19 April Friday

പെട്രോളിലെ വ്യത്യാസം കണ്ടു; 
പെൻഷനിലെ 600 രൂപ കണ്ടില്ല ; മുതലക്കണ്ണീരൊഴുക്കുന്ന യുഡിഎഫ്‌ പത്രം

സ്വന്തം ലേഖകൻUpdated: Sunday Feb 5, 2023


തിരുവനന്തപുരം
മുഴുവൻ വയോധികർക്കും സൗജന്യ നേത്രചികിത്സയും കണ്ണടയും നൽകുന്ന മറ്റൊരു സംസ്ഥാനമില്ല. ക്ഷേമപെൻഷൻ ഇനത്തിൽ 1600 രൂപവീതം 58 ലക്ഷം പേർക്ക്‌ നൽകുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. പ്രൈമറി തലംമുതൽ ഉന്നതവിദ്യാഭ്യാസ മേഖലവരെ പഠനം സൗജന്യമാണെന്നതും കേരളത്തിന്റെമാത്രം പ്രത്യേകത. കേരളത്തിനാകട്ടെ ജിഎസ്‌ടി വിഹിതവും നികുതിയും മാത്രമാണ്‌ വരുമാനമാർഗം. എന്നാൽ, നിരന്തരമായി ഫണ്ട്‌ വെട്ടിക്കുറയ്‌ക്കുകയും കടമെടുപ്പ്‌ അവകാശംപോലും ഇല്ലാതാക്കുകയുംചെയ്‌ത്‌ രാഷ്ട്രീയ പ്രതികാരത്തിന്‌ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്‌ കേന്ദ്രം. എന്നിട്ടും ക്ഷേമപെൻഷനുകളുൾപ്പെടെ, സാമൂഹ്യസുരക്ഷാ പദ്ധതികളുൾപ്പെടെ സംസ്ഥാനത്തിന്റെ ഗതിമാറ്റുന്ന വികസന പ്രവർത്തനങ്ങളുമായി കാലങ്ങൾക്ക്‌ മുമ്പേ സഞ്ചരിക്കുന്നു. ഇതിനെയാണ്‌ അട്ടിമറിക്കാൻ ശ്രമിക്കുന്നത്‌.

കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും പെട്രോൾ–- ഡീസൽ വിലകൾ താരതമ്യംചെയ്‌ത്‌ മുതലക്കണ്ണീരൊഴുക്കുന്ന യുഡിഎഫ്‌ പത്രം പക്ഷേ കേരളത്തേക്കാൾ കൂടുതലൽ വിലയുള്ള ആന്ധ്രപ്രദേശിനെയും തെലങ്കാനയെയും കണ്ടില്ല. ക്ഷേമപെൻഷൻ കേരളത്തിൽ 1600ഉം തമിഴ്‌നാട്ടിലും കർണാടകത്തിലും 1000 രൂപയെന്നതും മറച്ചുവെച്ചു. കേരളത്തിൽ ആറിലൊരാൾക്ക്‌ ഈ പെൻഷൻ കിട്ടുമ്പോൾ കർണാകടത്തിൽ 12ൽ ഒന്നും തമിഴ്‌നാട്ടിൽ 21ൽ ഒരാൾക്കുമാണ്‌ ക്ഷേമപെൻഷന്‌ അർഹത. സർവ്വീസ്‌ പെൻഷനേഴ്‌സ്‌, തൊഴിലാളികളുടെ ദിവസക്കൂലി എന്നിവയിലുമുണ്ട്‌ ഈ വ്യത്യാസം. കൺസ്‌ട്രക്ഷൻ, കാർഷിക മേഖല എന്നിവയെടുത്താൽ കേരളത്തിൽ 1000 രൂപയിൽ കൂടുതലാണ്‌ ദിവസക്കൂലി. തമിഴ്‌നാട്ടിൽ 800ൽതാഴെയും കർണാടകയിൽ 700ൽ താഴെയുമാണ്‌ കൂലി. ഇതിനുപുറമെ പെട്രോളിൽ നിന്ന്‌ ഈടാക്കുന്ന സെസ്‌ ക്ഷേമപെൻഷനുവേണ്ടിയാണ്‌ ഉപയോഗിക്കുകയെന്നതും മറച്ചുവെച്ചു.

പ്രളയകാലത്ത്‌ സഹായമായി തന്ന അരിക്ക്‌ വില തിരിച്ചു ചോദിച്ചപ്പോൾപ്പോലും കേന്ദ്രത്തിനെതിരെ ഒരക്ഷരം പറയാത്തവരാണ്‌ രണ്ടുരൂപ സെസിന്റെ പേരിൽ കേരളത്തിനെയും എൽഡിഎഫ്‌ സർക്കാരിനെയും ക്രൂശിക്കുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top