20 April Saturday

‘ജീവിതത്തിലെ അവസാന കച്ചിത്തുരുമ്പായിരുന്നു ഈ ജോലി, ഒരുമാസമായി അനുഭവിച്ച ടെൻഷൻ മാറി ’ ; ശ്രീജ സർക്കാർ സർവീസിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

മല്ലപ്പള്ളി സ്വദേശിനി എസ് ശ്രീജ മുട്ടമ്പലം പിഎസ് സി ഓഫീസിലെത്തി നിയമന ശുപാർശ കൈപ്പറ്റി പുറത്തിറങ്ങിയപ്പോൾ. ഭർത്താവ് ആർ സുരേഷ് സമീപം


കോട്ടയം
‘ജീവിതത്തിലെ അവസാന കച്ചിത്തുരുമ്പായിരുന്നു ഈ ജോലി, പരീക്ഷ എഴുതാനുള്ള പ്രായവും കഴിഞ്ഞു. ഒരുമാസമായി അനുഭവിച്ച ടെൻഷൻ മാറി ’–- ആനന്ദക്കണ്ണീരോടെ എസ്‌ ശ്രീജ പറഞ്ഞു. മറ്റൊരാൾ വ്യാജ സമ്മതപത്രം നൽകിയതിലൂടെ സർക്കാർ ജോലി നഷ്ടപ്പെട്ട പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങൽ ചെറിയമുകളേൽ ശ്രീജ ഭർത്താവുമൊത്ത്‌ വെള്ളി പകൽ 12ന്‌ പിഎസ്‌സി ഓഫീസിലെത്തി നിയമന ശുപാർശ കൈപ്പറ്റി. സിവിൽ സപ്ലൈസ്‌ കോർപറേഷനിലെ അസി. സെയിൽസ്‌മാൻ റാങ്ക്‌ ലിസ്‌റ്റിലാണ്‌ ഉൾപ്പെട്ടിരുന്നത്‌. കോർപറേഷനിൽനിന്ന്‌ നിയമന ഉത്തരവ്‌ ലഭിക്കുന്നതോടെ ശ്രീജ ജോലിയിൽ പ്രവേശിക്കും. 

ഇതേ പരീക്ഷ എഴുതിയ കൊല്ലത്തെ റവന്യു ഉദ്യോഗസ്ഥ എസ്‌ ശ്രീജയുടെ ജനന തീയതിയും രജിസ്‌റ്റർ നമ്പറും ഉപയോഗിച്ചാണ്‌ ‘വ്യാജ’ സമ്മതപത്രം നൽകിയത്‌. റാങ്ക്‌ ലിസ്‌റ്റിലുള്ള ചില ഉദ്യോഗാർഥികളായിരുന്നു ഇതിന്‌ പിന്നിൽ. മറ്റൊരാൾക്ക്‌ ജോലി കിട്ടട്ടെ എന്ന്‌ കരുതി താനാണെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ സമ്മതപത്രം ഒപ്പിട്ട്‌ നൽകിയതെന്നായിരുന്നു മൊഴി. പിഎസ്‌സിയും പൊലീസും നടത്തിയ അന്വേഷണത്തിൽ എസ്‌ ശ്രീജയുടെ പരാതി ശരിയെന്ന്‌ തെളിഞ്ഞു. തുടർന്നാണ്‌ പിഎസ്‌സി നിയമനം നൽകിയത്‌.

ആർ സുരേഷാണ്‌ ശ്രീജയുടെ ഭർത്താവ്‌. പ്ലസ്‌ടു കഴിഞ്ഞ ദേവിക സുരേഷ്‌, ഏഴാം ക്ലാസുകാരൻ യദു കൃഷ്‌ണൻ എന്നിവർ മക്കളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top