23 April Tuesday

മഹാകവിയായ യോഗിവര്യന്‍; ഗുരുവിന്റെ പ്രധാന ദൗത്യം ജാതി ഉന്മൂലനം: മുഖമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2022

'ഗുരുവിനു സമാനനായി ഗുരു മാത്രമേയുള്ളൂ. ഇക്കാര്യം മഹാകവി കുമാരനാശാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എന്താ പറഞ്ഞത്? ഇങ്ങനെ മറ്റൊരു സന്യാസിയില്ല. ഗൃഹസ്ഥാശ്രമികളില്ല. വാനപ്രസ്ഥക്കാരില്ല. ഗുരുവിനെപ്പോലെ ഗുരു മാത്രം. അതാണ് ഗുരുവിന്റെ ശിഷ്യന്‍ തന്നെയായ ആശാന്‍ പറഞ്ഞത്. നമ്മുടെ മനസ്സും അതുതന്നെ പറയുന്നു'


168-ാമത് ഗുരുജയന്തിയുടെ ഭാഗമായി ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തില്‍ നടന്ന സമ്മേളനം  ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം


ശ്രീനാരായണ ഗുരുവിന്റെ ജയന്തിദിനമാണിന്ന്. ജനിച്ച് ഒന്നര നൂറ്റാണ്ട് കഴിഞ്ഞ ശേഷവും ജീവിതഘട്ടത്തിലുണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍  ആളുകളുടെ മനസ്സില്‍  ജീവിക്കാന്‍ കഴിയുക എന്നത് അളവില്ലാത്ത മഹത്വമുള്ളവര്‍ക്കു മാത്രം സാധ്യമാവുന്ന കാര്യമാണ്.ഗുരുവിന്റെ മഹത്വം അദ്ദേഹം ജീവിച്ച നൂറ്റാണ്ടിനെ കടന്ന് അടുത്ത നൂറ്റാണ്ടുകളിലേക്ക്, അദ്ദേഹം ജീവിച്ച സഹസ്രാബ്ദത്തെ കടന്ന്, പുതു സഹസ്രാബ്ദ ഘട്ടങ്ങളിലേക്ക്, അദ്ദേഹം ജീവിച്ച നാടിനെ കടന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് പടരുകയാണ്. അതിന്റെ സ്ഥിരീകരണമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നു നാം കാണുന്നത്.

ശ്രീനാരായണ ഗുരു ജനിച്ച മണ്ണാണിത്. ഇവിടേക്കു വരിക എന്നത് പുരോഗമന ചിന്തയുള്‍ക്കൊള്ളുന്ന ഏതൊരാള്‍ക്കും മഹത്വപൂര്‍ണമായ ഒരു അനുഭവമാണ്. അതുകൊണ്ടു തന്നെയാണ് ഇവിടേക്കുള്ള ക്ഷണം ഉണ്ടാകുമ്പോഴൊക്കെ, എത്ര തിരക്കുണ്ടായാലും അതൊക്കെ മാറ്റിവച്ച് ഇവിടേക്ക് എത്തുന്നത്. സത്യത്തില്‍  ക്ഷണം ആവശ്യമേയില്ല എനിക്ക് ഇവിടെ വരാന്‍. ഇവിടേക്കു വരിക എന്നത് നിങ്ങളുടെ ആവശ്യമല്ല. എന്റെ ആവശ്യം തന്നെയാണ്. അങ്ങനെയാണ് ഞാന്‍ ഈ നാട്ടിലേക്കുള്ള സന്ദര്‍ശനത്തെ കാണുന്നത്.

