കൊച്ചി > തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമൂഹത്തിൽ പ്രതിക്കെതിരെ നിലനിൽക്കുന്ന വികാരം മാത്രം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കാനാവില്ലെന്നും വിചാരണ നടക്കാനിരിക്കുന്ന കേസിൽ ജാമ്യം തടയാനാവില്ലെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നടക്കാനിരിക്കുന്ന കേസിൽ കസ്‌റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും കേസ് അന്വേഷണവുമായി സഹകരിച്ചതായും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഗ്രീഷ്‌മ നൽകിയ ഹർജി ജസ്‌റ്റിസ് സി പി മുഹമ്മദ് നിയാസാണ് പരിഗണിച്ചത്.
മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയുമായ ഷരോണിനെയാണ് പെൺസുഹൃത്തായ ഗ്രീഷ്‌മ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി വിവാഹം നിശ്‌ചയിച്ചതിനാൽ ബന്ധത്തിൽ പിൻമാറണമെന്നാവശ്യം നിഷേധിച്ചതിനെ തുടർന്ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകുകയായിരുന്നു. 2022 ഒക്‌ടോബർ 14നാണ് സംഭവം. സംഭവത്തെ തുടർന്ന് ആശുപത്രിയിലായ ഷാരോൺ ഒക്ടോബർ 25ന് മെഡിക്കൽ കോളേജിലാണ് മരിച്ചത്. കേസിൽ കുറ്റപത്രം നൽകിയതിനെ തുടർന്നാണ് ഗ്രീഷ്‌മ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഷാരോണിന്റെ മരണമൊഴിയിൽ തനിക്കെതിരെ ആരോപണമില്ലെന്നും കസ്‌റ്റഡിയിൽ വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി റദ്ദാക്കിയെന്നുമുള്ള ഹർജിക്കാരിയുടെ വാദങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് പ്രധാനവ്യവസ്ഥ. വിചാരണ കോടതി ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം, മേൽവിലാസവും മൊബൈൽ ഫോൺ നമ്പറും കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും നൽകണമെന്നുമുള്ളതാണ് മറ്റ് പ്രധാന ജാമ്യ വ്യവസ്ഥകൾ. കേസിലെ മറ്റു പ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മല കുമാരനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..