27 April Saturday

ശ്രദ്ധയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Jun 9, 2023

കാഞ്ഞിരപ്പള്ളി> അമൽജ്യോതി എൻജിനിയറിങ്‌ കോളേജ്‌ വിദ്യാർഥിനി ശ്രദ്ധ സതീഷ്‌ ആത്മഹത്യചെയ്‌ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്‌പി ടി എം വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തി. സുഹൃത്തിന്‌ ശ്രദ്ധ എഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽനിന്ന്‌ കണ്ടെടുത്തിരുന്നു. ‘‘നിന്നോട് വാങ്ങിയ പാന്റ്‌ കട്ടിലിൽ വച്ചിട്ടുണ്ട്. ഞാൻ പോകുകയാണ് '' എന്നാണ് കുറിപ്പിൽ ഉണ്ടായിരുന്നതെന്ന്‌ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. ഈ കുറിപ്പ്‌ ശാസ്‌ത്രീയ പരിശോധനയ്‌ക്ക്‌ വിധേയമാക്കും.

ഇത്‌ എഴുതിയത്‌ ആരാണെന്ന്‌ വിദഗ്‌ധർ പരിശോധിക്കും. കേസുമായി ഇതിന്‌ ബന്ധമുണ്ടോയെന്ന്‌ അതിനുശേഷമേ പറയാനാകൂ. ഇതെല്ലാം പരിശോധിക്കാൻ ക്രൈംബ്രാഞ്ച്‌ സംഘത്തോട്‌ നിർദേശിച്ചിട്ടുണ്ട്‌. കുട്ടിയുടെ രക്ഷിതാക്കളിൽനിന്നും ഹോസ്‌റ്റൽമുറിയിൽ ഒപ്പം താമസിച്ചിരുന്നവരിൽ നിന്നും മറ്റ്‌ സഹപാഠികളിൽ നിന്നുമെല്ലാം വിവരങ്ങൾ ശേഖരിക്കണം. ക്രൈംബ്രാഞ്ച്‌ സംഘം വ്യാഴാഴ്‌ച  തന്നെ അന്വേഷണം തുടങ്ങി. അവിടെ ക്യാമ്പ്‌ ചെയ്‌ത്‌ അന്വേഷിക്കാനാണ്‌ നിർദേശിച്ചിട്ടുള്ളത്‌. പ്രതിഷേധത്തിനിടെയുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ  വിദ്യാർഥികൾക്കെതിരെ കേസെടുത്തത്‌ ഒത്തുതീർപ്പ്‌ ചർച്ചയ്‌ക്ക്‌ മുമ്പാണ്‌. മന്ത്രിമാർ ഇടപെട്ട്‌ നടത്തിയ ചർച്ചയ്‌ക്ക്‌ ശേഷം കേസെടുത്തിട്ടില്ല. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന  നടപടി പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകില്ലെന്നും കാർത്തിക്‌ പറഞ്ഞു.  

എന്നാൽ ശ്രദ്ധ ഈ കുറിപ്പെഴുതിയത്‌ ആറുമാസം മുമ്പാണെന്നും അന്ന്‌ ഹോസ്‌റ്റലിൽനിന്ന്‌ പോയപ്പോൾ ഒപ്പമുണ്ടായിരുന്ന കുട്ടിക്ക്‌ എഴുതിയ കുറിപ്പാണിതെന്നുമാണ്‌ ശ്രദ്ധയുടെ കുടുംബം പറയുന്നത്‌. ഇത്‌ സ്‌നാപ്‌ ചാറ്റ്‌ ചെയ്‌തിരുന്നതായും അവർ പറഞ്ഞു.  
ഇതിനിടെ ഹോസ്റ്റൽ വാർഡനെ ചുമതലയിൽനിന്ന്‌ മാറ്റി. മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഈ ആവശ്യം വിദ്യാർഥികൾ ഉന്നയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top