19 December Friday

മോഷ്ടിച്ച വണ്ടിയുടെ പാർട്സ് ഉടമസ്ഥന് തന്നെ വിൽക്കുന്നതിനിടെ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

പൊലീസ് പിടികൂടിയ പ്രതികൾ

പത്തനാപുരം > മോഷ്‌ടിച്ച വണ്ടിയുടെ പാർട്സ് ഉടമസ്ഥനു തന്നെ വിൽക്കാൻ ശ്രമിച്ച അന്തർജില്ലാ കവർച്ചസംഘം പിടിയിൽ. പത്തനംതിട്ട  തേപ്പുപാറ മുരുകൻകുന്ന് രാഖിഭവനിൽ രാഹുൽ (29), കാവടിഭാഗം ഒഴുകുപാറ പുത്തൻവീട്ടിൽ ശ്യാം പി പ്രകാശ് (21), തൊടുവക്കാട് വിഷ്ണു ഭവനിൽ വിജീഷ് (21), കാവടിഭാഗം രാജിഭവനിൽ അഭി (19), തൊടുവക്കാട് വലിയവിള താഴതിൽ വീട്ടിൽ സിബിൻ (20) എന്നിവരെയാണ് പത്തനാപുരം എസ്ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിവിധ സ്ഥലങ്ങളിൽനിന്നുമായി അറസ്റ്റ്ചെയ്തത്. 
 
രണ്ടുമാസം മുമ്പാണ്‌ മുള്ളൂർനിരപ്പ്‌ സ്വദേശി അബുവെന്ന ഇബ്രാഹിം സിക്കന്ദറുടെ ബൈക്ക്‌ മോഷണംപോയത്‌. എന്നാൽ, പ്രതികളെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ  ഇബ്രാഹിം സിക്കന്ദർ ഫെയ്സ് ബുക്കിൽ മാക്സ് 100 ബൈക്കിന്റെ പഴയപാർട്സ് വേണമെന്ന് പരസ്യം ചെയ്തപ്പോൾ പാർട്സുണ്ടെന്ന് മറുപടി വന്നു. തുടർന്ന് എവിടെ വരണമെന്ന് ചോദിച്ചപ്പോൾ വാഹനം പൊളിച്ച് കൊടുക്കുന്ന സ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് മോഷണംപോയ ബൈ ക്കിന്റെ  പാർട്‌സ് തന്നെയാണ് ഇളക്കി നൽകുന്നതെന്ന് മനസ്സിലായത്. തുടർന്ന് പത്തനാപുരം പൊലീസിൽ വിവരം അറിയിച്ചു. ഇതോടെയാണ്‌ പ്രതികൾ കുടുങ്ങിയത്‌. 
 
രാത്രിയിൽ ബൈക്കിൽ കറങ്ങിനടന്ന് വീടുകളുടെ മുറ്റത്തുവച്ചിരിക്കുന്ന വാഹനങ്ങൾ മോഷ്‌ടിച്ച്‌ പൊളിച്ച് സ്‌പെയർ പാർട്സുകളായി വിൽക്കുന്നതാണ് ഇവരുടെ രീതി. ഇബ്രാഹിം സിക്കന്ദറിന്റെ മോഷണംപോയ ബൈക്കിന്റെ പൊളിച്ച ഭാഗവും എൻജിനും പൊലീസ് കണ്ടെടുത്തു. എൻജിൻ നമ്പറും ഷാസി നമ്പറും മാറ്റം വരുത്തിയ മൂന്നു മോട്ടോർ സൈക്കിളുകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ വാഹനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പത്തനാപുരം ഇൻസ്പെക്ടർ ജയകൃഷ്ണൻ അറിയിച്ചു. പത്തനാപുരം എസ്ഐ ശരലാൽ, ക്രൈം എസ്‌ഐ സുനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിബുമോൻ, ശ്രീജിത്, വിനോദ്, രാജീവ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top