ഗുരുവിനു സമാനനായി ഗുരു മാത്രമേയുള്ളൂ. ഇക്കാര്യം മഹാകവി കുമാരനാശാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എന്താ പറഞ്ഞത്? ഇങ്ങനെ മറ്റൊരു സന്യാസിയില്ല. ഗൃഹസ്ഥാശ്രമികളില്ല. വാനപ്രസ്ഥക്കാരില്ല. ഗുരുവിനെപ്പോലെ ഗുരു മാത്രം. അതാണ് ഗുരുവിന്റെ ശിഷ്യന്‍ തന്നെയായ ആശാന്‍ പറഞ്ഞത്. നമ്മുടെ മനസ്സും അതുതന്നെ പറയുന്നു.ശ്രീനാരായണ ഗുരുവും വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറും കണ്ടുമുട്ടിയതിന്റെ ശതാബ്ദി വര്‍ഷം കൂടിയാണിത്. നിര്‍ഭയമായ മനസ്സുള്ളിടത്തു മാത്രമേ ശിരസ്സുകള്‍ ഉയര്‍ത്തിപ്പിടിക്കാനാവൂ എന്ന് എഴുതിയ കവിയും ഭേദചിന്തകളുണ്ടാക്കുന്ന ഭയത്തെ സമൂഹത്തില്‍നിന്നും തുടച്ചുനീക്കാന്‍ യത്‌നിച്ച ഗുരുവും തമ്മില്‍  കണ്ടുമുട്ടിയ സന്ദര്‍ഭത്തിന്റെ ശതാബ്ദി.

കണ്ണുകളുണ്ടായിട്ടും കാണാതിരിക്കുകയും കാതുകളുണ്ടായിട്ടും കേള്‍ക്കാതിരിക്കുകയും ചെയ്യുന്ന സമൂഹത്തെക്കുറിച്ചുള്ള ആശങ്കകളാണ് അന്നവര്‍ പങ്കുവച്ചത്. അതുകഴിഞ്ഞ് ഒരു നൂറ്റാണ്ടു പിന്നിടുമ്പോഴും ആ കൂടിക്കാഴ്ചയില്‍  ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ പ്രസക്തമാണ്. അതുതന്നെയാണ് ആ ശതാബ്ദിയുടെ പ്രാധാന്യവും. ഒരു സങ്കല്‍പ്പമുണ്ട്. വെളിച്ചം പകര്‍ന്നുതരുന്നിടത്തോളം മാത്രമേ ഏത് ആശയത്തെയും പൂജിക്കേണ്ടതുള്ളൂ. ആശയം മങ്ങിക്കെട്ട്, കാലാന്തരത്തില്‍  ഇരുള്‍ പടര്‍ത്തുന്ന നില വരാം. ആ ഘട്ടത്തില്‍  ആ ആശയത്തെ കൈയൊഴിയുകയും പുതിയ ആശയത്തെ തേടുകയും വേണമെന്നതാണ് ആ സങ്കല്‍പ്പം. ഇത് ലോകത്തുദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന പല ആശയങ്ങള്‍ക്കും ബാധകമാകാം. എന്നാല്‍ ഗുരുവിന്റെ ആശയത്തിന് ഇതു ബാധകമല്ല. ഗുരുവിന്റെ തത്വങ്ങള്‍, ചിന്തകള്‍, ആശയങ്ങള്‍ ഒക്കെ സദാ വെളിച്ചം പടര്‍ത്തിക്കൊണ്ടേയിരിക്കുന്നു.


 
നമ്മുടെയെന്നല്ല, ലോകത്തിന്റെ ഏതുഭാഗത്തെ ഇരുളിലും അതു വെളിച്ചമായി കത്തിപ്പടര്‍ന്നു നിക്കുന്നു. അതുകൊണ്ടുതന്നെ എക്കാലത്തും നിലനില്‍പ്പുള്ള ആശയങ്ങളായി ഈ ചിന്തകള്‍ അനശ്വരതയാര്‍ജിക്കുന്നു. ഒപ്പംതന്നെ ഗുരുസ്മരണയും അനശ്വരതയാര്‍ജ്ജിക്കുന്നു. ഇരുളിന്റെ സ്പര്‍ശമേല്‍ക്കാത്ത സൂര്യവെളിച്ചം എന്നു പറയണം ഗുരുവിനെയും ഗുരുവിന്റെ ആശയങ്ങളെയും. അതുകൊണ്ടുതന്നെ ഒരിക്കലും കാലഹരണപ്പെടാത്തതും എല്ലാക്കാലത്തും വെളിച്ചം പകരുന്നതുമായി നില്‍ക്കും ഗുരുചിന്തകള്‍.

