26 April Friday

കേന്ദ്രത്തിന്റെ സ്‌മാർട്ട്‌ വൈദ്യുതി മീറ്റർ ; കെഎസ്‌ഇബി തീരുമാനം നടപ്പാക്കരുത്‌ : സിഐടിയു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ ആർഡിഎസ്എസ് പദ്ധതി പ്രകാരം സ്മാർട്ട് വൈദ്യുതി മീറ്റർ സ്ഥാപിക്കാനുള്ള കെഎസ്‌ഇബി തീരുമാനം നടപ്പാക്കരുതെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വൈദ്യുതിമേഖലയിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന സ്വകാര്യവൽക്കരണ നടപടികളുടെ ഭാഗമാണ് പദ്ധതി. വൈദ്യുതി വിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമനിർമാണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിന്റെ മുന്നോടിയാണ് ഇത്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബി തകർക്കുന്ന കേന്ദ്രപദ്ധതി നടപ്പാക്കരുത്‌.

സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്‌ഇബിക്ക്‌ സ്വന്തം നിലയിലാകും. ആ സാധ്യതകളെ ഉപയോഗിക്കാതെ കേന്ദ്രപദ്ധതിയുടെ പിന്നാലെ പോകുന്നത് വിനാശകരമായ ഫലം ഉളവാക്കും. തൊഴിലാളി സംഘടനകളും ഓഫീസർമാരുടെ സംഘടനയും ബോർഡ് മാനേജ്മെന്റിന്റെ  നടപടിയെ എതിർത്തിട്ടുണ്ട്. ബദൽ സംവിധാനം സംബന്ധിച്ച നിർദേശങ്ങളും മുന്നോട്ടുവച്ചു. അത് പരിശോധിക്കാൻ  ബോർഡ് സന്നദ്ധമാകണം.

വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളികളും കർഷകരും രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർത്തിവരികയാണ്. ഈ സാഹചര്യത്തിൽ സ്മാർട്ട് മീറ്റർ പദ്ധതി അതേപടി നടപ്പാക്കുന്നതിൽനിന്ന് വൈദ്യുതി ബോർഡ് പിന്തിരിയണം–- സിഐടിയു ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എളമരം കരീം സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top