19 April Friday

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി 
കോഴ്‌സുകൾക്ക്‌ യുജിസി അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022


കൊല്ലം
വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക്‌ യുജിസി അംഗീകാരം. യുജിസിയുടെ കീഴിലുള്ള ഡിസ്റ്റൻസ്‌ എഡ്യൂക്കേഷൻ ബ്യൂറോ (ഡിഇബി) അഞ്ച്‌ ബിരുദം,  രണ്ടു  ബിരുദാനന്തര ബിരുദം ഉൾപ്പെടെ ഏഴ്‌ കോഴ്‌സിനാണ്‌ അംഗീകാരം നൽകിയത്‌.

ബിഎ ഇംഗ്ലീഷ്‌, മലയാളം, ഹിന്ദി, സംസ്‌കൃതം, അറബിക്‌ എന്നിവയാണ്‌ അംഗീകാരം ലഭിച്ച ബിരുദകോഴ്‌സുകൾ. ഇംഗ്ലീഷ്‌, മലയാളം ബിരുദാനന്തര കോഴ്‌സുകൾക്കും അംഗീകാരം ലഭിച്ചു. 12 ബിരുദ കോഴ്‌സും അഞ്ച്‌ ബിരുദാനന്തര കോഴ്‌സും നടത്താൻ ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക്‌ സംസ്ഥാന സർക്കാർ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ നാല്‌ പഠന സ്‌കൂൾ മേധാവികളിൽ രണ്ടുപേർ ജോലിയിൽ പ്രവേശിക്കാതിരുന്നതാണ്‌ 10 കോഴ്‌സിന്‌ അംഗീകാരം വൈകുന്നത്‌.  നിയമന നടപടി പൂർത്തിയാക്കി അപ്പീൽ നൽകുന്നതോടെ ബാക്കി കോഴ്‌സുകൾക്കും അംഗീകാരമാകും. ഓപ്പൺ യുണിവേഴ്‌സിറ്റി നടത്തുന്നത്‌ കൂടാതെയുള്ള വിഷയങ്ങൾ ഇക്കൊല്ലം മറ്റു സർവകലാശാലകൾക്കു നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു.

റഗുലർ കോഴ്‌സുകളുടെ നടപടി പൂർത്തിയാക്കിയശേഷം മാത്രമേ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളുടെ പ്രവേശന നടപടി ആരംഭിക്കൂ. കഴിഞ്ഞ വർഷം ഡിസംബർ 15നായിരുന്നു ഈ നടപടികൾ സർവകലാശാലകൾ പൂർത്തിയാക്കിയത്‌.  ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി 132 ക്രെഡിറ്റോടെയുള്ള  ബിരുദ കോഴ്‌സുകൾ സിംഗിൾ മേജർ ക്രമത്തിലാണ്‌ നടത്തുന്നത്‌.  300 സർവകലാശാല–- കോളേജ്‌ അധ്യാപകർ പങ്കെടുത്ത  ശിൽപ്പശാലകളിലൂടെ  കരിക്കുലവും സിലബസും പ്രോഗ്രാം പ്രൊജക്ട്‌ റിപ്പോർട്ടുകളും തയ്യാറാക്കി. ഓപ്പൺ സർവകലാശാല വികസിപ്പിച്ച രൂപരേഖയുടെ  അടിസ്ഥാനത്തിൽ  സ്വയംപഠന വസ്‌തുക്കളുടെ  നിർമാണം പൂർത്തിയായി. സ്വയംപഠന വസ്‌തുക്കൾ പുസ്‌തകരൂപത്തിലും ഓൺലൈനായും വെർച്വൽ വിദ്യാഭ്യാസ മാതൃകയിലും നൽകും. സംസ്ഥാനത്ത്‌ അമ്പതിൽപ്പരം ലേണിങ്  സെന്ററുകൾ സജ്ജമായിട്ടുണ്ട്‌. സർവകലാശാലാ ആസ്ഥാനത്തിനു പുറമെ എറണാകുളം, പട്ടാമ്പി, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. 

എല്ലാ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും ഇത്തവണ  മറ്റു സർവകലാശാലകൾക്കും നടത്താൻ  അനുവദിക്കണമെന്ന ഹർജിയും ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ്‌ ചാൻസലറുടെ നിയമനത്തിനെതിരായ ഹർജിയും ഹൈക്കോടതി വ്യാഴാഴ്‌ച പരിഗണിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top