ആ സത്യത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് ചെമ്പഴന്തിയിലേക്കും ശിവഗിരിയിലേക്കുമൊക്കെ കൂടുതല്‍  കൂടുതല്‍  പേരെ ആകര്‍ഷിക്കുന്നത്. ഇരു കേന്ദ്രങ്ങളിലും നടക്കുന്നത് മനുഷ്യത്വത്തിലേക്കുള്ള തീര്‍ത്ഥാടനമാണ്. നരനും നരനും തമ്മില്‍ ഭേദമില്ലാതെയാവണം എന്നും, അതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ വഴികളിലുണ്ടാവുന്ന വിഘ്‌നങ്ങള്‍ ഇല്ലാതെയാവണമെന്നും ചിന്തിച്ചു ഗുരു. മനുഷ്യന് ഒരു ജാതിയേയുള്ളൂ; അത് മനുഷ്യത്വമാണ് എന്നു പഠിപ്പിച്ചു ഗുരു. മൃഗത്തിനു മൃഗത്വം ജാതി. മനുഷ്യനു മനുഷ്യത്വം ജാതി. ഇതിനപ്പുറം ഒരു ജാതിവേര്‍തിരിവില്ല എന്ന് ഉത്‌ബോധിപ്പിച്ചു.

ജാതിഭേദവും മതദ്വേഷവും ഇല്ലാത്തതും സര്‍വജനങ്ങളും സോദരരായി കഴിയുന്നതുമായ ഒരു ഇടത്തെ, ഒരു കാലത്തെ, ഒരു ലോകത്തെ ഗുരു സങ്കല്‍പ്പിച്ചു. എല്ലാവരുമേകോദര സഹോദരരാണെന്ന് അദ്ദേഹം പറഞ്ഞു. എത്ര മനോഹരമാണ് ആ ചിന്തകള്‍!ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി വംശത്തിന്റെ പേരിലടക്കം, മതങ്ങളുടെ പേരിലടക്കം എത്ര വലിയ രക്തച്ചൊരിച്ചിലാണു നടക്കുന്നത്! ലോകചരിത്രമാകെ എടുത്താല്‍, ഇതര കാരണങ്ങളാലുണ്ടായതിനേക്കാള്‍ വലിയ രക്തച്ചൊരിച്ചിലാണ്, മതസ്പര്‍ദ്ധയുടെയും, വംശവിദ്വേഷത്തിന്റെയും പേരില്‍ ഉണ്ടായത് എന്നു കാണാം. ഈ വിദ്വേഷങ്ങള്‍ക്കെതിരായ ഒറ്റമൂലി എവിടെയുണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം, ഗുരുചിന്തയിലുണ്ട് എന്നതാണ്. എല്ലാവരും ആത്മസഹോദരര്‍ എന്ന ഗുരുവാക്യത്തിന്റെ സത്തയുള്‍ക്കൊണ്ടു കഴിഞ്ഞാല്‍ പിന്നെ എവിടെയാണ് ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ പേരിലുള്ള സംഘര്‍ഷത്തിനും കൂട്ടക്കൊലയ്ക്കും ഇടം? ഇടമില്ല തന്നെ.

 അതുകൊണ്ട് ലോകമാകെ പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട് ഗുരുവിന്റെ മഹത്തായ മനുഷ്യത്വ സന്ദേശം.മനുഷ്യത്വം പാടേ അസ്തമിച്ച ഒരു ചരിത്രഘട്ടത്തില്‍, എല്ലാം മനുഷ്യവിരുദ്ധമായ ഘട്ടത്തില്‍ , ഉയര്‍ന്നുവന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണു ശ്രീനാരായണ ഗുരു.

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവര്‍
എന്ന നിലയില്‍  വലിയ വിഭാഗം ജനങ്ങളെ ഇരുട്ടിലാഴ്ത്തിവെച്ച കാലം. ആ കാലത്ത് അദ്ദേഹം എന്താണു ചെയ്തത്? സമൂഹത്തെയും ജീവിതത്തെയും മനുഷ്യത്വവത്ക്കരിക്കുകയാണ് ചെയ്തത്. ആ പ്രക്രിയയിലാണ് ഈ കേരളം മനുഷ്യര്‍ക്കു ജീവിക്കാന്‍ കൊള്ളാവുന്ന ഇടമായി മാറിയത്. ഗുരുവിന്റെ ആ ഇടപെടല്‍  സമൂഹത്തിലാകെ ചലനങ്ങളുണ്ടാക്കി. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ഇ എം എസ്സും വി ടി യും ഒക്കെ ഇറങ്ങിപ്പുറപ്പെട്ടത് അതില്‍  പ്രചോദിതരായാണ്. മന്നത്തു പത്മനാഭന്‍ എന്‍ എസ് എസ് രൂപീകരിക്കുന്നതും അതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ്.
 
