26 April Friday

കർഷക സമരം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഐതിഹാസികമായ ജനമുന്നേറ്റം: എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

കൊച്ചി > സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ജനമുന്നേറ്റങ്ങളിൽ ഒന്നായിരുന്നു കർഷക സമരമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ സമരം ചരിത്ര വിജയം നേടി. കർഷകരുടെ വിശാലമായിട്ടുള്ള ഐക്യവും യോജിപ്പും സമാനതകളില്ലാത്ത സഹനവും ത്യാഗവുമാണ് ചരിത്ര വിജയത്തിന് അടിസ്ഥാനമായത്.

കോർപ്പറേറ്റ് താത്പര്യങ്ങളെ മുൻനിർത്തിയുള്ള നവഉദാരവൽക്കരണ നയങ്ങളെ വിജയകരമായി ചെറുത്തു തോൽപ്പിക്കാം എന്ന പ്രധാനപ്പെട്ട പാഠവും ഇത് നൽകുന്നു. കർഷകർക്ക് മാത്രമല്ല ഇന്ത്യയിലെ എല്ലാ ജനാവിഭാഗങ്ങൾക്കും ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും വിലപ്പെട്ട പാഠം നൽകുന്നതാണ്‌ ഈ വിജയം. ഒരു വർഷം നീണ്ട പോരാട്ടത്തിൽ പതറാതെയും പിന്മാറാതെയും അടിയുറച്ചു പോരാടിയ കർഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നു. സമരമുഖത്ത് രക്തസാക്ഷികളായവരുടെ ജ്വലിക്കുന്ന ഓർമ്മകളെ ആദരവോടെ സ്‌മരിക്കുന്നതായും എം ബി രാജേഷ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ജനമുന്നേറ്റങ്ങളിൽ ഒന്നായിരുന്നു കർഷക സമരം. കർഷക സമരത്തിന് പ്രധാന കാരണമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ആ കർഷക സമരം ചരിത്ര വിജയം നേടിയിരിക്കുകയാണ്. ഈ സമരത്തിന്റെ പ്രധാന ആവശ്യം കാർഷിക ഉത്പാദന വിപണന രംഗങ്ങളിൽ കോർപ്പറേറ്റുകൾക്കും വൻകിട മൂലധനത്തിനും സ്വൈര്യവിഹാരം അനുവദിക്കുന്ന മൂന്നു നിയമങ്ങൾ പിൻവലിക്കണമെന്നതായിരുന്നു. പ്രധാന ആവശ്യം ഇപ്പോൾ കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. അതോടൊപ്പം കാർഷികോൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നു എന്നുറപ്പാക്കുക, വൻ വൈദ്യുത ചാർജ് വർദ്ധനക്കും സ്വകാര്യവൽക്കരണത്തിനും വഴിയൊരുക്കുന്ന വൈദ്യുത നിയമ ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും സംയുക്ത കിസാൻ മോർച്ച ഉന്നയിച്ചിരുന്നു. ആ ആവശ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്.
ഈ ചരിത്ര വിജയത്തിന് അടിസ്ഥാനമായിട്ടുള്ളത് കർഷകരുടെ വിശാലമായിട്ടുള്ള ഐക്യവും യോജിപ്പും സമാനതകളില്ലാത്ത സഹനവും ത്യാഗവുമാണ്. എഴുന്നൂറിലേറെ കൃഷിക്കാരാണ് കർഷക സമരത്തിൽ രക്തസാക്ഷികളായത്. ഇന്നത്തെ തീരുമാനം നേരത്തെ ഉണ്ടായിരുന്നുവെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നു. അതോടൊപ്പം കർഷക സമരത്തെ അടിച്ചമർത്താനും സമരം ചെയ്യുന്ന കൃഷിക്കാരെ ഖലിസ്ഥാൻ തീവ്രവാദികൾ ആയും രാജ്യദ്രോഹികളായും മുദ്രകുത്താനും അവർക്കിടയിൽ ഭിന്നിപ്പ് വളർത്താനുമെല്ലാമുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് നേടിയ വിജയമാണിത്. ഈ വിജയം കർഷകർക്ക് മാത്രമല്ല ഇന്ത്യയിലെ എല്ലാ ജനാവിഭാഗങ്ങൾക്കും ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും വിലപ്പെട്ട പാഠം നൽകുന്നുണ്ട്. കോർപ്പറേറ്റ് താത്പര്യങ്ങളെ മുൻനിർത്തിയുള്ള നവഉദാരവൽക്കരണ നയങ്ങളെ വിജയകരമായി ചെറുത്തു തോൽപ്പിക്കാം എന്ന പ്രധാനപ്പെട്ട പാഠവും ഇത് നൽകുന്നു. ഒരു വർഷം നീണ്ട പോരാട്ടത്തിൽ പതറാതെയും പിന്മാറാതെയും അടിയുറച്ചു പോരാടിയ കർഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നു. സമരമുഖത്ത് രക്തസാക്ഷികളായവരുടെ ജ്വലിക്കുന്ന ഓർമ്മകളെ ആദരവോടെ സ്മരിക്കുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top