29 March Friday

ആ കണ്ണീർ സർക്കാർ മായ്‌ക്കും ; 
ഉയരും പുനരധിവാസ ഗ്രാമങ്ങൾ

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Monday May 23, 2022


തിരുവനന്തപുരം  
ഭിന്നശേഷിക്കാരുടെ സങ്കടങ്ങളും അവരുടെ രക്ഷിതാക്കളുടെ കണ്ണീരും തോരുന്നു. അച്ഛനമ്മമാരുടെ കാലശേഷവും ഭിന്നശേഷിക്കാർക്ക്‌ സുരക്ഷിതത്വവും കരുതലും ലഭിക്കുംവിധം പുനരധിവാസ ഗ്രാമങ്ങൾ ഒരുക്കുകയാണ്‌ സാമൂഹ്യനീതിവകുപ്പ്‌. ആദ്യഘട്ടത്തിൽ ചുരുങ്ങിയത്‌ മൂന്നു ജില്ലയിലെങ്കിലും പുനരധിവാസ ഗ്രാമം ഒരുക്കും.

മാനസിക വെല്ലുവിളി നേരിടുന്നവർ, സെറിബ്രൽപാൾസി, ഓട്ടിസം ബാധിച്ചവർ തുടങ്ങിയവർക്ക്‌ നല്ലജീവിതവും സ്വയംപര്യാപ്‌തതയും ഒരുക്കുകയാണ്‌ സർക്കാർ. പുനരധിവാസ ഗ്രാമങ്ങളിൽ ഇവർക്ക്‌ മികച്ച സൗകര്യങ്ങൾ ലഭിക്കും. പ്രത്യേക വിദ്യാലയങ്ങൾ, ആരോഗ്യകേന്ദ്രം, തെറാപ്പി സംവിധാനങ്ങൾ, പരിചരണകേന്ദ്രങ്ങൾ, തൊഴിൽപരിശീലനം, അച്ഛനമ്മമാർക്കുള്ള ശാക്തീകരണ കേന്ദ്രം എന്നിവ ഇവിടെയുണ്ടാകും. ഭിന്നശേഷി നേരത്തേ കണ്ടെത്തി പരിഹരിക്കാനുള്ള ഇടപെടലുകളുമുണ്ടാകും.

വിവിധതരം ഭിന്നശേഷിക്കാർക്ക്‌ ഒരുപോലെ പ്രയോജനപ്പെടുംവിധമായിരിക്കും പ്രത്യേക വിദ്യാലയങ്ങൾ. വിദഗ്‌ധരായ അധ്യാപകർ മുഖേന അവരുടെ ബൗദ്ധിക നിലവാരം ഉയർത്താൻ കഴിയുമെന്നാണ്‌ കണക്കുകൂട്ടൽ. ഡോക്ടറും മരുന്നുമുൾപ്പെടെ മുഴുവൻ സമയം പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം പുനരധിവാസ ഗ്രാമത്തിൽ സജ്ജീകരിക്കും. ആംബുലൻസ്‌ സൗകര്യവുമുണ്ടാകും. പുനരധിവാസ ഗ്രാമത്തിൽ വിവിധതരം ഭിന്നശേഷിക്കാർക്ക്‌ ആവശ്യമായ തെറാപ്പി യൂണിറ്റുകളും തെറാപ്പിസ്റ്റുകളുടെ സേവനവും ലഭ്യമാക്കും. പ്രായമായവർക്കായി വൈദ്യസഹായം, പാലിയേറ്റീവ്‌ കെയർ, വിനോദോപാധികൾ എന്നിവ അടങ്ങുന്ന പരിചരണകേന്ദ്രവുമുണ്ട്‌. 

ഭിന്നശേഷിക്കാരുടെ അച്ഛനമ്മമാർക്ക്‌ ‘ശാക്തീകരണ’കേന്ദ്രം കൈത്താങ്ങാകും. ഇവരുടെ മാനസിക സമ്മർദം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും ഇടപെടും. മാനസികാരോഗ്യ വിദഗ്‌ധർ ഉൾപ്പെടെയുള്ളവരുടെ സേവനവും നൽകും. യോഗ്യരായ ഭിന്നശേഷിക്കാർക്ക്‌ തൊഴിൽ പരിശീലനം നൽകി വരുമാനദായക പദ്ധതികളും നടപ്പാക്കും. ഉൽപ്പന്നങ്ങൾ പുനരധിവാസ ഗ്രാമത്തിന്റെ ആവശ്യങ്ങൾക്കൊപ്പം വിപണികളിൽ വിൽക്കാനുള്ള സൗകര്യങ്ങളും സൃഷ്ടിക്കും. പുനരധിവാസ ഗ്രാമങ്ങൾ ഒരുക്കാൻ സ്ഥലങ്ങളുള്ള ജില്ലകളോട്‌ റിപ്പോർട്ട്‌ നൽകാൻ വകുപ്പ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top