19 April Friday

സ്വപ്‌നയുടെ 164 മൊഴിയും ‘വെളിപ്പെടുത്തലും ; ഗൂഢാലോചനയിൽ ഷാജ്‌ കിരണിനും പങ്ക് ?

പ്രത്യേക ലേഖകൻUpdated: Sunday Jun 12, 2022


തിരുവനന്തപുരം
സ്വപ്‌നയുടെ 164 മൊഴിയും ‘വെളിപ്പെടുത്തലും’ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നതിന്റെ കൂടുതൽ വിവരം ഉടൻ പുറത്തുവരുമെന്ന്‌ സൂചന. ജയ്‌ഹിന്ദ് മുൻ മാധ്യമപ്രവർത്തകൻ ഷാജ്‌കിരണിന്  ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന വിവരവും പുറത്തുവരും. മുഖ്യമന്ത്രിയുടെ ദൂതൻ എന്ന നിലയിൽ ഷാജ്‌കിരൺ മൊഴി പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നാണ്‌ സ്വപ്‌ന ആരോപിച്ചത്‌. എന്നാൽ, 164 മൊഴി പിൻവലിക്കാൻ കഴിയുന്ന ഒന്നല്ല എന്നത്‌ മാധ്യമങ്ങളടക്കം മറച്ചുവച്ചു. മുൻകൂർ ജാമ്യഹർജിയിൽ സ്വപ്ന, ഷാജ്‌കിരണിനെ അപരിചിതൻ എന്നാണ്‌ വിശേഷിപ്പിച്ചത്‌. ശബ്‌ദരേഖയിൽ ഇവർ പരിചയക്കാരാണെന്ന്‌ തെളിഞ്ഞു. ഇത്‌ മറച്ചുവച്ചാണ്‌ മുഖ്യമന്ത്രിയുടെ ദൂതൻ എന്ന തരത്തിൽ മാധ്യമങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്‌.

ഇത്‌ ഗൂഢാലോചനയിൽ ഷാജ്‌കിരണിനും പങ്കുണ്ടോയെന്ന സംശയം ബലപ്പെടുത്തുകയാണ്‌. ഇത്തരമൊരു നാടകം ഇവർ ഒരുമിച്ച്‌ പദ്ധതിയിട്ടതാണോ എന്നതടക്കം അന്വേഷകസംഘം പരിശോധിക്കും.

സഹതാപംതേടി 
തലകറക്കം
മുൻകൂർ ജാമ്യാപേക്ഷയിലെ ആരോപണങ്ങൾ കാറ്റുപിടിക്കാതെ വന്നതോടെ വിങ്ങലും ബോധക്ഷയവുമായാണ്‌ സ്വപ്‌ന ശനിയാഴ്‌ച മാധ്യമങ്ങൾക്ക്‌ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്‌. അഭിഭാഷകൻ കൃഷ്‌ണരാജിനെതിരെ മതവിദ്വേഷത്തിന് കേസ്‌ എടുത്തതിന്റെ പേരിലായിരുന്നു വിങ്ങിപ്പൊട്ടൽ. ഒന്നരവർഷത്തോളം വിവിധ ഏജൻസികളുടെ മാറിമാറിയുള്ള ചോദ്യം ചെയ്യലിനും ജയിൽ വാസത്തിനും വിധേയയായ ഒരാളാണ്‌ അഭിഭാഷകനെതിരായ കേസിൽ നിയന്ത്രണംവിട്ടത്‌. മുമ്പ്‌ സ്വപ്‌നയുടെ അഭിഭാഷകരായിരുന്ന പലരും വക്കാലത്ത്‌ ഒഴിഞ്ഞിരുന്നു. ഏറ്റവും ഒടുവിലാണ്‌ ഹിന്ദുത്വതീവ്രവാദിയെന്ന്‌ സ്വയം അവകാശപ്പെടുന്ന കൃഷ്‌ണരാജ്‌ വക്കാലത്ത്‌ ഏറ്റെടുത്തത്‌.

സുരക്ഷയെച്ചൊല്ലി 
കോലാഹലം
സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന്‌ വന്നതോടെ പ്രതിരോധത്തിലായ കോൺഗ്രസും ഒരുവിഭാഗം മാധ്യമങ്ങളും മുഖ്യമന്ത്രിയുടെ സുരക്ഷയെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്താൻ ശ്രമം തുടങ്ങി. ശബ്‌ദരേഖാ നാടകത്തിന്‌ വെള്ളിയാഴ്‌ച വൈകിട്ടുവരെ അമിത പ്രാധാന്യം നൽകിയ ചാനലുകൾ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിലായിരുന്നു ശനിയാഴ്‌ച ഉറഞ്ഞുതുള്ളിയത്‌. കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ പൊലീസ്‌ ഏർപ്പെടുത്തിയ ക്രമീകരണം വക്രീകരിച്ച്‌ അവതരിപ്പിച്ചു.

വിജിലൻസ്‌ മേധാവിക്ക്‌ വിനയായ ഫോൺവിളി
വിജിലൻസ്‌ ഡയറക്ടർ എഡിജിപി എം ആർ അജിത്‌കുമാറിനെ സ്ഥാനത്തുനിന്ന്‌ മാറ്റാൻ കാരണമായത്‌ സ്വപ്ന സുരേഷിന്റെ സുഹൃത്ത്‌ ഷാജ്‌ കിരണുമായുള്ള ഫോൺ സംഭാഷണം. ഷാജ്‌ കിരൺ വിജിലൻസ്‌ മേധാവിയുടെ ഫോണിലേക്ക്‌ വിളിച്ചിരുന്നു. മാധ്യമ  പ്രവർത്തകനായിരുന്ന കാലത്തെ പരിചയം ഉപയോഗിച്ചാണ്‌ ഇയാൾ വിജിലൻസ്‌ മേധാവിയുടെ ഫോണിലേക്ക്‌ വിളിച്ചത്‌. ഇദ്ദേഹം തിരികെ വിളിക്കുകയും ചെയ്‌തു. പി എസ്‌ സരിത്തിനെ കസ്റ്റഡിയിലെടുത്തത്‌ അടക്കമുള്ള വിവരമാണ്‌ ഫോൺ സംഭാഷണത്തിലുള്ളത്‌. ഫോൺ വിളിയും സംഭാഷണവും സംബന്ധിച്ച്‌ വാർത്ത പുറത്തുവന്നിരുന്നു. സർക്കാർ നിലപാടിനു വിരുദ്ധമായ നടപടി ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ നടപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top