12 July Saturday

കേരളത്തിലെ ഇടതുമുന്നേറ്റം ലോകത്തിന്‌ പാഠം: എസ്‌ ആർ പി

പ്രത്യേക ലേഖകൻUpdated: Monday Jan 17, 2022


കണ്ണൂർ
കേരളത്തിലെ എൽഡിഎഫ്‌ ഭരണത്തെയും ഇടതുപക്ഷ മുന്നേറ്റത്തെയും ലോകത്താകെയുള്ള പുരോഗമന ശക്തികൾ ഉറ്റുനോക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു.  കേരളത്തിൽനിന്ന്‌ ലോകത്തിന്‌ ഒട്ടനവധി പാഠങ്ങൾ പഠിക്കാനുണ്ട്‌. ബൂർഷ്വാ ജനാധിപത്യ വ്യവസ്ഥിതിയിൽ തിരിച്ചടി നേരിടുമ്പോൾ മടങ്ങിവരാൻ ഏറെ പ്രയാസപ്പെടുന്നു. കേരളത്തിൽ സ്ഥിതി മറിച്ചാണ്‌. എന്തുകൊണ്ടാണ്‌ കേരളത്തിലെ ഈ അതിജീവനമെന്നത്‌ ലോകത്തിന്‌ പാഠമാണെന്നും  കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ  സിപിഐ എം 23–-ാം പാർടി  കോൺഗ്രസ്‌ സംഘാടകസമിതി രൂപീകരണയോഗം ഉദ്‌ഘാടനംചെയ്‌ത്‌ എസ്‌ ആർ പി പറഞ്ഞു.

സാമ്പത്തിക, സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക ജീവിതത്തിൽ  വിപ്ലവകരമായ മാറ്റമാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ പ്രവർത്തനങ്ങളിലൂടെ  കേരളത്തിൽ കൈവരിക്കാനായത്‌. കേരളത്തിൽ ഇപ്പോഴുണ്ടായ ഭരണത്തുടർച്ചയുടെ അടിസ്ഥാനവും ജനകീയബദൽ ഉയർത്തിപ്പിടിച്ചതാണ്‌. സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണ്‌. ഈ നേട്ടം കുറേക്കൂടി ഉയരത്തിലെത്തിക്കാൻ കഴിയണം. ഇതിന്‌ നമുക്കുമുന്നിൽ മാതൃക നാം മാത്രമാണ്‌.    

ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമേറിയ പാർടി കോൺഗ്രസാണ്‌ കണ്ണൂരിൽ നടക്കുന്നത്‌. മുതലാളിത്തം ആകെ പരാജയപ്പെട്ടിരിക്കുന്നു. ഇത്രയേറെ ശാസ്‌ത്ര–-സാങ്കേതിക പുരോഗതി ആർജിച്ചിട്ടും ജനകീയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുതലാളിത്ത രാഷ്‌ട്രങ്ങൾക്ക്‌ കഴിയുന്നില്ല. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യത്തിൽപോലും വീഴ്‌ചയാണ്‌ കണ്ടത്‌. രാജ്യത്ത്‌ മോദി ഭരണത്തെ പരാജയപ്പെടുത്തുകയെന്നത്‌ പ്രധാന കടമയാണ്‌. ഇതിന്‌ ഇടതുപക്ഷ പ്രസ്ഥാനം കൂടുതൽ കരുത്താർജിക്കണം. ഇക്കാര്യത്തിൽ കോൺഗ്രസ്‌ അമ്പേ പരാജയമാണ്‌.  

വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക ശക്തികൾ കൂടുതൽ കരുത്താർജിക്കുകയാണ്‌. അവർ മോദിക്കെതിരായ നിലപാട്‌ സ്വീകരിക്കുന്നവരാണ്‌.  ഇത്തരം ശക്തികളെ കൂട്ടിയോജിപ്പിച്ച്‌ മോദി സർക്കാരിനെ പരാജയപ്പെടുത്താൻ കഴിയണമെന്നും എസ്‌ ആർ പി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top