20 April Saturday

ത്രിശൂലമല്ല, കേരള നിയമസഭ നൽകുന്നത്‌ പുസ്‌തകങ്ങൾ : ശരണ്‍കുമാര്‍ ലിംബാളെ

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023


തിരുവനന്തപുരം
കേരള നിയമസഭ ജനങ്ങളുടെ കൈയിൽ ത്രിശൂലം നൽകാനല്ല പുസ്തകങ്ങൾ വച്ചുനൽകാനാണ് ശ്രദ്ധിക്കുന്നതെന്ന് പ്രമുഖ മറാത്തി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ. മറ്റ് നിയമസഭകളുടെ പ്രവർത്തനം ചുമരകൾക്കുള്ളിൽ മാത്രം ഒതുങ്ങുമ്പോൾ കേരള നിയമസഭ ചുമരിനപ്പുറം ജനങ്ങളിലേക്ക് എത്തുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന പ്രഥമ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


 

സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിയമസഭാ സാമാജികനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്പീക്കർ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡന്റ് ദ്രൗപദി മുർമുവിന്റെ സന്ദേശം നിയമസഭാ സെക്രട്ടറി എ എം ബഷീർ വായിച്ചു. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം എഡിഷന്റെ ലോഗോ  ഉമ്മൻചാണ്ടി പ്രകാശിപ്പിച്ചു. 2024 ജനുവരി 8 മുതൽ 14 വരെയാണ് രണ്ടാം എഡിഷൻ പുസ്തകോത്സവം. ഗതാഗത മന്ത്രി ആന്റണി രാജു, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌ കുമാർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, വി ജോയി എംഎൽഎ  എന്നിവർ സംസാരിച്ചു.

ആറ് പുസ്തകം പ്രകാശിപ്പിച്ചു
മ്യൂസ് മേരിയുടെ ‘മേരീസ് മ്യൂസിംഗ്‌സ്' ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പ്രകാശിപ്പിച്ചു. ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘സ്വച്ഛഭവനം' പ്രൊഫ. അലിയാർ പ്രകാശിപ്പിച്ചു. ഡോ. എൻ ഗോപകുമാരൻ നായരുടെ ‘ഹിസ്റ്ററി ഓഫ് സ്‌കൂൾ എഡ്യൂക്കേഷൻ ഇൻ കേരള സിൻസ് ഇൻഡിപെൻഡൻസ്' എന്ന പുസ്തകം ഡോ. ജി ഗോപകുമാറും ഡോ. അജിത് ബാബുവിന്റെ ‘വേഗവർത്തമാനം' വിനു എബ്രഹാമും ജി ആർ ഇന്ദുഗോപന്റെ ‘വാട്ടർ ബോഡി', ‘മണൽ ജീവികൾ’ എന്നീ പുസ്തകങ്ങൾ എസ്‌ ആർ ലാലിനു നൽകി ബി മുരളിയും പ്രകാശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top