21 March Tuesday
വേളിയിൽ 
യാത്ര കം ടൂറിസം ബോട്ട്‌

സോളാർ വൈദ്യുതി 
കരുത്തിൽ ജലഗതാഗതം ; കരുത്തുപകർന്ന്‌ സംസ്ഥാന ബജറ്റ്‌

സുനീഷ്‌ ജോUpdated: Monday Feb 6, 2023


തിരുവനന്തപുരം
സോളാർ- വൈദ്യുതി ബോട്ട്‌ സർവീസിലൂടെ ലാഭം കൊയ്‌ത ജലഗതാഗതവകുപ്പിന്‌ കരുത്തുപകർന്ന്‌ സംസ്ഥാന ബജറ്റ്‌. 24 കോടി രൂപ അനുവദിച്ചതോടെ ഏഴ്‌ പുതിയ ബോട്ട്‌ നിർമിക്കാമെന്ന പ്രതീക്ഷയിലാണ്‌ വകുപ്പ്‌. നിലവിൽ 75 യാത്രക്കാർക്ക്‌ സഞ്ചരിക്കാവുന്ന 10 ബോട്ടും 30 പേർക്കുള്ള എട്ട്‌ ചെറു ബോട്ടും നിർമാണത്തിലാണ്‌. അടുത്തവർഷം മാർച്ചോടെ അവ സർവീസ്‌ തുടങ്ങും. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള സീ അഷ്ടമുടി ഫെബ്രുവരി അവസാനവും സോളാർ ക്രൂയിസർ മാർച്ചിലും സർവീസ്‌ തുടങ്ങും. കൊച്ചി മറൈൻഡ്രൈവിലാണ്‌ ക്രൂയിസറിന്റെ സേവനം. അഷ്ടമുടി കായലിന്റെ സൗന്ദര്യം കണ്ടറിയാം ‘സീ അഷ്ടമുടി’യിൽ കയറി.

ഇരുനിലയിലായി 90 സീറ്റുണ്ട്‌. ഏഴുമാസം മുമ്പ്‌ ഇറക്കിയ ‘സീ കുട്ടനാടും’ ഒരുവർഷം മുമ്പ്‌ ഇറക്കിയ ‘വേഗ’യും ഹിറ്റാണ്‌. ‘വേഗ’യിൽനിന്നുള്ള ആകെ വരുമാനം 2.20 കോടിയാണ്‌. ബോട്ടിന്റെ നിർമാണച്ചെലവ്‌ 1.70 കോടിയാണ്‌. ഒരുവർഷംകൊണ്ട്‌ ബോട്ടിന്റെ മുടക്കുമുതൽ തിരിച്ചുകിട്ടി. 60 പാസഞ്ചർ ബോട്ടുകളാണ്‌ വിവിധ ജില്ലയിലായി ജലഗതാഗത വകുപ്പിനുള്ളത്‌. അഞ്ചുവർഷത്തിനകം അവയിൽ 30 എണ്ണം സോളാർ - വൈദ്യുതിയിലേക്ക്‌ മാറ്റാനാണ്‌ സർക്കാർ 2021 മുതൽ ലക്ഷ്യമിട്ടത്‌. മലിനീകരണവും സർവീസ്‌ ചെലവും ഇതിലൂടെ കുറഞ്ഞു.

വേളിയിൽ 
യാത്ര കം ടൂറിസം ബോട്ട്‌
തിരുവനന്തപുരത്ത്‌ വേളിമുതൽ കഠിനംകുളംവരെ ബോട്ട്‌ ഓടിക്കാനുള്ള തയ്യാറെടുപ്പിലാണ്‌  ജല ഗതാഗത വകുപ്പ്‌. 12 കിലോമീറ്ററാണ്‌ സർവീസ്‌. വേളിയിൽ ബോട്ട്‌ ജെട്ടി നിർമാണം തുടങ്ങി. പയ്യന്നൂരിലും പറശ്ശിനിക്കടവിലും പുതിയ സർവീസുകൾക്കായി സാധ്യതാപഠനം ആരംഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top