16 September Tuesday

റോഡിലും ഇനി കൊച്ചി മിന്നും; 300 കോടിയുടെ പദ്ധതിയിൽ ഒരുങ്ങുന്നത്‌ 10 സ്‌മാർട്ട്‌ റോഡുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

സിഎസ്‌എംഎൽ നേതൃത്വത്തിൽ നവീകരിച്ച ഷൺമുഖം റോഡിന്റെ 
മേനകയിൽനിന്നുള്ള ദൃശ്യം

കൊച്ചി > കൊച്ചിൻ സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡ്‌ (സിഎസ്എംഎൽ) നേതൃത്വത്തിൽ നഗരത്തിലും പശ്ചിമകൊച്ചിയിലുമായി നടക്കുന്ന സ്‌മാർട്ട്‌ റോഡുകൾ ഉൾപ്പെടെയുള്ള പാതകളുടെ നിർമാണം അവസാനഘട്ടത്തിലേക്ക്. ന​ഗരത്തിൽ ബാനർജി റോഡ് ഒഴികെയുള്ള നാല്‌ സ്‌മാർട്ട്‌ റോഡുകളുടെയും മറ്റ് 40 റോഡുകളുടെയും നിർമാണം ജനുവരി അവസാനം പൂർത്തിയാകും.

പശ്ചിമകൊച്ചിയിലെ ഒന്ന്, രണ്ട് വാർഡുകളിലെ 53 റോഡുകളുടെ നിർമാണവും ഈമാസം പൂർത്തിയാകും. റോഡുകളിലെ പ്രധാന നിർമാണപ്രവൃത്തികൾ പൂർത്തിയായി. സൗന്ദര്യവൽക്കരണപ്രവൃത്തികൾ പുരോ​ഗമിക്കുകയാണ്‌. നടപ്പാത ഒരുക്കലും ചെടികൾ നടുന്നതും പൂർത്തിയാകുന്നമുറയ്ക്ക് റോഡുകൾ കൈമാറും. 300 കോടി രൂപയുടെ പദ്ധതിയാണിത്. പരിസ്ഥിതിസൗഹൃദ ​ഗതാ​ഗതസംവിധാനങ്ങൾക്ക് പ്രാധാന്യം നൽകിയാണ് റോഡുവികസനം.

നഗരത്തിൽ 5 സ്‌മാർട്ട്‌ 
റോഡുകൾ

ന​ഗരത്തിൽ അഞ്ച്‌ റോഡാണ് സ്‌മാർട്ടാകുന്നത്. ഭൂഗർഭ കേബിളുകളുള്ള റോഡുകളിൽ എൽഇഡി ലൈറ്റുകളുണ്ടാകും. വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനവും ഇവയ്‌ക്കുണ്ട്‌. എബ്രഹാം മാടമാക്കൽ, ദർബാർ ഹാൾ ​ഗ്രൗണ്ട്, പാർക്ക് അവന്യൂവും ലിങ്ക് റോഡും, ഷണ്മുഖം റോഡ്, ബാനർജി റോഡ് എന്നിവയാണവ. ആകെ നീളം 5.36 കിലോമീറ്ററാണ്. ഇതിൽ ബാനർജി റോഡിന്റെ നിർമാണംമാത്രം മെയ്‌ മാസം പൂർത്തിയാകും. കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ബാനർജി റോഡ് ഏറ്റെടുക്കൽ വൈകിയാണ് നടന്നത്. ന​ഗരത്തിലെ മറ്റ്‌ റോഡുകളുടെ ആകെ നീളം 13.8 കിലോമീറ്ററാണ്.

പശ്ചിമകൊച്ചിയിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ഡിവിഷനുകളിലാണ് റോഡുനിർമാണം നടക്കുന്നത്. ഒന്ന്, രണ്ട് ഡിവിഷനിൽമാത്രമായി 14.06 കിലോമീറ്റർ റോഡ് വികസിപ്പിക്കുന്നുണ്ട്. ഇതുൾപ്പെടെ 53 റോഡുകളുടെ നിർമാണം ഈമാസം അവസാനം പൂർത്തിയാകും. 

പശ്‌ചിമകൊച്ചിയിലും 
5 സ്‌മാർട്ട്‌ റോഡുകൾ

കെ ബി ജേക്കബ് റോഡ്, അമരാവതി റോഡ്, റിവർ റോഡ്, ബെല്ലാർ റോഡ്, കൽവത്തി റോഡ് എന്നിവയാണ് പശ്ചിമകൊച്ചിയിലെ സ്മാർട്ട് റോഡുകൾ. 3.24 കിലോമീറ്ററാണ് ആകെ നീളം. നിർമാണത്തിനുള്ള ടെൻഡർ നടപടി പുരോഗമിക്കുകയാണെന്ന് സിഎസ്എംഎൽ അധികൃതർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top