24 April Wednesday

സിൽവർ ലൈൻ: പിന്മാറ്റമില്ല, മറ്റ്‌ ബദൽ അപ്രായോഗികം

ദിനേശ്‌വർമUpdated: Sunday Jul 31, 2022

തിരുവനന്തപുരം > സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപി കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കിയെങ്കിലും ശക്തമായ കാരണം വ്യക്തമാക്കാതെ പദ്ധതിയിൽനിന്ന്‌ പിന്മാറാൻ കേന്ദ്രസർക്കാരിന്‌ കഴിയില്ല. അതേസമയം, പദ്ധതി വൈകിപ്പിക്കാൻ പറയുന്ന സമാന്തര പാതയും വളവുനിവർത്തലും അപ്രായോഗികമാണെന്ന്‌ റെയിൽവേതന്നെ നേരത്തേ വിലയിരുത്തിയിരുന്നു.

തത്വത്തിൽ അനുമതി നൽകി കേന്ദ്ര ധനമന്ത്രാലയം 2016 ആഗസ്‌ത്‌ അഞ്ചിനും റെയിൽ മന്ത്രാലയം 2018ലും അയച്ച കത്തും പ്രകാരമാണ്‌  സാമൂഹ്യാഘാത പഠനം, വായ്പ നടപടികളുമായി മുന്നോട്ടുപോയത്‌.  റെയിൽവേയുടെ സഹകരണത്തോടെ  കാസർകോട്‌, കണ്ണൂർ ജില്ലകളിലെ ഭൂമി സംയുക്ത പരിശോധനയും പൂർത്തിയാക്കി. സാമൂഹ്യാഘാത പഠനത്തിന്‌ സമയം നീട്ടാനുള്ള പരിശോധനയും നടക്കുന്നു. അലൈൻമെന്റിലടക്കം സാങ്കേതിക പോരായ്‌മകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ കേന്ദ്രത്തിന്‌ നിർദേശിക്കാം.

ഇത്തരമൊരു പദ്ധതിയില്ലാതെ കേരളത്തിന്‌ മുന്നോട്ടുപോകാനാകില്ല എന്നത്‌ എല്ലാവരും അംഗീകരിച്ചതാണ്‌. നിലവിലുള്ള പാതയുടെ വളവ്‌ നിവർത്തൽ 25 വർഷമായി റെയിൽവേ ചർച്ച ചെയ്‌ത്‌ അപ്രായോഗികമെന്നുകണ്ടാണ്‌  ഉപേക്ഷിച്ചത്‌. സമാന്തര മൂന്നാംപാതയുടെ പ്രധാന തടസ്സം സ്‌റ്റേഷനുകളുമായി യോജിപ്പിക്കാനാകാതെ നിലവിലുള്ള പാതയുടെ ഏറെ ദൂരത്താകും എന്നതാണ്‌. സർവേ കഴിഞ്ഞ ഷൊർണൂർ –- എറണാകുളം മൂന്നാം പാതയുടെ പ്രശ്‌ന‌വും ഇതാണ്‌.

വേഗട്രെയിൻ പ്രായോഗികമാകാത്തതിനു കാരണം പ്രതിപക്ഷ പാർടികളുടെ നിസ്സഹകരണവും അതിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളുമാണ്‌.  ഏറ്റവും ഒടുവിൽ ഹൈക്കോടതിയിൽ കേസ്‌ വന്നപ്പോൾ സ്ഥലപരിശോധനാ റിപ്പോർട്ട്‌ കിട്ടിയിട്ടില്ല, സാമൂഹ്യാഘാത പഠനത്തിന്‌ അനുവദിച്ചിട്ടില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. സംയുക്ത പരിശോധന പൂർത്തിയായിട്ടില്ല, സാമൂഹ്യാഘാത പഠനത്തിന്‌ കേന്ദ്രത്തിന്റെ അനുമതി ആവശ്യവുമില്ല.  എന്നിട്ടും വാർത്ത കേന്ദ്രം പദ്ധതിയെ എതിർത്തു എന്ന നിലയിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top