പ്രതിബന്ധങ്ങളെ, പ്രതികൂല ഘടകങ്ങളെ തരണം ചെയ്തു മുമ്പേ നടക്കാന്‍, ഗുരുവുണ്ടായതുകൊണ്ടു കൂടിയാണ് അയ്യന്‍കാളിയുടെയും അയ്യാ വൈകുണ്ഠന്റെയും മുതല്‍ തങ്ങളുടെയും പൊയ്കയില്‍  കുമാര ഗുരുവിന്റെയും ഒക്കെ സംരംഭങ്ങളും പ്രസ്ഥാനങ്ങളും ഉണ്ടായത്. ആ അര്‍ത്ഥത്തിലാണ് ഗുരു ചരിത്രത്തത്തിനു വഴികാട്ടിയാവുന്നത്.

സന്ദേശം കൊണ്ടുമാത്രമല്ല, പ്രവൃത്തികൊണ്ടും ഗുരു വഴികാട്ടി. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ കേരളചരിത്രത്തിലെ മഹാ സംഭവമായി. ജാതിവ്യവസ്ഥയുടെ ഘടനയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്ന സാമൂഹിക നടപടിയായി. ജാതിവ്യവസ്ഥയുടെ പല്ലും നഖവും കൊഴിച്ച പില്‍ക്കാലത്തെ കാര്‍ഷികബന്ധ - ഭൂപരിഷ്‌ക്കരണ നിയമനടപടികള്‍ ഭരണരംഗത്തുണ്ടായതില്‍ പ്പോലും അതിന്റെ സ്വാധീനം കാണാം. അയിത്ത നിരോധന പ്രസ്ഥാനത്തിന്റെയും പൗരസമത്വ ബോധത്തിന്റെയും വൈക്കം - ഗുരുവായൂര്‍ - പാലിയം സത്യഗ്രഹങ്ങളുടെയുമെല്ലാം ഊര്‍ജ്ജകണങ്ങള്‍ ആ പ്രതിഷ്ഠാ നടപടിയിലുണ്ടെന്നു സാമൂഹ്യ ചരിത്രം പഠിക്കുന്നവര്‍ക്കു കാണാന്‍ വിഷമമില്ല.

വലിയ ഒരു സാമൂഹ്യ നവോത്ഥാന പോരാട്ട പ്രസ്ഥാനത്തിന്റെ ആരംഭമായിരുന്നു അത്. അതുകൊണ്ടാണ് വി ടി ഭട്ടതിരിപ്പാട്, ഗുരുവിന്റെ ജീവിതാനുഭവങ്ങള്‍ ഓരോ കേരളീയ കുടുംബത്തിലേയും കെടാവിളക്കായി പ്രശോഭിക്കണം എന്നു പിന്നീട് രേഖപ്പെടുത്തിവെച്ചത്.

ഗുരുവിന്റെ സന്ദേശങ്ങളും പ്രവൃത്തികളും കേരളീയ ചിന്താമണ്ഡലങ്ങളില്‍  മാത്രമല്ല അലയൊലികള്‍ പടര്‍ത്തിയത്. ജാതിരഹിതമായ ഒരു സമ്പ്രദായം സൃഷ്ടിക്കാന്‍, ഹൃദയത്തിന്റെയും മനസ്സിന്റെയും മാര്‍ഗ്ഗം കണ്ടെത്തിയ മഹാനാണു ശ്രീനാരായണ ഗുരു എന്നാണ് ജവഹര്‍ലാല്‍  നെഹ്‌റു പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റേത് ഒരു ജനതയുടെ സാമൂഹ്യവശങ്ങളെപ്പറ്റി സജീവമായ അവബോധം പുലര്‍ത്തുന്ന ധൈഷണിക മതമാണ് എന്നാണ് റൊമൈന്‍ റോളാങ്ങ് പറഞ്ഞത്.


