26 April Friday

ഹൈഡ്രോളിക് സംവിധാനം തകരാറിലായി ; ജിദ്ദ കോഴിക്കോട് വിമാനം നെടുമ്പാശേരിയിൽ ഇറക്കി

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

representative image


നെടുമ്പാശേരി
ജിദ്ദയിൽനിന്ന്‌ കോഴിക്കോട്ടേക്ക്‌ വന്ന സ്പൈസ് ജെറ്റ് വിമാനം നെടുമ്പാശേരിയിൽ അടിയന്തരമായി നിലത്തിറക്കി. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്നാണ്‌ വിമാനം നിലത്തിറക്കിയത്‌.

വിമാനം കോഴിക്കോട് ഇറങ്ങാൻ ഏതാനും സമയംമാത്രം ബാക്കിയുള്ളപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാർ ശ്രദ്ധയിൽപ്പെട്ടത്. കോഴിക്കോട് വിമാനത്താവളത്തിൽ ടേബിൾ ടോപ് റൺവെ ആയതിനാൽ അപകടസാധ്യത മുന്നിൽക്കണ്ട്‌ വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. വെള്ളി വൈകിട്ട്  6.27ന്‌ ആയിരുന്നു വിമാനം കോഴിക്കോട്‌ ഇറങ്ങേണ്ടിയിരുന്നത്‌.  5.59ന്‌ ആണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 6.29ന് നെടുമ്പാശേരിയിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആംബുലൻസുകളും ഫയർഫോഴ്സ് യൂണിറ്റുകളും സജ്ജമായി. സമീപത്തെ ആശുപത്രികളിലേക്ക്‌ വിവരം കൈമാറി. പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 മിനിട്ട് പിന്നിട്ടശേഷം 7.19ന് വിമാനം സുരക്ഷിതമായി നിലത്തിറക്കിയതോടെ ആശങ്കകൾക്ക്‌ വിരാമമായി.

മൂന്ന് കുട്ടികളടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ വക്താവ് പറഞ്ഞു. ഇവരെ ടെർമിനലിലേക്ക് മാറ്റി. ദുബൈയിൽനിന്ന്‌ എത്തുന്ന സ്പൈസ് ജെറ്റ് വിമാനത്തിൽ ഇവരെ കോഴിക്കോട് എത്തിക്കുമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top