25 September Monday

"ഷാജൻ സ്‌കറിയ നിലവാരം കുറഞ്ഞ മാധ്യമപ്രവർത്തകൻ, അഹങ്കാരവും തലക്കനവും'; ഉപദേശിച്ച്‌ കെ എം ഷാജഹാൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കൊച്ചി > വ്യാജ വാർത്താ കേസുകൾക്ക് നടപടി നേരിടുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് അഹംഭാവവും അഹമ്മതിയുമെന്ന് കോടതിയലക്ഷ്യ കേസിൽ നടപടി നേരിടുന്ന കെ എം ഷാജഹാൻ. ഷാജന്റെ കേസുകൾ സംബന്ധിച്ച് യൂട്യൂബ് ചാനലിൽ നടത്തിയ പ്രതികരണത്തിലാണ് ഷാജഹാന്റെ വിമർശനവും ഉപദേശവും. മറുനാടൻ മലയാളിയിലെ സ്ഥിരം അതിഥിയും ഷാജൻ സ്‌കറിയക്കൊപ്പം വിശകലനങ്ങളിലും പങ്കെടുത്തുകൊണ്ടിരുന്നയാളുമാണ്‌ കെ എം ഷാജഹാൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വൻ വിജയം നേടുമെന്ന്‌ പറഞ്ഞുകൊണ്ടുള്ള ഇരുവരുടേയും വീഡിയോ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ഷാജഹാൻ തോൽക്കുമെന്ന്‌ പറഞ്ഞ എൽഡിഎഫ്‌ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്‌തു.

"വ്യൂവർഷിപ്പിന്റെ കാര്യത്തിൽ അപ്രമാദിത്തം ഉണ്ടായപ്പോൾ ഷാജൻ സ്‌കറിയക്ക്‌ തലക്കനം ഉണ്ടായി. കാഴ്‌ചക്കാർ കൂടിയപ്പോൾ ആളുകളെല്ലാം തന്നെ അന്ധമായി പിന്തുണയ്‌ക്കുകയാണെന്ന ഒരു തോന്നൽ അറിഞ്ഞോ അറിയാതെയോ തലക്കകത്തേക്ക്‌ കയറി. അഹംഭാവവും അഹമ്മതിയും അഹങ്കാരവും ഷാജന്‌ ഉണ്ടായി. എന്ത്‌ വിഷയത്തിൽ അഭിപ്രായം പറഞ്ഞാലും അതാണ്‌ അവസാന വാക്ക്‌ എന്ന നിലയിലേക്ക്‌ മാറുന്നതാണ്‌ കണ്ടത്‌. ഷാജൻ സ്‌കറിയ ഒരു ബിലോ ആവറേജ്‌ മാധ്യമപ്രവർത്തകൻ ആയിട്ടാണ്‌ തോന്നിയിട്ടുള്ളത്‌. അത്രയേ ഒള്ളൂ' - ഷാജഹാൻ വീഡിയോയിൽ പറഞ്ഞു.

താനും പലർക്കുമെതിരെ വീഡിയോ ചെയ്‌തിട്ടുണ്ടെന്നും ആകെ ഒരു കോടതിയലക്ഷ്യ കേസ്‌ മാത്രമാണ്‌ ഉള്ളതെന്നും ഷാജഹാൻ പറയുന്നു. ഷാജൻ വായിൽ തോന്നിയതെല്ലാം വിളിച്ച്‌ പറഞ്ഞാണ്‌ യൂസഫലിക്കെതിരായ വീഡിയോ ചെയ്‌തിട്ടുള്ളതെന്നും, പ്ലാൻ ചെയ്‌ത്‌ ചെയ്യണമെന്നും ഷാജഹാൻ ഉപദേശിക്കുന്നുണ്ട്‌.

അതേസമയം ജഡ്‌ജിക്കെതിരെ വ്യക്തിപരമായി ആരോപണം ഉന്നയിച്ചതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ കേസിൽ  നിരുപാധികം മാപ്പ് എഴുതി നൽകാമെന്ന് കെ എം ഷാജഹാൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌. ഇക്കാര്യം കോടതി രേഖപ്പെടുത്തി. ഹർജി വ്യാഴാഴ്‌ച പരിഗണിക്കും. ജഡ്‌ജിമാരായ പി ബി സുരേഷ്‌കുമാർ, സി എസ്‌ സുധ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. ഇത്തരത്തിൽ കേസ് നടന്നുകൊണ്ടിരിക്കെയാണ്‌ ഷാജഹാൻ ഷാജന്‌ ഉപദേശവുമായി എത്തിയിരിക്കുന്നത്‌.

ജഡ്‌ജിക്കെന്നപേരിൽ അഭിഭാഷകൻ കോഴ വാങ്ങിയ കേസുമായി ബന്ധപ്പെട്ടായിരുന്നു ഷാജഹാന്റെ ആരോപണം. ജഡ്‌ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നും അതിനാൽ ഷാജഹാനെതിരെ കോടതിയലക്ഷ്യം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചിരുന്നു. നിരുപാധികം മാപ്പ് പറയുന്നുവെന്ന്‌ വ്യക്തമാക്കി ജൂൺ ആറിന് സത്യവാങ്മൂലം സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ഷാജഹാനോട് നിർദേശിച്ചിരുന്നു. ആറിന് കേസ് രണ്ടുതവണ പരിഗണിച്ചപ്പോൾ നേരിട്ട്‌ ഹജരാകാനോ സത്യവാങ്‌മൂലം സമർപ്പിക്കാനോ ഷാജഹാൻ തയ്യാറായില്ല.  കേസിന്റെ പല ഘട്ടങ്ങളിലും കോടതിയിലും ഹാജരായില്ല. ഇതിൽ കോടതി അതൃപ്‌തി വ്യക്തമാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top