16 September Tuesday

ആയിരങ്ങളുടെ അന്ത്യാജ്ഞലി; ആർഎസ്എസ് കൊലപ്പെടുത്തിയ ഷാജഹാന്റെ സംസ്‌കാരം നടന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

പാലക്കാട്> ആർഎസ്എസിന്റെ കൊലക്കത്തിക്കിരയായ പ്രിയ സഖാവ് ഷാജഹാന് ആദരാഞ്ജലിയർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. മുദ്രാവാക്യം വിളികളോടെ ഷാജഹാനെ നാട് യാത്രയാക്കി. പാർട്ടി ഓഫീസിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷം പകൽ മൂന്നോടെ വൻ ജനാവലിയുടെ സാനിധ്യത്തിൽ കല്ലേപ്പുള്ളി ജുമാ മസ്‌ജിദിൽ മൃതദേഹം ഖബറടക്കി. ജില്ലാ ആശുപത്രി മോർച്ചറിക്ക് മുമ്പിൽ ഷാജഹാന്റെ ചേതനയറ്റ ശരീരമേറ്റുവാങ്ങാൻ സഹപ്രവർത്തകരും നേതാക്കളുമെത്തി.

പകൽ 12 ന്‌ പോസ്റ്റുമാർട്ടത്തിന് ശേഷം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷാൻദാസ്, ജില്ലാ സെക്രട്ടറിയറ്റംഗം എ പ്രഭാകരൻ എംഎൽഎ, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ്ചന്ദ്രബോസ് എന്നിവർ മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ശശി, പി മമ്മിക്കുട്ടി എംഎൽഎ, വി ചെന്താമരാക്ഷൻ, ടി എം ശശി, പാലക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ  തുടങ്ങി നിരവധി നേതാക്കൾ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി.

തുടർന്ന് കല്ലേപ്പുള്ളിയിലെ സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുവന്നു. ഒന്നരയോടെ പാർട്ടി ഓഫീസിൽ നിന്ന് വിലാപയാത്രയായി കൊട്ടേക്കാട് കുന്നംകാടുള്ള വീട്ടിലേക്ക്. ഷാജഹാനെ അവസാനനോക്ക് കാണാൻ നൂറുകണക്കിനാളുകൾ വീട്ടിലെത്തി.

കാലിനും കൈയിനുമേറ്റ വെട്ടിൽ ചോരവാർന്നാണ് മരണമെന്ന് പോസ്റ്റുമാർട്ടത്തിനെ പ്രാഥമിക നിഗമനം. പൊലീസ് സർജൻ ഡോ പി ബി ഗുജ്‌റാളിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമാർട്ടം. രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആർ. ഒളിവിൽപോയ പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top