ഗുരു ജീവിച്ചിരുന്ന ഘട്ടത്തില്‍ തന്നെ ഗുരുവിന്റെ സന്ദേശം ദേശത്തിന്റെയും രാജ്യത്തിന്റെയും അതിരുകള്‍ കടന്നുപോയി എന്നാണിതു വ്യക്തമാക്കുന്നത്. എന്നാല്‍  പില്‍ക്കാലത്ത് ആ സന്ദേശം ആ വിധത്തില്‍  ലോകത്താകെ പ്രചരിപ്പിക്കുന്നതിനു നമുക്കു കഴിഞ്ഞിട്ടുണ്ടോ? ഇക്കാര്യം വിമര്‍ശനാത്മകമായി പരിശോധിക്കണം.

ശ്രീനാരായണ ഗുരുവിനെക്കാള്‍ മഹത്വമുള്ള മറ്റൊരു ഗുരുവിനെ താന്‍ ഇന്നോളം കണ്ടിട്ടില്ല എന്നാണ് പല മഹര്‍ഷിമാരെയും സന്യാസിവര്യന്മാരെയും കണ്ടിട്ടുള്ള മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പറഞ്ഞത്. ഇവരെയൊക്കെ ഇത്രമേല്‍ പ്രചോദിപ്പിച്ച, വിസ്മയിപ്പിച്ച നമ്മുടെ ഗുരുവിന്റെ മഹത്വം നമുക്കു വേണ്ടപോലെ മനസ്സിലാക്കാനും മനസ്സിലാക്കിക്കൊടുക്കാനും കഴിയുന്നില്ലെങ്കില്‍  അതാണ് ഗുരുവിനോടുള്ള അനാദരവ്. ഈ ചിന്തയുള്ളതുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കല്‍ മുതല്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കല്‍  വരെയുള്ള കര്‍മ്മപരിപാടികളുമായി മുമ്പോട്ടുപോകുന്നത് എന്ന് സന്ദര്‍ഭവശാല്‍  അറിയിക്കട്ടെ. ശ്രീനാരായണ ഗുരു യോഗിവര്യന്‍ മാത്രമല്ല, മഹാകവി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കാവ്യകൃതികളെക്കുറിച്ചുള്ള പഠനഗവേഷണങ്ങളെ സര്‍വകലാശാലാ തലങ്ങളില്‍  പ്രോത്സാഹിപ്പിക്കാന്‍ വേണ്ടതു ചെയ്യുമെന്നു കൂടി അറിയിക്കട്ടെ.

ജാതിയെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു ഗുരുവിന്റെ പ്രധാന ദൗത്യം. ജാതി ഇല്ലായ്മ ചെയ്യുക എന്നതിനര്‍ത്ഥം ജാതികളെ പരസ്പരം ശത്രുതയിലാക്കി ചില ജാതികളെ ഇല്ലായ്മ ചെയ്യുക എന്നതല്ല. എല്ലാ ജാതി വേര്‍തിരിവുകളും അവസാനിപ്പിച്ചുകൊണ്ട് മനുഷ്യത്വം സ്ഥാപിക്കുക എന്നതാണത്. ആ അര്‍ത്ഥത്തില്‍  വേണം അതിനെ നോക്കിക്കാണാന്‍. ഗുരുവിന്റെ കാലത്തു ജാതി മാത്രമാണുണ്ടായിരുന്നതെങ്കില്‍ പുരോഗമനത്തിന്റെതെന്നു നാം അവകാശപ്പെടുന്ന പുതിയ കാലത്തു ജാതിക്കൊപ്പം ജാതീയത കൂടിയുണ്ടാവുന്നു. എന്താണു ജാതീയത? ജാതിയുടെ രാഷ്ട്രീയവല്‍ക്കരണമാണത്. അധികാരവും സമ്പത്തും പങ്കിട്ടെടുക്കാന്‍, അതിന്റെ ഓഹരി വാങ്ങിയെടുക്കാന്‍, അതു കൂട്ടിക്കിട്ടാന്‍ ഒക്കെ ജാതിബോധം വളര്‍ത്തലാണത്. ഇത്തരം വിപത്തുകളെ ചെറുക്കാന്‍ കൂടിയാണ് ശ്രീനാരായണ ഗുരുവിന്റെ ജാതി ഉന്മൂലനത്തെ ശരിയായ അര്‍ത്ഥത്തില്‍  മനസ്സിലാക്കണം എന്നു പറയുന്നത്.

