29 March Friday

ജാമിയ മിലിയ സംഘർഷത്തില്‍ കോടതി: ‘വിദ്യാർഥികളെ ബലിയാടാക്കരുത്'

സ്വന്തം ലേഖകൻUpdated: Sunday Feb 5, 2023

ന്യൂഡൽഹി
ജാമിയ മിലിയ സംഘർഷ കേസിൽ ജെഎൻയു വിദ്യാർഥിയും ആക്ടിവിസ്റ്റുമായ ഷർജിൽ ഇമാം ഉൾപ്പെടെ 11 പേരെ ഡൽഹി കോടതി വെറുതെ വിട്ടു. ഷർജിൽ ഇമാം, ആസിഫ്‌ ഇഖ്‌ബാൽ തൻഹ, സഫൂറാ സർഗർ തുടങ്ങിയവരെ ഡൽഹി പൊലീസ്‌ ബലിയാടാക്കിയെന്ന്‌ സാകേത്‌ ജില്ലാ കോടതി അഡീഷണൽ സെഷൻസ്‌ ജഡ്‌ജി അരുൾ വർമ കുറ്റപ്പെടുത്തി. യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാതെ ആൾക്കൂട്ടത്തിൽനിന്ന്‌ ചിലരെ തെരഞ്ഞുപിടിച്ച്‌ പ്രതികളാക്കുകയായിരുന്നെന്നും കോടതി വിമർശിച്ചു. പ്രതിഷേധസ്ഥലത്ത്‌ ഉണ്ടായിരുന്നുവെന്നതുകൊണ്ടുമാത്രം ആരും കുറ്റവാളിയാകുന്നില്ല. ഡൽഹി പൊലീസ്‌ അങ്ങനെ ചിലരെ പ്രതികളായും സാക്ഷികളായും മുദ്രകുത്തി.

പ്രതിഷേധങ്ങളെയും കലാപങ്ങളെയും അന്വേഷണ ഏജൻസികൾ ഒരേ കണ്ണിലൂടെ കാണരുതെന്ന ശ്രദ്ധേയ നിരീക്ഷണവും കോടതിയിൽനിന്നുണ്ടായി. ‘അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും പൗരമനഃസാക്ഷിയുടെ പ്രതിഫലനമാണ്‌. മനഃസാക്ഷിയാണ്‌ വിയോജിപ്പിന്റെ ഉറവിടമെന്ന ഗാന്ധി വചനം മറക്കരുത്‌. അവ രേഖപ്പെടുത്താൻ സ്ഥലവും വേദിയും അനുവദിക്കണം. ഫോട്ടോകളിലും വീഡിയോകളിലും പ്രതികളാക്കിയവർ ബാരിക്കേഡുകൾക്കു പിന്നിൽ നിൽക്കുന്നതായാണ്‌ കാണുന്നത്‌. ഇവർക്കെതിരെ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ല. ഊഹാപോഹങ്ങളുടെയും കിംവദന്തികളുടെയും അടിസ്ഥാനത്തിൽ ആരെയും ജയിലിലിടാനാകില്ല.- പ്രോസിക്യൂഷൻ ഉദാസീനമായി പ്രവർത്തിച്ചെന്നും കോടതി  തുറന്നടിച്ചു.

അതേസമയം, മറ്റൊരു പ്രതി മുഹമ്മദ്‌ ഇല്യാസിനെതിരെ കോടതി കുറ്റം ചുമത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബർ 13ന്‌ ജാമിയ മിലിയയിൽ വലിയ പ്രതിഷേധവും മൂന്നു ദിവസം നീണ്ട സംഘർഷങ്ങളുമുണ്ടായതിന്റെ പേരിലാണ് കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top