തിരുവനന്തപുരം
സോളാർ കേസ് അന്വേഷിച്ച ജുഡീഷ്യൽ കമീഷനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകളിൽ തെളിയുന്നത് കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ. എന്നാൽ, ജസ്റ്റിസ് ശിവരാജൻ കമീഷനെ നിയോഗിച്ചത് ഉമ്മൻചാണ്ടിയാണെന്ന വസ്‌തുത മറച്ച് എൽഡിഎഫ് സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും. സോളാർ കേസ് എൽഡിഎഫ് സൃഷ്ടിച്ചതല്ല. പരാതിക്കാരും പ്രതികളുമെല്ലാം കോൺഗ്രസ് നേതാക്കളോ യുഡിഎഫുമായി ബന്ധമുള്ളവരോ ആണ്.
കേസ് ആദ്യം അന്വേഷിച്ച, മുൻ ഡിജിപി എ ഹേമചന്ദ്രന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജുഡീഷ്യൽ കമീഷനെതിരെ വ്യക്തിപരമായ ആരോപണമടക്കം ഉയർത്തുന്നുണ്ട്. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഹേമചന്ദ്രനെ പിന്തുണച്ച് രംഗത്തെത്തി. ജസ്റ്റിസ് ശിവരാജനെ നിയമിച്ചത് തന്റെ എതിർപ്പ് അവഗണിച്ചാണെന്നാണ് തിരുവഞ്ചൂരിന്റെ വെളിപ്പെടുത്തൽ. ആരുടെ താൽപ്പര്യപ്രകാരമാണ് നിയമിച്ചത് എന്നതാണ് ഇനി പുറത്തുവരേണ്ടത്. അതു പറയേണ്ടത് ഉമ്മൻചാണ്ടിയും അന്നത്തെ മന്ത്രിസഭാംഗങ്ങളുമാണ്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2013 ജൂണിൽ പെരുമ്പാവൂർ സ്വദേശിയുടെ പരാതിയിൽ യുവതി അറസ്റ്റിലാകുന്നതോടെയാണ് കേസ് തുടങ്ങുന്നത്. കോൺഗ്രസ് നേതാവായിരുന്ന മല്ലേലിൽ ശ്രീധരൻ നായരാണ് ഇടപാടിൽ ഉമ്മൻചാണ്ടിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചത്. പ്രതിയായ യുവതി ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചു. അന്നത്തെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമടക്കം പണമിടപാടിൽ പങ്കുണ്ടെന്നും വെളിപ്പെടുത്തി.
എന്നാൽ, കേസ് തേച്ചുമാച്ചുകളയാനായിരുന്നു കോൺഗ്രസ് ശ്രമം. കസ്റ്റഡിയിലായിരുന്ന പ്രതിയുടെ മൊഴികളിൽ മാറ്റംവരുത്തി കേസ് ഇല്ലാതാക്കാൻ നോക്കിയത് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നു. തുടർന്ന് കോടതിയുടെ നിരന്തര ഇടപെടലിനെയും പ്രതിപക്ഷ പ്രതിഷേധത്തെയും തുടർന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെയാണ് ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമീഷനായി നിയമിച്ചത്.
പുതിയ വെളിപ്പെടുത്തലുകൾ അന്നത്തെ യുഡിഎഫ് സർക്കാരിലെ ആഭ്യന്തര കലാപങ്ങളുടെ തുടർച്ചയാണ്. തമ്മിലടിയെ തുടർന്ന് മൂന്ന് ആഭ്യന്തര മന്ത്രിമാരാണ് ഉമ്മൻചാണ്ടി സർക്കാരിൽ മാറിയെത്തിയത്. ആദ്യം ഉമ്മൻചാണ്ടിയും പിന്നീട് തിരുവഞ്ചൂരും ഒടുവിൽ രമേശ് ചെന്നിത്തലയും.
റിപ്പോർട്ടിൽ താനും പ്രതി:
തിരുവഞ്ചൂർ
സോളാർ കേസ് അന്വേഷിച്ച ജസ്‌റ്റിസ് ശിവരാജൻ കമീഷന്റെ റിപ്പോർട്ടിൽ താനും പ്രതിയാണെന്നും എന്നാൽ അത് ചർച്ചയായില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കമീഷൻ ചൂണ്ടിക്കാട്ടിയ അഞ്ച് പ്രതികളിൽ ഒരാളാണ് താൻ. എന്നാൽ അത് ആരും കാര്യമാക്കിയില്ല. ആഭ്യന്തര മന്ത്രിയായിരുന്ന തനിക്കെതിരെയും കമീഷൻ പരാമർശമുണ്ടായി. നടപടിയും ആവശ്യപ്പെട്ടതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അഞ്ച് വാള്യങ്ങളുള്ള ശിവരാജൻ കമീഷൻ റിപ്പോർട്ട് രാഷ്‌ട്രീയ പ്രേരിതമാണ്. ഉമ്മൻ ചാണ്ടി രോഗാതുരനായി ഇരിക്കുമ്പോൾ അദ്ദേഹത്തെ പരാമർശിക്കുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
ചെറിയ കാറ്റെന്ന്
സുധാകരൻ
കോൺഗ്രസിൽ രൂക്ഷമാകുന്ന പ്രശ്നങ്ങൾ ചെറിയ കാറ്റ് മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇതിലും വലിയ കൊടുങ്കാറ്റടിച്ചതും ശാന്തമാക്കിയിട്ടുണ്ട്. പുനഃസംഘടനയിൽ വി ഡി സതീശൻ ഒരു കുറ്റവും ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം നടന്നത് അറിവില്ല. ഇതുസംബന്ധിച്ച് രമേശ് ചെന്നിത്തലയുമായും എം എം ഹസനുമായും ചർച്ച നടത്തി. കുറച്ചു പേരെ മാത്രമാണ് സ്വന്തം തീരുമാനപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സോളാർക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും യുഡിഎഫ് നേതാക്കൾക്കുമെതിരെ സിപിഐ എമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ വേട്ടയാടലിന്റെയും പകപോക്കലിന്റെയും ചരിത്രമാണ് പുറത്തുവരുന്നതെന്ന് കെ സുധാകരൻ ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..