19 September Friday

ഷാഹിന പറയുന്നു ; ‘ഇതെന്റെ സർക്കാരാ’

മനു വിശ്വനാഥ്‌Updated: Tuesday Jun 6, 2023

ഫാത്തിമ ഷാഹിന കെ ഫോൺ ഇന്റർനെറ്റ്
ഉപയോഗിക്കുന്നു


താനൂർ
അന്തിയുറങ്ങാൻ സുരക്ഷിതമായ വീട്, തന്റെ ഇലക്ട്രിക് വീൽചെയറിന് പോകാൻ പൊട്ടിപ്പൊളിഞ്ഞ പാതയ്ക്കുപകരം കോൺക്രീറ്റ് പാകിയ പുത്തൻ റോഡ്, ഇപ്പോൾ പഠനസ്വപ്നങ്ങൾക്ക് ചിറകേകി കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇന്റർനെറ്റും. മീനത്തൂർ ഗവ. ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഷാഹിന ഹാപ്പിയാണ്‌. ‘ഇതെന്റെ സർക്കാരാ’–- ഹൃദയത്തിൽനിന്ന്‌ അവളുടെ വാക്കുകൾ. 

താനാളൂർ പഞ്ചായത്ത് 17-ാം വാർഡിലാണ് ഷാഹിനയും കുടുംബവും താമസിക്കുന്നത്. ഷീറ്റ് മേഞ്ഞ വീട്ടിലായിരുന്നു  ജീവിതം. ലൈഫ്‌ പദ്ധതിയിൽ നൽകിയ വീട്ടിലേക്ക്‌ താമസം മാറിയത്‌ ഞായറാഴ്‌ചയാണ്‌. ജന്മനാ കാലിന് സുഖമില്ലാത്ത ഫാത്തിമ ഷാഹിന വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ചാണ്‌ നടന്നിരുന്നത്. ഒരു പഞ്ചായത്തിൽ ഒരാൾക്ക് ഇലക്ട്രിക് വീൽചെയർ നൽകാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചപ്പോൾ താനാളൂരിൽ ഷാഹിനയ്‌ക്കാണ്‌ ലഭിച്ചത്‌. 60 ശതമാനം ഭിന്നശേഷിക്കാരിയായ ഫാത്തിമ ഷാഹിനയ്ക്ക് ഇലക്ട്രിക് വീൽചെയർ കിട്ടിയപ്പോൾ പിന്നീടുണ്ടായ സങ്കടം വീട്ടിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞതാണെന്നായിരുന്നു. പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് റോഡ് കോൺക്രീറ്റ് ചെയ്‌തു. കെ ഫോണിനായി അപേക്ഷ ക്ഷണിച്ചപ്പോൾ ഫാത്തിമ ഷാഹിനയ്ക്ക് പ്രഥമ പരിഗണന നൽകി. ഒരു ലാപ്‌ടോപ്പ്‌ കൂടി തുടർപഠനത്തിനു വേണം. പേപ്പർ ക്രാഫ്‌റ്റിൽ കഴിവുതെളിയിച്ച ഈ മിടുക്കി നന്നായി പാടുകയും ചെയ്യും. ഉപ്പ അമീറും ഉമ്മ റുബീനയും സഹോദരങ്ങളായ മുഹമ്മദ് ഷഹലും മുഹമ്മദ് ഷഫീറും കൂടെയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top