24 April Wednesday

സ്വപ്‌ന സുരേഷിന്റെ കൊഫെപോസ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021

 കൊച്ചി>  സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കോഫെ പോസ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി. മറ്റൊരു പ്രതിയായ പി എസ് സരിത്തിന്റെ തടങ്കല്‍കോടതി ശരിവച്ചു. സ്വപ്നയുടെ മാതാവ് കുമാരി പ്രഭാ സുരേഷും സരിത്തിന്റെ മാതാവ് പി.പ്രേമകുമാരിയും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും സി പി മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.

കോഫെ പോസ നിയമം സെക്ഷന്‍ 3 (1) പ്രകാരം തടങ്കല്‍ നിയമവിരുദ്ധമാണന്ന വാദം പരിഗണിച്ചാണ് കോടതിയുടെ നടപടി. സ്വപ്നക്ക് ജാമ്യം നിരസിച്ച എന്‍ഐഎ കോടതിയുടെ ഉത്തരവ് അന്വേഷണ ഏജന്‍സി, തടങ്കല്‍ ഉത്തരവിറക്കിയ കേന്ദ്ര ധനകാര്യ ജോയിന്റ് സെക്രട്ടറി മുമ്പാകെ ഹാജരാക്കിട്ടിയില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വപ്ന എന്‍ഐഎ കേസില്‍ റിമാന്‍ഡിലായിരുന്നുവെന്നും ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് ഹാജരാക്കിയിരുന്നെങ്കില്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരില്ലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.


ഒരാളെ തടങ്കലില്‍വെക്കുന്നതിന് സാധാരണ ക്രിമിനല്‍ നിയമങ്ങള്‍ പര്യപ്തമല്ലെങ്കിലെ കോഫെ പോസ പോലുള്ള നിയമങ്ങള്‍ ചുമത്താവൂ എന്ന് സുപ്രീം കോടതിയുടെ വിധിയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അന്വേഷണ ഏജന്‍സിയുടെ ആവശ്യപ്രകാരം കേന്ദ്ര ധനകാര്യ ജോയിന്റ് സെക്രട്ടറി ഉത്തരവിറക്കിയത്. തടങ്കല്‍ കാലാവധി അവസാനിക്കാന്‍ എതാനും ദിവസങ്ങളേയുള്ളുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്യായ തടങ്കല്‍ വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനമാണന്ന് ചൂണ്ടിക്കാട്ടി.

എന്‍ഐഎ കേസില്‍ സ്വപ്നയും സരിത്തും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതിന്
പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ  കസ്റ്റംസ് കോഫെ പോസ ചുമത്തിയത്. ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ വീണ്ടും കള്ളക്കടത്തില്‍ ഏര്‍പ്പെടുന്നത് തടയാനായിരുന്നു നടപടി.

സരിത്തിനെതിരെ കോഫെ പോസ ചുമത്തിയതില്‍ കോടതി ഇടപെട്ടില്ല. പുറത്തുവിട്ടാല്‍ കുറ്റകൃത്യം
ആവര്‍ത്തിക്കുമെന്ന അധികൃതരുടെ നിഗമനത്തില്‍ കഴമ്പുണ്ടന്ന് കോടതി നിരീക്ഷിച്ചു.കോഫെ പോസ റദ്ദാക്കിയെങ്കിലും എന്‍ഐഎ കേസില്‍ റിമാന്‍ഡിലായതിനാല്‍ സ്വപ്നക്ക് ജയിലിന് പുറത്തിറങ്ങാനാവില്ല. ഹൃദ്‌രോഗം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളും  സ്വപ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top