ജാതി ഉന്മൂലനം എന്നതു നവോത്ഥാന പ്രസ്ഥാനം പൂര്‍ത്തിയാക്കാതെ ബാക്കിവെച്ചുപോയ ഒരു കാര്യമായി മാത്രമല്ല കാണേണ്ടത്. ദേശീയതലത്തിലുള്ള വര്‍ഗീയതയുടെ രാഷ്ട്രീയം മുതല്‍  അന്താരാഷ്ട്ര തലത്തിലുള്ള സാമ്രാജ്യത്വത്തിന്റെ രാഷ്ട്രീയം വരെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നത് കാണണം. ആ പശ്ചാത്തലത്തില്‍  വേണം ജാതിയുടെ ജാതീയതയിലേക്കുള്ള മാറ്റത്തെ കാണേണ്ടത്. അവിടെയാണ് ഗുരുവിന്റെ ആഗോളപ്രസക്തി.

ആചാരങ്ങള്‍ കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും മാത്രം സന്യാസിയായിത്തീര്‍ന്ന ഒരാളല്ല ശ്രീനാരായണ ഗുരു. സാമൂഹിക മുന്നേറ്റത്തിന് പ്രായോഗികമായ ആശയങ്ങള്‍ സംഭാവന ചെയ്യുകയും അത് പ്രവൃത്തിപഥത്തില്‍  എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളാണ് അദ്ദേഹം. അനാചാരങ്ങളെ എതിര്‍ത്ത ഗുരുവാണ് അദ്ദേഹം. ദേവാലയങ്ങളല്ല, വിദ്യാലയങ്ങളാണ് കേരള സമൂഹത്തിനു വേണ്ടതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്ന തരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ ജനാധിപത്യവല്‍ ക്കരിക്കാനായി അദ്ദേഹം നിലകൊണ്ടു.

ആ ആശയം തന്നെയാണല്ലൊ 1957   അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുതല്‍ 2016   അധികാരത്തില്‍  വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വരെയുള്ള പുരോഗമന സര്‍ക്കാരുകള്‍ നടപ്പാക്കിയത്; ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ നടപ്പാക്കുന്നതും. 1957   വിദ്യാഭ്യാസ ബില്ലിലൂടെ തുടക്കമിട്ട, അറിവിനെ ജനാധിപത്യവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ പൊതുവിദ്യാഭ്യാസ യജ്ഞവും കടന്ന് വിദ്യാകിരണംപദ്ധതി വരെ എത്തിനില്‍ക്കുന്നു.

പൊതുവിദ്യാഭ്യാസ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങള്‍ക്ക് ആനുപാതികമായി ഉന്നതവിദ്യാഭ്യാസ രംഗത്തെയും മികവുറ്റതാക്കാനുള്ള  ശ്രമങ്ങളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും ബോധന സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നും സിലബസ് പരിഷ്‌ക്കരണം കൊണ്ടുവന്നുമെല്ലാം ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കു വിധേയമാക്കുകയാണ്. ഇതിന്റെയൊക്കെ ഫലമായാണ് കേരള സര്‍വകലാശാലയ്ക്ക് എ പ്ലസ് പ്ലസ് ഗ്രേഡ് ലഭ്യമായതും എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍  കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആദ്യ നൂറില്‍  ഇടംപിടിച്ചതുമൊക്കെ. അതായത്, ഗുരു ആശയപരമായി മാത്രമല്ല പ്രവൃത്തിപഥത്തിലും നമ്മെ നയിക്കുകയാണ്. അത് ഉറപ്പാക്കുന്ന സാഹചര്യം നിലനില്‍ക്കാന്‍ ഈ സര്‍ക്കാര്‍ എല്ലാവിധത്തിലും ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നര്‍ത്ഥം.   

