തിരുവനന്തപുരം
തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ഒരു എംപിയടക്കം 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പരാജയത്തെക്കുറിച്ച് പഠിച്ച സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വലുപ്പച്ചെറുപ്പം നോക്കാതെ നോട്ടീസ് നൽകും.
ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർക്കാണ് നോട്ടീസ്. വടക്കൻ ജില്ലയിൽ നിന്നുള്ള എംപിയാണ് കൂട്ടത്തിലുള്ളത്. നോട്ടീസ് നൽകിയ ശേഷമേ പേര് പുറത്തുവിടൂവെന്നാണ് വിശദീകരണം.
തെരഞ്ഞെടുപ്പിൽ പാലം വലിക്കുകയും അവമതിപ്പ് ഉണ്ടാക്കുകയും ചെയ്‌തതു സംബന്ധിച്ച 58 പരാതി പ്രത്യേകം പരിശോധിക്കും. ഘടകകക്ഷികൾ മത്സരിച്ച ചവറ, കുന്നത്തൂർ, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലെയും കോൺഗ്രസ് മത്സരിച്ച കായംകുളം, അടൂർ, പീരുമേട്, തൃശൂർ, ബാലുശേരി മണ്ഡലങ്ങളിലെയും തോൽവി വിലയിരുത്താൻ കെ മോഹൻകുമാർ, പി ജെ ജോയി, കെ പി ധനപാലൻ എന്നിവരെ ചുമതലപ്പെടുത്തി. സ്വന്തം പ്രദേശത്ത് സംഘടനാചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കാത്തവരെ ഒരു പദവിയിലും പരിഗണിക്കില്ലെന്ന് കെ സുധാകരൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..