20 April Saturday

സ്റ്റാര്‍ട്ടപ്പുകൾക്ക്‌ ധനസഹായം
ഒരു കോടിയാക്കും : മന്ത്രി രാജീവ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022


തിരുവനന്തപുരം
സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തന പുരോഗതി കൈവരിക്കാൻ (സ്കെയിൽ അപ്) കെഎസ്ഐഡിസി നൽകുന്ന ധനസഹായം 50 ലക്ഷത്തിൽനിന്ന്‌ ഒരു കോടിയാക്കുമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സ്‌റ്റാർട്ടപ്പുകൾക്കായി കെഎസ്ഐഡിസി സംഘടിപ്പിച്ച സ്‌കെയിൽ അപ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത്‌ വ്യവസായങ്ങൾക്ക് അനുകൂലമായ എല്ലാ സാഹചര്യവുമുണ്ട്. ഇതുപയോഗിക്കാൻ സ്റ്റാർട്ടപ്പുകൾ തയ്യാറാകണം. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ്ബാഗ് നിർമാണ കമ്പനിയും കൃത്രിമ പല്ല് നിർമാണ കമ്പനിയും ഉൾപ്പെടെ ആഗോളതലത്തിലെ പ്രധാന കമ്പനികൾ കേരളത്തിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ശ്രദ്ധേയമായ ഒട്ടേറെ കമ്പനികൾ ഇവിടെ ഓഫീസുകൾ തുറക്കുന്നു. സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ വിദഗ്‌ധസംഘത്തെ കെഎസ്ഐഡിസി തയ്യാറാക്കും. ഉൽപ്പാദന മേഖലയ്‌ക്ക്‌ പ്രാധാന്യം നൽകി നവംബറിൽ കൊച്ചിയിൽ സ്റ്റാർട്ടപ്‌ സംഗമം നടത്തും.

പ്രാഥമിക മൂലധന നിക്ഷേപം കിട്ടി വളരുന്ന സ്റ്റാർട്ടപ്പുകളിൽ ചിലത് കേരളം വിട്ടുപോകുന്നതിന്റെ കാരണം മനസ്സിലാക്കി പരിഹരിക്കാൻ ശ്രമിക്കുകയാണ്.  സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. 1000 സംരംഭക വികസന ക്ലബ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ഐഡിസിയിൽനിന്ന്‌ സാമ്പത്തിക സഹായം ലഭിച്ച കമ്പനികളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന ആറ് കമ്പനിക്കുള്ള പുരസ്‌കാരവും വായ്പ അനുവദിച്ച ഏഴു കമ്പനിക്കുള്ള അനുമതിപത്രവും മന്ത്രി വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്തവരുമായി സംവദിച്ച മന്ത്രി നിർദേശങ്ങൾക്ക്‌ സർക്കാർ തലത്തിൽ കൈക്കൊള്ളാനാകുന്ന നടപടികളും വിശദീകരിച്ചു.

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. സ്റ്റാർട്ടപ്‌ മിഷൻ സിഇഒ അനൂപ് അംബിക, ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ജനറൽ മാനേജർ അശോക് ലാൽ എന്നിവരും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top