ഒരു സമൂഹത്തിന്റെ വികാസത്തിന് വിദ്യാഭ്യാസരംഗത്തെ മുന്നേറ്റം മാത്രം മതിയാകില്ലായെന്നും വ്യാവസായിക മുന്നേറ്റം കൂടി അനിവാര്യമാണെന്നും തിരിച്ചറിഞ്ഞ മഹത് വ്യക്തിത്വമാണ് ശ്രീനാരായണ ഗുരു. 1905ല്‍ കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം സംഘടിപ്പിച്ച് വ്യാവസായികവും കാര്‍ഷികവുമായ മുന്നേറ്റത്തിന്റെ ആവശ്യകത പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനുള്ള ഉദ്യമം അദ്ദേഹം ഏറ്റെടുത്തു. നവകേരള നിര്‍മ്മിതിയില്‍  നമുക്ക് ഏറെ ആവശ്യമുള്ളതും ഇതേ തരത്തിലുള്ള വ്യാവസായിക മുന്നേറ്റമാണ് എന്ന കാര്യം നാം മറന്നുപോകരുത്. അത്തരത്തില്‍  വ്യാവസായിക മുന്നേറ്റം കൈവരിക്കാന്‍ ഉതകുന്നവിധം ചട്ടങ്ങളടക്കം പരിഷ്‌ക്കരിച്ചുകൊണ്ടും ഏകജാലക സംവിധാനം നടപ്പാക്കിയും സംരഭക വര്‍ഷം ആചരിച്ചുമെല്ലാം വ്യാവസായിക രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാന്‍ ഒരുങ്ങുകയാണ് നാം. ഇതിന്റെയൊക്കെ ഫലമായണല്ലോ വ്യാവസായിക സൗഹൃദ അന്തരീക്ഷം ഒരുക്കുന്ന കാര്യത്തില്‍  റാങ്കിങ് മെച്ചപ്പെടുത്താനും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമായി മാറിത്തീരാനും നമുക്കു കഴിഞ്ഞത്. അങ്ങനെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പുരോഗമനോന്മുഖമായ ഓരോ പ്രവൃത്തിയും ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളോടു ചേര്‍ന്നുപോകുന്നവയാണ്.


പണ്ട് തന്നോടൊപ്പം നാനാജാതിയില്‍ പെട്ട കുഞ്ഞുങ്ങളെ ഇരുത്തി ഭക്ഷണം കഴിക്കുന്ന ഗുരുവിനോട് മഹാകവി ഉള്ളൂര്‍ അതേക്കുറിച്ച് ചോദിച്ച കാര്യം നമുക്കറിയാം. ഒരു പപ്പടം പൊടിച്ചുകൊണ്ടാണ് പൊടിഞ്ഞോ എന്ന ചോദ്യത്തോടെ ഗുരു ഉള്ളൂരിന് മറുപടി നല്‍കിയത്. ജാതിബോധം പൊടിഞ്ഞോ എന്നാണ് ആ ചോദ്യത്തിലൂടെ ഗുരു അര്‍ത്ഥമാക്കിയത്. കാട്ടാളനില്‍  ദൈവത്തെ കണ്ട മഹാകവിയുടെ ഉള്ളിലെ ജാതിബോധം പൊടിഞ്ഞു. എങ്കിലും ഒരു നൂറ്റാണ്ടിനിപ്പുറം പലരുടെയും മനസ്സില്‍ അത് പൊടിയാതെ തന്നെ നില്‍ക്കുന്നുണ്ട്. അവര്‍ക്കാണ്    കേരള ചരിത്രത്തിന്റെ പതാകാവാഹകനായി ഗുരുവിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്നത്. ഗുരുവിന്റെ നിശ്ചലദൃശ്യങ്ങള്‍ ദേശീയ പരിപാടികളില്‍  അവതരിപ്പിക്കുമ്പോള്‍ ഭയമുണ്ടാകുന്നത്. അത്തരക്കാര്‍ ചരിത്രത്തില്‍ അപ്രസക്തരായിപ്പോകും എന്ന് മറ്റാരേക്കാളും അറിയാവുന്ന ഒരാളായിരുന്നു ഗുരു. അതുകൊണ്ടാണല്ലോ കുമാരനാശാന്‍ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ എഴുതിയത്:

വാദങ്ങള്‍ ചെവിക്കൊണ്ടും മതപ്പോരുകള്‍ കണ്ടും

മോദസ്ഥിരനായി അങ്ങ് വസിപ്പൂ മലപോലെ

എന്നാണ് അദ്ദേഹം ഏഴുതിയത്. ജാതിമതവിദ്വേഷങ്ങള്‍ പടര്‍ത്തി സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തില്‍  അപ്രസക്തരായി മാറുമെന്നും മനുഷ്യത്വം പുലരുമെന്നും നമുക്ക് വിശ്വസിക്കാം. അതിനായുള്ള ശ്രമങ്ങള്‍ ഏറ്റെടുക്കാനുള്ള വേദിയായി ഈ ഗുരുജയന്തി ആഘോഷങ്ങള്‍ മാറണം.




ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top