29 March Friday

രാജ്യത്ത്‌ ജനാധിപത്യം ഭീഷണി നേരിടുന്നു: സിദ്ധാർഥ്‌ വരദരാജൻ

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022

എൻ നരേന്ദ്രൻ അനുസ്‌മരണത്തിൽ സിദ്ധാർഥ്‌ വരദരാജൻ പ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം > രാജ്യത്ത്‌ ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന്‌ പ്രമുഖ മാധ്യമപ്രവർത്തകൻ സിദ്ധാർഥ്‌ വരദരാജൻ. ജനാധിപത്യ ധ്വംസനത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ സ്വതന്ത്ര മാധ്യമങ്ങൾക്ക്‌ സാധിക്കും. സത്യസന്ധമായ ബദൽ മാധ്യമപ്രവർത്തനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടന്ന എൻ നരേന്ദ്രൻ അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റിൽ ചർച്ചകൾക്കുപോലും സർക്കാർ തയ്യാറാകുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയാവശ്യപ്പെട്ട പാർലമെന്റംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്‌ത്‌ പുറത്താക്കി. കറുത്ത വസ്ത്രമണിഞ്ഞുള്ള സമരത്തെ രാമക്ഷേത്രത്തിനെതിരായ പ്രതിഷേധമായാണ്‌  അമിത്‌ ഷാ വിലയിരുത്തിയത്‌. ആഭ്യന്തരമന്ത്രിതന്നെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
സർക്കാരിനെ വിമർശിക്കുന്നവർ ജാമ്യമില്ലാതെ തടവിലാണ്‌.

എന്നാൽ, വർഗീയ വിഷം ചീറ്റുകയും വംശഹത്യയ്‌ക്ക്‌ ആഹ്വാനം നൽകുകയും ചെയ്യുന്നവർക്ക്‌ പ്രോത്സാഹനം ലഭിക്കുകയാണ്‌. ഇത്തരം കേസുകളിൽ ജാമ്യം ലഭിക്കുന്നത്‌ വളരെ എളുപ്പത്തിലാണ്‌.  കോടതികൾ സർക്കാരിനെ സഹായിക്കുന്ന സ്ഥാപനങ്ങളായി. ഭരിക്കുന്ന പാർടിക്ക്‌ ഫണ്ട്‌ നൽകുന്നവരാരെന്നുപോലുമറിയാത്ത അവസ്ഥയാണിപ്പോൾ. ഇതുമായി ബന്ധപ്പെട്ട കേസും കെട്ടിക്കിടക്കുന്നു.

ഫെഡറലിസത്തെയും ലക്ഷ്യംവച്ചിരിക്കുകയാണ്‌. സംസ്ഥാനങ്ങൾ ശക്തമായിരുന്നാലേ കേന്ദ്രത്തിനും അത്‌ സാധ്യമാകൂ. ഫെഡറലിസത്തിനെതിരായ നീക്കങ്ങൾക്കെതിരെ കേരളം, തമിഴ്‌നാട്‌ അടക്കമുള്ള സംസ്ഥാനങ്ങളിൽ ചില പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്‌.
മാധ്യമങ്ങൾ ഭൂരിപക്ഷവും കേന്ദ്രസർക്കാർ ക്യാമ്പിലാണ്‌. വർഗീയതയുടെയും മുസ്ലിം വിരുദ്ധതയുടെയും പ്രചാരകരായി അത്തരം മാധ്യമങ്ങൾ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻ നരേന്ദ്രന്റെ സുഹൃത്തുക്കൾ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിൽ മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടി മോഡറേറ്ററായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top