20 April Saturday

സിദ്ദിഖ്‌കാപ്പന്റെ അറസ്റ്റ് : ഭാര്യയെയും മകളെയും കക്ഷിചേർക്കാൻ സുപ്രീംകോടതി അനുമതി

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


ന്യൂഡൽഹി
ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പനെ മോചിപ്പിക്കണമെന്ന ഹർജിയിൽ അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയുംകൂടി കക്ഷിചേർക്കാൻ സുപ്രീംകോടതി അനുമതി. സിദ്ധിഖ് കാപ്പനെതിരായ ക്രിമിനൽകേസിൽ കേരളപത്രപ്രവർത്തക യൂണിയന് എങ്ങനെ ഇടപെടാനാകുമെന്ന് ബുധനാഴ്ച വാദംകേൾക്കവെ, ചീഫ്ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആരാഞ്ഞു. ഭാര്യയെയും മകളെയും കേസിൽ കക്ഷിചേർക്കാമെന്ന്‌ യൂണിയനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ഇതിന് കോടതി അനുമതി നൽകി. യൂണിയന്റെ സത്യവാങ്‌മൂലത്തിൽ ഉന്നയിച്ച കാര്യങ്ങൾക്ക്‌ മറുപടി നൽകാൻ യുപി‌ സർക്കാരിന്‌ ഒരാഴ്‌ച അനുവദിച്ചു. അടുത്ത ആഴ്‌ച കേസ്‌ വീണ്ടും പരിഗണിക്കും.

കുറ്റാരോപിതന്‌ എതിരെ എഫ്‌ഐആറിൽ ഉന്നയിച്ച ആരോപണം ജുഡീഷ്യൽ കസ്റ്റഡിയെ ന്യായീകരിക്കുന്നതാണോ എന്ന വസ്‌തുത കോടതി പരിശോധിക്കണമെന്ന്‌ അർണബ്‌ ഗോസ്വാമിക്ക്‌ ജാമ്യം നൽകിയ ഉത്തരവിൽ സുപ്രീംകോടതി നിർദേശിച്ചത് കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. സിദ്ദിഖിന്‌ സ്വന്തം നിലയ്‌ക്ക്‌ ജാമ്യത്തിന്‌ അപേക്ഷിക്കാവുന്നതാണെന്ന്‌ യുപി സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വാദിച്ചു. അർണബ്‌ ഗോസ്വാമിയുടെ കേസിൽ ജാമ്യാപേക്ഷ കീഴ്‌ക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ്‌ സുപ്രീംകോടതി അസാധാരണ ഇടപെടൽ നടത്തിയതെന്ന്‌ സിബൽ ഓർമിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top