26 April Friday

പൊരുതിനേടുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്‌; ഷഹാനയുടെ നിശ്ചയദാർഢ്യവും തളരാത്ത പോരാട്ടവീറും ഒരുപാട്‌ മനുഷ്യർക്ക്‌ പ്രചോദനമാകും: മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

സിവിൽ സർവ്വീസ്‌ പരീക്ഷയിൽ വിജയിച്ച വയനാട്ടിയെ ഷെറിൻ ഷഹാനയെ സന്ദർശിച്ച്‌ മന്ത്രി എം ബി രാജേഷ്‌. കമ്പളക്കാട്ടെ വീട്ടിലെത്തിയാണ്‌ മന്ത്രി ഷഹാനയെ സന്ദർശിച്ചത്‌. എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങൾക്ക്‌ സൂര്യതേജസുണ്ടെന്ന്‌ മന്ത്രി ഫെയസ്‌ബുക്കിൽ കുറിച്ചു. ഷഹാനയുടെ ഈ നിശ്ചയദാർഢ്യവും തളരാത്ത പോരാട്ടവീറും സമാനതകളില്ലാത്ത ഇച്ഛാശക്തിയും ഒരുപാട്‌ മനുഷ്യർക്ക്‌, പ്രത്യേകിച്ച്‌ പെൺകുട്ടികൾക്ക്‌ പ്രചോദനത്തിന്‌ കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ കുറിപ്പ്‌ പൂർണരൂപം:

പ്രകാശം പരത്തുന്നൊരു പെൺകുട്ടിയെക്കുറിച്ചാണ്‌ ഈ കുറിപ്പ്‌. നിരാശയുടെയും തകർച്ചയുടെയും തമോഗർത്തങ്ങളിൽ നിന്ന്, അസാധ്യമെന്ന് തോന്നിച്ച വെളിച്ചത്തിന്റെ ഉയരമെത്തിപ്പിടിച്ച പോരാളിയായ ഒരുവൾ. ഷെറിൻ ഷഹാന. വയനാട്ടിലെ അദാലത്ത്‌ കഴിഞ്ഞ്‌ മടങ്ങുന്ന വഴിക്ക്‌ കമ്പളക്കാട്ടെ വീട്ടിലെത്തി ഷെറിൻ ഷഹാനയെ കണ്ടു.

സ്‌കൂളിൽ പോയിട്ടില്ലാത്ത ബാപ്പ, നാലാം ക്ലാസ്‌ വരെ മാത്രം പഠിച്ച ഉമ്മ, ആ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഷഹാന പഠിച്ചുമുന്നേറി. പിജിക്ക്‌ പഠിക്കുമ്പോൾ വിവാഹം. കൊടിയ ഗാർഹിക പീഡനങ്ങൾ കൊണ്ട്‌, വിവരണാതീതമായ ഒരു ദുരന്തമായി അവസാനിച്ച വിവാഹജീവിതം. ശരീരമാസകലം ബ്ലേഡ്‌ കൊണ്ട്‌ വരഞ്ഞു മുറിവേൽപ്പിച്ച്‌ ഷവറിന്‌ താഴെക്കൊണ്ടുപോയി നിർത്തി, ആ മുറിവിലേക്ക്‌ തണുത്ത വെള്ളം വീഴുമ്പോഴുള്ള സഹിക്കാനാകാത്ത വേദനകൊണ്ട്‌ താൻ പുളയുന്നത്‌ കണ്ട്‌, ആർത്തട്ടഹസിച്ച്‌ ചിരിച്ച ഭർത്താവിനെക്കുറിച്ച്‌ ഷഹാന ഒരിക്കൽ സമൂഹമാധ്യമങ്ങളിൽ എഴുതിയിട്ടുണ്ട്‌.

പരാജയത്തിൽ കലാശിച്ച, ദുസ്വപ്‌ന‌‌ങ്ങളിൽ പോലും ഓർക്കാൻ ആഗ്രഹമില്ലാത്ത ആ വിവാഹ ജീവിതത്തിന്റെ ക്ഷതം വിട്ടുമാറും മുൻപ്, ഷഹാനയെ എന്നന്നേക്കുമായി വീൽചെയറിലെത്തിച്ച അപകടവും നടന്നു. ഉണക്കാനിട്ട തുണി എടുക്കാൻ വീടിന്റെ രണ്ടാം നിലയിൽ കയറിയതാണ്‌. കാല്‌ വഴുതി താഴേക്ക്‌ വീണ്‌ ഗുരുതരമായി പരുക്കേറ്റ്‌ വീൽ ചെയറിനെ ആശ്രയിക്കേണ്ട സ്ഥിതിയിലായി. ഈ ദുരന്തങ്ങളൊന്നും ഷഹാനയിലെ പോരാളിയെ തളർത്തിയില്ല. ഈ ക്ഷതങ്ങളും വേദനകളും ഉള്ളിലൊതുക്കിപ്പിടിച്ച്‌ വീൽചെയറിലിരുന്ന് ഷഹാന സിവിൽ സർവ്വീസ്‌ സ്വപ്‌നം കണ്ടു. അതിനുവേണ്ടി കഠിനമായി അധ്വാനിച്ചു. നാലാം ക്ലാസുകാരിയായ ഉമ്മയും, സ്വീഡനിൽ കാലാവസ്ഥാ വ്യതിയാനത്തിൽ പി എച്ച്‌ ഡി ചെയ്യുന്ന സഹോദരിയും, മറ്റ്‌ രണ്ട്‌ സഹോദരിമാരും കട്ടയ്ക്ക്‌ ഒപ്പം നിന്നു. തന്റെ മകൾ സിവിൽ സർവ്വീസുകാരി ആകുമെന്ന് മറ്റാരേക്കാൾ തീർച്ച ഉമ്മയ്ക്കുണ്ടായിരുന്നു എന്ന് ഷഹാന പറഞ്ഞു.

ഒടുവിൽ ഷഹാനയുടെ ആഗ്രഹം സഫലമായി, ഉമ്മയുടെ തീർച്ച ശരിയുമായി. സിവിൽ സർവ്വീസ്‌ പരീക്ഷയിൽ ഷഹാന വിജയം നേടി. അതിനിടയിൽ വാഹനാപകടത്തിന്റെ രൂപത്തിൽ വീണ്ടും ഒരു ദുരന്തം കൂടി ഏറ്റുവാങ്ങേണ്ടിവന്നു ഷഹാനയ്ക്ക്‌. ആശുപത്രിക്കിടക്കയിൽ കിടക്കുമ്പോഴാണ്‌ സിവിൽ സർവ്വീസ്‌ വിജയത്തിന്റെ മധുരവാർത്ത എത്തുന്നത്‌.

എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങൾക്ക്‌ സൂര്യതേജസുണ്ട്‌. പൊരുതിനേടുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്‌. ഷഹാനയുടെ ഈ നിശ്ചയദാർഢ്യവും തളരാത്ത പോരാട്ടവീറും സമാനതകളില്ലാത്ത ഇച്ഛാശക്തിയും ഒരുപാട്‌ മനുഷ്യർക്ക്‌, പ്രത്യേകിച്ച്‌ പെൺകുട്ടികൾക്ക്‌ പ്രചോദനത്തിന്‌ കാരണമാകും എന്ന് തോന്നിയത്‌ കൊണ്ടാണ്‌, ആ കൂടിക്കാഴ്‌ചയെക്കുറിച്ച്‌ ഇവിടെ പങ്കുവെക്കുന്നത്. ഷഹാനയ്ക്ക്‌ സ്നേഹാശംസകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top