20 April Saturday

സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജിൽ അധികാരത്തർക്കം; കിടപ്പാടമില്ലാതെ കായികതാരങ്ങൾ

എൻ കെ ജിബിUpdated: Sunday Jun 11, 2023

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഹോസ്റ്റലിന്റെ ബോർഡ് മാറ്റി സ്ഥാപിച്ച നിലയിൽ

കോലഞ്ചേരി
പള്ളി ഭരണസമിതിയും കോളേജ് മാനേജ്മെന്റും തുടരുന്ന അധികാരത്തർക്കത്തിൽ കിടപ്പാടം നഷ്ടപ്പെട്ട് സെന്റ് പീറ്റേഴ്സ് കോളേജിലെ കായികതാരങ്ങൾ. കോളേജിലെ പതിനഞ്ചോളം വോളിബോൾ, അത്‌ലറ്റിക്‌ താരങ്ങളാണ് ദിവസങ്ങളായി കിടക്കാൻ ഇടമില്ലാതെ ഇൻഡോർ സ്റ്റേഡിയത്തിൽ തുടരുന്നത്.

നാളുകളായി പള്ളി ഭരണസമിതിയും കോളേജ് മാനേജ്മെന്റും തുടരുന്ന  അധികാരവടംവലിയിൽ ദുരിതത്തിലായത്‌ ഭാവിയുടെ കായികപ്രതിഭകളാണ്. 2017ലെ സുപ്രീംകോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് സഭയ്ക്ക് ലഭിച്ച കോലഞ്ചേരി പള്ളിക്കുകീഴിലാണ് കോളേജ് എന്ന അവകാശവാദം ഉന്നയിച്ചാണ് പള്ളി ഭരണസമിതി സ്‌പോർട്‌സ്‌ ഹോസ്റ്റൽ പിടിച്ചെടുത്തത്. ദിവസങ്ങൾക്കുമുമ്പ് ഇവിടെ പള്ളിവക ബോർഡും സ്ഥാപിച്ചു. വിഷയം പെരുമ്പാവൂർ സബ്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഹോസ്റ്റലിൽനിന്ന്‌ കായികതാരങ്ങളെ ഇറക്കിവിട്ടത്.

കോളേജിനുകീഴിലാണ് സ്പോർട്സ് ഹോസ്റ്റലെന്നും യുജിസി ഫണ്ടുകൾ ഉപയോഗിച്ചാണ് കെട്ടിടം പണിതതെന്നും കോളേജ് അധികൃതർ പറയുന്നു.
വിലപ്പെട്ട സർട്ടിഫിക്കറ്റുകളും ഉപകരണങ്ങളും ഹോസ്റ്റലിനകത്താണെന്നും  എടുക്കാൻപോലും സമ്മതിക്കുന്നില്ലെന്നും കായികതാരങ്ങൾ പറയുന്നു. കഠിനപരിശീലനം കഴിഞ്ഞ് വിശ്രമിക്കാൻ ഇടമില്ലാതായത് കളിയെയും ജീവിതത്തെയും ബാധിച്ചതായും ഇവർ പറഞ്ഞു.

പാചകക്കാരനും ദിവസങ്ങളായി ഇവർക്കൊപ്പമുണ്ട്. സ്വന്തം ചെലവിലാണ്‌ ഹോട്ടലുകളിൽനിന്ന്‌ ഭക്ഷണം കഴിക്കുന്നത്. വിവിധ ജില്ലകളിൽനിന്ന് താമസിച്ച് പഠിക്കാനെത്തിയ കായികതാരങ്ങളാണ് തണുപ്പ് സഹിച്ച് ദിവസങ്ങളായി കളിസ്ഥലത്തുതന്നെ കിടക്കുന്നത്. നിലവിൽ കോളേജ് ഹോസ്റ്റലിൽ പള്ളി ഭരണം നടത്തുന്ന സെന്റ് പീറ്റേഴ്സ് സെക്കൻഡറി സ്കൂളിലെ കുട്ടികളെയാണ് താമസിപ്പിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top