്നിവർ പങ്കെടുത്തു. ചിൽഡ്രൻസ് ഫെസ്റ്റ് ലോഗോ രൂപകല്പന ചെയ്ത കോട്ടയം ചിൽഡ്രസ് ഹോമിലെ അതുൽ കൃഷ്ണയ്ക്കും സ്‌പോർട്‌സ് മീറ്റിലെ വിജയികൾക്കും മന്ത്രിമാർ സമ്മാനം വിതരണം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top