29 March Friday

തരൂരിന്റെ വരവ്‌; 
പത്തനംതിട്ടയിലും തര്‍ക്കം, ഡിസിസി ഇടഞ്ഞുതന്നെ

സ്വന്തം ലേഖകൻUpdated: Sunday Nov 27, 2022
അടൂർ > ശശി തരൂരിന്റെ ജില്ലയിലെ  സന്ദർശനത്തെ ചൊല്ലി ജില്ലയിലെ കോൺഗ്രസിലും ഭിന്നത രൂക്ഷം. ഡിസംബർ നാലിനാണ് ബോധിഗ്രാം എന്ന സംഘടനയുടെ പേരിൽ അടൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ശശി തരൂർ പങ്കെടുക്കുന്നത്. ബോധി  ഗ്രാമിന് രാഷ്ട്രീയപ്രസ്ഥാനങ്ങളോട് അടുപ്പമില്ലെന്ന് പറയുന്നെങ്കിലും ഇന്നത്തെ രാഷ്ട്രീയ അവസ്ഥയിൽ തരൂരിന്റെ സന്ദർശനത്തിന് പ്രാധാന്യം ഏറെ.
 
ജില്ലയിൽ പല തട്ടുകളായി നിൽക്കുന്ന കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായത്തിലാണ്. ജില്ലയിൽ പിജെ കുര്യൻ പങ്കെടുക്കുമെന്ന്‌ അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഡിസിസി പ്രസിഡന്റ് മൗനത്തിലാണ്. എ വിഭാ​ഗം എല്ലാ പിന്തുണയും തരൂരിന്റെ നീക്കത്തിന് നൽകുന്നുണ്ട്. സ്ഥലം എംപി കൂടിയായ ആന്റോ ആന്റണിക്ക് യോ​ഗത്തിലേക്ക് ക്ഷണമുണ്ട്. അദ്ദേഹം പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
 
ഡിസിസി പ്രസിഡന്റ് യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് വലിയൊരു വിഭാ​ഗം കോൺ​ഗ്രസ് നേതാക്കൾ ജില്ലയിൽ സമ്മർദ്ദം ചെലുത്തുന്നത്. ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് പറഞ്ഞു.  അതത് ജില്ലകളിൽ ഡിസിസിയുടെ അനുമതിയോടെ മാത്രമെ ഇത്തരത്തിൽ യോ​ഗത്തിൽ പങ്കെടുക്കാവു എന്ന താരിഖ്  അൻവറുടെ  അഭിപ്രായം ജില്ലയിൽ പാലിക്കപ്പെട്ടിട്ടില്ല. സംഘാടകർ പ്രസിഡന്റിനെ ക്ഷണിച്ചെങ്കിലും ജില്ലാ നേതൃത്വം വ്യക്തമായ തീരുമാനത്തിലെത്തിയിട്ടില്ല.
 
​ഗ്രൂപ്പിസത്തിന്റെ മറ്റൊരു രൂപം തന്നെയാണ് തരൂരിന്റെ നീക്കത്തിന് പിന്നിലെന്നും അതിന് പ്രോത്സാഹനം നൽകരുതെന്നുമാണ് മറ്റുവിഭാ​ഗങ്ങളുടെ അഭിപ്രായം. ഏകദേശം എല്ലാ ​ഗ്രൂപ്പുകളും ഇക്കാര്യത്തിൽ ജില്ലയിൽ യോജിപ്പിലുമാണ്‌. പഴയ എ വിഭാ​ഗത്തിലെ നേതാക്കൾ കാര്യമായ സ്വാധീനമില്ലാത്തവരാണെന്നും ഇനി അവർക്ക് ബലമേകുന്ന തരത്തിൽ പ്രോത്സാഹനം നൽകുന്ന നീക്കം ഡിസിസിയിൽ നിന്ന് ഉണ്ടാകരുതെന്നാണ് വിവിധ ​ഗ്രൂപ്പുകാരുടെ നിലപാട്. ഡിസിസി പുനസംഘടന ലക്ഷ്യം വച്ച് പലരെയും വെട്ടാനും വീഴ്ത്താനും തക്കം നോക്കി കരുക്കൾ നീക്കുന്നതിനിടയിൽ വീണ്ടും പഴയ ശക്തികളെ പുനരുജ്ജീവിപ്പിക്കുന്ന തരത്തിൽ നിലപാട് എടുക്കരുതെന്ന് അവർ ഏക സ്വരത്തിൽ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top