11 December Monday

ഗ്രീഷ്‌മയുടെ ജാമ്യം; സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ ഷാരോണിന്റെ അച്ഛൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

മാവേലിക്കര /പാറശാല> പ്രണയം നടിച്ച്‌ വിഷംചാലിച്ച കഷായം നൽകി ആൺസുഹൃത്ത്‌ ഷാരോണിനെ കൊന്ന പ്രതി ഗ്രീഷ്‌മ 11 മാസത്തെ ജയിൽവാസത്തിനൊടുവിൽ ജാമ്യത്തിലിറങ്ങി. അഭിഭാഷകരായ സുനീഷ് ചന്ദ്രലേഖ, കോടതി ജീവനക്കാരി,  അമ്മാവൻ എന്നിവരാണ് ഗ്രീഷ്‌മയെ കൊണ്ടുപോകാൻ എത്തിയത്. ഏഴരയോടെ ജയിലിലെത്തി 10 മിനിറ്റിനുള്ളിൽ നടപടി പൂർത്തീകരിച്ചാണ്‌ ജയിലിൽ നിന്നിറങ്ങിയത്‌.  കുറ്റബോധമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി. കോടതി തീരുമാനിക്കട്ടെ എന്നും തനിക്കൊന്നും പറയാനില്ലെന്നും പറഞ്ഞ് ഗ്രീഷ്‌മ കാറിൽ കയറി.

മകന്‌ നീതിലഭിക്കാൻ ഏതറ്റംവരെയും പോകുമെന്ന്‌ ഷാരോണിന്റെ അച്ഛൻ ജയരാജ്‌ പാറശാലയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.  ഗ്രീഷ്‌മയ്‌ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ്‌ കുടുംബത്തിന്റെ പ്രതികരണം. മനസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിച്ചുകൂടാ. പ്രതിക്ക്‌ കടുത്തശിക്ഷ ഉറപ്പാക്കണം. നീതി ഉറപ്പാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകുമെന്നും ജയരാജ്‌ പറഞ്ഞു.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനാൽ പ്രണയബന്ധത്തിൽനിന്ന്‌ പിന്മാറണമെന്ന ഗ്രീഷ്‌മയുടെ ആവശ്യം നിഷേധിച്ചതോടെ ഷാരോണിനെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി കഷായത്തിൽ വിഷം ചേർത്ത്‌ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. അട്ടക്കുളങ്ങര ജയിലിൽ കഴിയുമ്പോൾ ഉദ്യോഗസ്ഥരുമായുണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന്‌ ഗ്രീഷ്‌മയെ ഒരാഴ്‌ചമുമ്പ്‌ മാവേലിക്കരയിലേക്ക്‌ മാറ്റി. പലപ്പോഴായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷംകലർത്തി നൽകി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തമിഴ്‌നാട്ടിൽ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒന്നാംപ്രതി ഗ്രീഷ്‌മ നൽകിയ ഹർജിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാമെന്നും അവിടെ തീരുമാനമെടുക്കുമെന്നും നിർദേശിച്ചാണ്‌ ജസ്റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണൻ തുടർനടപടികൾ അവസാനിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top