28 March Thursday

കേരളം പുതുചരിത്രം 
രചിക്കും: എസ്‌ ആർ പി

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021


തൃശൂർ
അഞ്ചുവർഷം കൂടുമ്പോഴുള്ള ഭരണമാറ്റമെന്ന പതിവ്‌ മാറ്റി നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം പുതുചരിത്രം രചിക്കുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള. കേന്ദ്രത്തിലെ വർഗീയ–- കോർപറേറ്റ്‌ കൂട്ടുകെട്ടിനെതിരെ ദേശീയതലത്തിൽ ഇടതു‌പക്ഷ ജനാധിപത്യ ബദൽ വളർന്നുവരാൻ കേരളത്തിൽ എൽഡിഎഫ്‌ വൻ വിജയം നേടണം. സാധാരണക്കാരുടെ ജനാധിപത്യ–-പൗരാവകാശങ്ങൾ സംരക്ഷിക്കുകയും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നത്‌‌ എൽഡിഎഫ്‌ സർക്കാരാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിച്ച വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എസ്‌ ആർ പി.

ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടുകൊണ്ടാണ്‌ സർക്കാർ പ്രവർത്തിച്ചത്‌.  കാർഷിക–-വ്യാവസായിക ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും  നിരവധി പരിഷ്‌കാരങ്ങൾ നടപ്പാക്കി. പ്രതിപക്ഷ രാഷ്‌ട്രീയ സഖ്യവും വലത്‌പക്ഷ മാധ്യമങ്ങളും എൽഡിഎഫിനെതിരെ കള്ള പ്രചാരണങ്ങളാണ്‌ നടത്തുന്നത്‌. എൽഡിഎഫിന്റെ വികസന സമീപനവും ജനക്ഷേമപ്രവർത്തനവും കള്ളപ്രചാരവേലയും തുറന്നുകാട്ടുന്നതിന്‌  വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ കഴിഞ്ഞു.

രാജ്യം കണ്ടിട്ടില്ലാത്ത വിധമുള്ള  കർഷക സമരമാണ്‌ ഡൽഹിയിൽ നടക്കുന്നത്‌. കോർപറേറ്റുകൾക്കുവേണ്ടി കൊണ്ടുവന്ന കർഷക ദ്രോഹനയങ്ങൾക്കെതിരായാണ്‌ സമരം‌. മോഡി സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം സമ്പന്നരായ കുട്ടികളെ‌ മാത്രം ലക്ഷ്യം വച്ചുള്ളതാണ്‌‌.  നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിന്റെയും ഡീസലിന്റെയും വില നിത്യേന വർധിച്ചുകൊണ്ടിരിക്കുന്നു. മഹാഭൂരിപക്ഷത്തിന്റെയും ജീവിത പ്രയാസങ്ങൾ വർധിച്ചു. ഐക്യരാഷ്‌ട്രസഭയുമായി ബന്ധപ്പെട്ട ഒരു സമിതി നടത്തിയ പഠനത്തിൽ വിശപ്പ്‌ അനുഭവിക്കുന്ന രാജ്യങ്ങളിൽ 94ാം സ്ഥാനത്താണ്‌ ഇന്ത്യ.
ജനവിരുദ്ധ നയങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാൻ  വർഗീയവികാരം ആളിക്കത്തിക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌. ഭൂരിപക്ഷവർഗീയത അടിച്ചേൽപ്പിക്കപ്പെടുന്നു‌.

പൗരാവകാശ ഭേദഗതി നിയമം ന്യൂനപക്ഷങ്ങൾക്ക്‌ എതിരാണ്‌. അയോധ്യയിൽ ക്ഷേത്രം പണിയുന്നതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തത്‌ ശരിയല്ല. ആർഎസ്‌എസുകാരാണ്‌ ബാബറി മസ്‌ജിദ്‌ തകർത്തത്‌. മോഡിയും യോഗി ആദിത്യനാഥും പിന്നെ ആർഎസ്‌എസ്‌ മേധാവിയും ചേർന്നാണ്‌ പള്ളി തകർത്ത സ്ഥലത്ത്‌ പണിയുന്ന രാമക്ഷേത്രത്തിന്‌ തറക്കല്ലിട്ടത്‌. രാജ്യത്തിന്റെ  മതനിരപേക്ഷ സ്വഭാവത്തെ അട്ടിമറിക്കുന്നതാണ്‌ ഈ നടപടിയെന്നും എസ്‌ ആർ പി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top