20 April Saturday

ബിജെപി സർവാധിപത്യം; രക്ഷിക്കാൻ കോൺഗ്രസിനാകില്ല: എസ്‌ ആർ പി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022


കോട്ടയം
രാജ്യത്ത്‌ ബിജെപിയുടെ സർവാധിപത്യമാണെന്നും ആഭ്യന്തര ജനാധിപത്യമില്ലാത്ത കോൺഗ്രസിന്‌ ഇന്ത്യയെ രക്ഷിക്കാനാവില്ലെന്നും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പറഞ്ഞു. സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുജനാധിപത്യ ശക്തികൾ കരുത്താർജിച്ചാൽ മാത്രമേ മോദിയുടെ അമിതാധികാരവാഴ്ച തടയാനാവൂ.

കോൺഗ്രസിൽ സോണിയാഗാന്ധി, രാഹുൽ, പ്രിയങ്ക ത്രയമാണ്‌ തീരുമാനങ്ങളെടുക്കുന്നത്‌. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കോൺഗ്രസ്‌ അപ്രസക്തമായി. ബിജെപിയെ എതിർക്കാൻ ശേഷിയില്ലെന്ന്‌ അവരുടെ പ്രമുഖ നേതാക്കൾ തന്നെ വെളിപ്പെടുത്തുന്നു. ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പ്രാദേശിക പാർടികളെ യോജിപ്പിച്ച്‌ മോദിഭരണത്തിന്‌ തടയിടാം. അതിന്‌ വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന കാഴ്‌ചപ്പാടാണ്‌ സിപിഐ എമ്മിനുള്ളത്‌. രാജ്യത്തുയർന്ന സമരങ്ങളുടെ വിജയം കൂടുതൽ ആത്മവിശ്വാസം പകരുന്നു.

വർഗീയ കോർപറേറ്റ്‌ കൂട്ടുകെട്ടിന്റെ അമിതാധികാരഭരണം രാജ്യത്ത്‌ ശക്തിപ്പെട്ടു. സർക്കാർ ഏജൻസികളിലും ജുഡീഷ്യറിയിലും ജനങ്ങൾക്ക്‌ വിശ്വാസമില്ലാതായി. സർക്കാരിന്‌ താൽപര്യമില്ലാത്ത വിഷയങ്ങൾ സുപ്രീംകോടതി പരിഗണിക്കുന്നില്ല. ജനങ്ങളുടെ സ്വകാര്യതയെയും മോദി സർക്കാർ കടന്നാക്രമിക്കുന്നു. ഫെഡറൽ സംവിധാനം അട്ടിമറിച്ച്‌ സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു. 

ഹിന്ദുരാഷ്‌ട്രത്തിനാണ്‌ ആർഎസ്‌എസ്‌ നയിക്കുന്ന ബിജെപി ഭരണം ലക്ഷ്യമിടുന്നത്‌. ഹിന്ദുക്കളുടെ രാജ്യമാണ്‌ ഇന്ത്യയെന്ന രാഹുലിന്റെയും പ്രിയങ്കയുടെയും പ്രഖ്യാപനം മതനിരപേക്ഷ മൂല്യങ്ങൾക്ക്‌ കളങ്കമാണ്‌. കേരളത്തിൽ സമസ്‌ത മേഖലകളിലും വിപ്ലവകരമായ മുന്നേറ്റം കൈവരിക്കാനായി. പശ്‌ചാത്തല സൗകര്യം ഒരുക്കി സംസ്ഥാനത്തെ കൂടുതൽ മുന്നോട്ടുനയിക്കുന്ന പദ്ധതികളാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നത്‌. രാജ്യത്തിന്‌ കേരളം മാതൃക സൃഷ്ടിക്കുകയാണെന്നും എസ്‌ ആർ പി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top