25 April Thursday

പരീക്ഷയ്‌ക്ക്‌ ജില്ല ഒരുങ്ങി

സ്വന്തം ലേഖകൻUpdated: Sunday May 24, 2020

കൊച്ചി
പരീക്ഷാകേന്ദ്രങ്ങളിലെത്താൻ വാഹനമില്ലാത്തവർക്ക്‌ സൗകര്യമൊരുക്കി ജില്ലാ വിദ്യാഭ്യാസവകുപ്പ്‌. 26ന്‌ പുനരാരംഭിക്കുന്ന പരീക്ഷയിൽ 31, 724 കുട്ടികളാണ്‌ എസ്‌എസ്‌എൽസി എഴുതുന്നത്‌. 35,224 വിദ്യാർഥികൾ പ്ലസ്‌വൺ പരീക്ഷയും 36,439 പേർ പ്ലസ്ടുവും എഴുതുന്നു. പരീക്ഷാ ചുമതലയുള്ള അധ്യാപകർക്ക്‌ ആവശ്യമെങ്കിൽ വിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാ കേരളയും വാഹന സൗകര്യമൊരുക്കും. വാഹനമില്ലാത്തതിനാൽ പരീക്ഷാ കേന്ദ്രത്തിൽ എത്താനാകില്ലെന്ന്‌ അറിയിക്കുന്ന വിദ്യാർഥികൾക്ക്‌ കേരള സ്കൂൾ ടീച്ചേഴ്സ്‌ അസോസിയേഷൻ (കെഎസ്‌ടിഎ) സൗകര്യമൊരുക്കും.

ജില്ലയിൽ 55 വിഭാഗത്തിലായി 320 പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. ഇവിടങ്ങളിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. വിവിധ കേന്ദ്രങ്ങളിൽ എസ്എഫ്‌ഐ പ്രവർത്തകരും കെഎസ്‌ടിഎ അധ്യാപകരും അണുനശീകരണത്തിനെത്തി. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സോഷ്യൽ മീഡിയവഴി നൽകി. സംശയനിവാരണത്തിന്‌ ജില്ലാതലത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ വാർ റൂം സജ്ജീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകൾ അടിയന്തരമായി വൃത്തിയാക്കുന്നതിനും കാടുകൾ വെട്ടിത്തെളിക്കാനും പ്രധാനാധ്യാപകരുടെ ആവശ്യപ്രകാരം തുക അനുവദിക്കുമെന്ന്‌ പ്രസിഡന്റ്‌ ഡോളി കുര്യാക്കോസ് അറിയിച്ചു.

പരീക്ഷാകേന്ദ്രങ്ങളിൽ സാനിറ്റൈസർ, സോപ്പ്, വെള്ളം എന്നിവ ഒരുക്കിയിട്ടുണ്ട്‌. സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള മാസ്കുകൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി വിതരണം ചെയ്യും. എല്ലാ വാർഡുകളിലും പരീക്ഷ എഴുതുന്ന എല്ലാ കുട്ടികൾക്കും മാസ്കുകൾ നൽകും. ജനപ്രതിനിധികൾ, ആശാ വർക്കർമാർ, സന്നദ്ധപ്രവർത്തകർ എന്നിവരാണ്‌ വിതരണം നടത്തുക. ഇതുകൂടാതെ സ്കൂളുകളിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പരീക്ഷാർഥികൾക്ക്‌ ആവശ്യമായ മാസ്കുകളും നിർമിച്ചിട്ടുണ്ട്‌. വിവിധ വിദ്യാർഥി സംഘടനകളും മാസ്ക്‌ നിർമിച്ച്‌ സ്കൂളുകളിൽ നൽകി.

പരീക്ഷാകേന്ദ്രങ്ങൾ ശുചീകരിച്ച്‌  എസ്‌എഫ്‌ഐ

കൊച്ചി
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുമുന്നോടിയായി ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങൾ ശുചീകരിച്ച്‌ എസ്‌എഫ്‌ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ പ്രധാന പരീക്ഷാകേന്ദ്രങ്ങൾ ശുചീകരിച്ചു. 20 ഏരിയ കേന്ദ്രങ്ങളിലും പ്രവർത്തകർ ശുചീകരണത്തിനിറങ്ങി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം എസ്ആർവി ഹയർ സെക്കൻഡറി സ്കൂളിൽ‌ ബാംബൂ കോർപറേഷൻ ചെയർമാൻ കെ ജെ ജേക്കബ് നിർവഹിച്ചു. സംവിധായകൻ സോഹൻ സീനുലാൽ, സിപിഐ എം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ, ഡിടിപിസി ബോർഡ്‌ അംഗം പി ആർ റെനീഷ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സോളമൻ സിജു എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി സി എസ് അമൽ, പ്രസിഡന്റ്‌ പി എം ആർഷോ എന്നിവർ ശുചീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗം എം നവ്യ, വൈസ് പ്രസിഡന്റുമാരായ എൻ എസ്‌ സൂരജ്, എം എസ്‌ അരുൺജി, സെക്രട്ടറിയറ്റ് അംഗങ്ങളായ പ്രജിത് കെ ബാബു, അർജുൻ ബാബു, രതു കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കവളങ്ങാട്ട്‌ ആന്റണി ജോൺ എംഎൽഎ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു.
പറവൂരിൽ കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ജെ ഷൈൻ, വൈപ്പിനിൽ എ പി പ്രിനിൽ, കാലടിയിൽ പി യു ജോമോൻ, ആലുവയിൽ രാജീവ് സഖറിയ എന്നിവർ ഉദ്‌ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി ജില്ലയിലെ 213 പരീക്ഷാകേന്ദ്രങ്ങൾ ശുചീകരിക്കുമെന്ന്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top