19 April Friday

യുവതിയുടെ ആത്മഹത്യ ; രാഷ്‌ട്രീയവേട്ടയ്‌ക്കിറങ്ങി 
ബിജെപിയും മാധ്യമങ്ങളും

പ്രത്യേക ലേഖകൻUpdated: Thursday Feb 9, 2023


കണ്ണൂർ
മൊകേരി കൂരാറയിലെ യുവതിയുടെ ആത്മഹത്യയെ 24 വർഷംമുമ്പ്‌ നടന്ന കെ ടി ജയകൃഷ്‌ണൻ കൊലപാതകവുമായി കൂട്ടിക്കെട്ടുന്നതിനുപിന്നിൽ ഹീനമായ രാഷ്‌ട്രീയ ദുഷ്‌ടലാക്ക്‌. ജീവിതം മടുത്തിട്ടാണ്‌ ആത്മഹത്യചെയ്യുന്നതെന്നും മറ്റാരും ഉത്തരവാദികളല്ലെന്നുമുള്ള മരണമൊഴിപോലും മറച്ചുവച്ചാണ്‌ കള്ളപ്രചാരണം.  കഴിഞ്ഞ ദിവസമാണ്‌ കൂരാറ ചെക്കുട്ടിന്റവിട ഷെസീന (34) വിഷംകഴിച്ച്‌ മരിച്ചത്‌.

യുവമോർച്ച നേതാവായിരുന്ന കെ ടി ജയകൃഷ്‌ണൻ 1999ലാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തിനു സാക്ഷിയായതിന്റെ ആഘാതമാണ്‌ യുവതിയുടെ ആത്മഹത്യയ്‌ക്കു കാരണമെന്നാണ്‌ പ്രചാരണം. ആർഎസ്‌എസ്‌ കേന്ദ്രങ്ങൾ പടച്ചുണ്ടാക്കിയ കെട്ടുകഥ വലതുപക്ഷ മാധ്യമങ്ങൾ ഏറ്റെടുത്ത്‌ പ്രചരിപ്പിക്കുകയാണ്‌. ആർഎസ്‌എസ്സിന്റെയും ബിജെപിയുടെയും ആസൂത്രിത നീക്കങ്ങളിൽ കോൺഗ്രസും വീണിരിക്കുകയാണ്‌.

24 വർഷവും നല്ലനിലയിൽ  ജീവിച്ച യുവതിയെയാണ് ചിലരുടെ താൽപ്പര്യത്തിനായി  മാനസികരോഗിയാക്കുന്നത്‌. ബിരുദവും കംപ്യൂട്ടർ പഠനവും പൂർത്തിയാക്കിയ യുവതി മൂന്നു വർഷം തിരുവങ്ങാട്‌ വില്ലേജ്‌ ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ജോലിയുംചെയ്‌തു. ഇവർ ഒരിക്കലും മാനസികരോഗത്തിന്റെ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ്‌ ജീവനൊടുക്കുന്നതെന്നു വ്യക്തമാക്കിയ യുവതിയെയാണ്‌ മരണാനന്തരം മാനസികരോഗിയാക്കി അവഹേളിക്കുന്നത്‌.

ജയകൃഷ്‌ണൻ വധക്കേസിൽ ഒരാൾമാത്രമാണ്‌ ശിക്ഷിക്കപ്പെട്ടത്‌. പ്രതിസ്ഥാനത്തുണ്ടായിരുന്ന മറ്റുള്ളവരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കി. പരമോന്നത കോടതിവരെ തീർപ്പുകൽപ്പിച്ച കേസ്‌ വീണ്ടും കുത്തിപ്പൊക്കുന്നവർക്ക്‌ കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്‌–- സിപിഐ  എമ്മിനെ വീണ്ടും പ്രതിക്കൂട്ടിലേറ്റി കടന്നാക്രമിക്കുക. അതിനായി ഷെസീനയുടെ ആത്മഹത്യ ആയുധമാക്കുകയാണ്‌. ഏത്‌ അന്വേഷണത്തെയും  സ്വാഗതം ചെയ്യുന്നുവെന്ന്‌ സിപിഐ എം നേരത്തെ വ്യക്തമാക്കിയതാണ്‌.

ഷെസീനയുടെ ആത്മഹത്യയെ ജയകൃഷ്‌ണൻ കൊലപാതകവുമായി ബന്ധപ്പെടുത്താനുള്ള നീക്കങ്ങൾക്കൊപ്പം, ബിജെപി മുൻ സസ്ഥാന  പ്രസിഡന്റ്‌ സി കെ പത്മനാഭന്റെ പഴയ അഭിമുഖവും വീണ്ടും ചർച്ചയായിട്ടുണ്ട്‌. ‘കെ ടി ജയകൃഷ്‌ണന്റെ അധ്യായം അവസാനിച്ചു; ഇനി അത്‌ തുറക്കേണ്ട’ എന്നാണ്‌ സംസ്ഥാന പ്രസിഡന്റായിരിക്കെ പത്മനാഭൻ ഒരു പത്രത്തിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top