19 April Friday
3 പേർക്ക്‌ പരിശീലനം നൽകി

ഷാജഹാൻ വധം: നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ; ആയുധം എത്തിച്ചത്‌ ആർഎസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

പ്രതികളായ സുജീഷ്, അനീഷ്, ശബരീഷ് എന്നിവരെ പൊലീസ് തെളിവെടുപ്പിനായി കൊണ്ട് പോകുന്നു


പാലക്കാട്‌
സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അംഗം കൊട്ടേക്കാട്‌ എസ്‌ ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ  ഉന്നതതല ഗൂഢാലോചന അന്വേഷിക്കുകയാണെന്ന്‌ പൊലീസ്‌ മേധാവി  ആർ വിശ്വനാഥ്‌ പറഞ്ഞു.

2019ൽ ഷാജഹാൻ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയായതുമുതൽ പ്രതികൾക്ക്‌ വിരോധം തുടങ്ങി. ഗണേശോത്സവം, ശ്രീകൃഷ്‌ണജയന്തി എന്നിവയുടെ ബോർഡ്‌ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ തർക്കമുണ്ടായി. സംഭവ ദിവസം പ്രതിയായ നവീൻ കൈയിൽ രാഖി കെട്ടി വന്നതിനെ ഷാജഹാൻ ചോദ്യം ചെയ്‌തിരുന്നു. ഇതാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നും പൊലീസ്‌ മേധാവി പറഞ്ഞു.

അതിനിടെ സംഭവത്തിൽ ആർഎസ്‌എസുകാരായ നവീൻ(28), ശബരീഷ്‌(30), അനീഷ്‌(29), സുജീഷ്‌(27)എന്നിവർ അറസ്‌റ്റിലായി. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തവരാണ്‌ ഇവർ.  ശിവരാജൻ(25), സിദ്ധാർഥൻ(24), സജീഷ്‌(35), വിഷ്‌ണു(25) എന്നിവർകൂടി കസ്‌റ്റഡിയിലുണ്ട്‌.   നവീനെ പൊള്ളാച്ചിയിൽനിന്നും ബാക്കി മൂന്നുപേരെ മലമ്പുഴ  കവയിൽവച്ചുമാണ്‌ പിടികൂടിയത്‌. കൃത്യത്തിൽ നേരിട്ട്‌ പങ്കെടുത്ത ശബരീഷ്‌, അനീഷ്‌, സുജീഷ്‌  എന്നിവരുമായി പൊലീസ്‌ തെളിവെടുത്തു.  മൂന്ന്‌ വാൾ കണ്ടെടുത്തു. ഷാജഹാന്റെ വീടിനുസമീപം പ്രതികളെ എത്തിച്ചപ്പോൾ സ്‌ത്രീകൾ   ഉൾപ്പെടെയുള്ളവർ വലിയ  പ്രതിഷേധവുമായി എത്തി.

ആയുധം എത്തിച്ചത്‌ ആർഎസ്‌എസ്‌; 
3 പേർക്ക്‌ പരിശീലനം നൽകി
സിപിഐ എം നേതാവ്‌ എസ്‌ ഷാജഹാനെ കൊലപ്പെടുത്താൻ മൂന്നു പേർക്ക്‌ ആർഎസ്‌എസ്‌ പരിശീലനം ലഭിച്ചു. കൊലയിൽ നേരിട്ട്‌ പങ്കെടുത്ത ശബരീഷ്‌, അനീഷ്‌, സുജീഷ്‌ എന്നിവർക്കാണ്‌ ആർഎസ്‌എസ്‌ മാരകായുധങ്ങൾ പ്രയോഗിക്കാൻ  പരിശീലനം നൽകിയത്‌. മാരകായുധങ്ങളും ഇവർക്ക്‌ കൈമാറി.  പ്രദേശത്ത്‌ അറിയപ്പെടുന്ന ബിജെപി–- ആർഎസ്‌എസ്‌ പ്രവർത്തകരായ ഇവരാണ്‌ മറ്റുള്ളവരെ സംഘടനയിലേക്ക്‌ അടുപ്പിക്കുന്നത്‌. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന സംഘത്തെ വാർത്തെടുത്ത്‌ സിപിഐ എമ്മിനെതിരെ ഉപയോഗിക്കുകയായിരുന്നു ആർഎസ്‌എസ്‌ ലക്ഷ്യം. രണ്ടുവർഷംമുമ്പേ ഇതിനുള്ള ആസൂത്രണം തുടങ്ങി.

ഷാജഹാൻ സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറിയായതുമുതൽ പ്രദേശത്ത്‌ ആർഎസ്‌എസ്‌ ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി.  ലഹരിക്കടിമയായ വിഭാഗത്തെ  ആർഎസ്‌എസിലേക്ക്‌ അടുപ്പിച്ചു. ഇവരെ കൂടെനിർത്താൻ നിരന്തരം മയക്കുമരുന്നും മദ്യവും എത്തിച്ചു. ഷാജഹാനുമായി തർക്കം തുടങ്ങിയതോടെ വിവരം ആർഎസ്‌എസ്‌ കാര്യാലയത്തിൽ അറിയിച്ചു. സിപിഐ എമ്മിന്റെ പ്രവർത്തകർ ഏറെയുള്ള കുന്നങ്കാട്‌ പ്രദേശത്ത്‌  ആസൂത്രണംചെയ്‌ത്‌ കുഴപ്പങ്ങളുണ്ടാക്കാൻ ആർഎസ്‌എസ്‌ കേന്ദ്രത്തിൽനിന്നാണ്‌ നിർദേശിച്ചത്‌.  ഇതോടൊപ്പം സിപിഐ എം പ്രചാരണബോർഡിനോട്‌ ചേർന്ന്‌ ആർഎസ്‌എസിന്റെ ബോർഡുകൾ സ്ഥാപിക്കാനും അതിന്റെ പേരിൽ സംഘർഷമുണ്ടാക്കാനും പദ്ധതി തയ്യാറാക്കി. എല്ലാം നേരത്തേ നിശ്ചയിച്ച പ്രകാരമായിരുന്നു. ബിജെപി പ്രവർത്തകർക്ക്‌ സംഘം ചേർന്ന്‌ മദ്യപിക്കാൻ താൽക്കാലിക ഷെഡ്‌ കെട്ടുന്നത്‌ ഷാജഹാൻ തടഞ്ഞിരുന്നു. പൊതുവിടത്തിലെ പരസ്യമദ്യപാനത്തെ ഷാജഹാൻ ചോദ്യംചെയ്‌താൽ  അതുവഴി ഏറ്റുമുട്ടൽ ഉണ്ടാക്കാനായിരുന്നു പദ്ധതി. അതിനിടെ രാഖി കെട്ടുന്നതുമായി ബന്ധപ്പെട്ടും സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു.  ഷെഡ്‌ കെട്ടിയത്‌ ഷാജഹാൻ ചോദ്യംചെയ്‌തതോടെ അന്തിമ പദ്ധതി ആസൂത്രണം ചെയ്‌തു. ഷാജഹാൻ ഇല്ലാതാകുന്നതോടെ പ്രദേശത്ത്‌ ബിജെപി പ്രവർത്തനം ശക്തിപ്പെടുത്താമെന്ന ബിജെപി– -ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ നിർദേശത്തിലായിരുന്നു ഇതെല്ലാം. എന്നാൽ, ഷാജഹാൻ കൊല്ലപ്പെട്ടതോടെ പ്രദേശത്ത്‌ ജനരോഷം ആർഎസ്‌എസിന്‌ എതിരായി മാറിയിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top