20 April Saturday

കെഎസ്‌യു കേസ്‌ വാദിക്കൽ യോഗ്യത ; പബ്ലിക്‌ പ്രോസിക്യൂട്ടറാക്കാൻ 
ഷാഫിയുടെ കത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022


തിരുവനന്തപുരം
‘വർഷങ്ങളായി കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരുടെയും നേതാക്കളുടെയും കേസ്‌ വാദിക്കുന്ന വക്കീലാണ്‌ ബിജു. പാഠപുസ്‌തക സമരമുൾപ്പെടെയുള്ള കേസിൽ അദ്ദേഹം കെഎസ്‌യുവിനും യൂത്ത്‌ കോൺഗ്രസിനും നൽകിയ സംഭാവന പരിഗണിച്ച്‌ എസ്‌ എസ്‌ ബിജുവിനെ അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ (തിരുവനന്തപുരം ജില്ല) സ്ഥാനത്തേക്ക്‌ പരിഗണിക്കണമെന്ന്‌ അഭ്യർഥിക്കുന്നു’. 2011 ആഗസ്ത്‌ 25ന്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്‌ ഷാഫി പറമ്പിൽ എംഎൽഎ സ്വന്തം ലെറ്റർപാഡിൽ എഴുതിയ കത്താണിത്‌. തിരുവനന്തപുരത്ത്‌ മേയറുടെ പേരിൽ പ്രചരിച്ച വ്യാജക്കത്തിനെച്ചൊല്ലി സമരനാടകം നടത്തുന്ന കോൺഗ്രസിന്റെ തനിനിറം ഇതാണ്‌.

യുഡിഎഫ്‌ അധികാരത്തിൽ വന്നപ്പോഴെല്ലാം കോടതികളിലടക്കം ഇഷ്ടക്കാരെയാണ്‌ തിരുകിക്കയറ്റിയത്‌. മൂവാറ്റുപുഴ അഡീഷണൽ സെഷൻസ്‌ കോടതിയിൽ ഗവ. പ്ലീഡറായി അരുൺ ജോസഫ്‌ എന്നയാളെ നിയമിക്കാൻ പി സി വിഷ്‌ണുനാഥ്‌ എംഎൽഎയുടെ ഔദ്യോഗിക ലെറ്റർപാഡിലാണ്‌ മുഖ്യമന്ത്രിക്ക്‌ കത്തെഴുതിയത്‌. ഇയാൾക്കുവേണ്ടി ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ, കോൺഗ്രസ്‌ മഞ്ഞല്ലൂർ, മൂവാറ്റുപുഴ ബ്ലോക്ക്‌ കമ്മിറ്റികൾ പി ടി തോമസിനും കത്ത്‌ നൽകിയിരുന്നു. ജില്ലാ കോടതിയിലെ പ്ലീഡർ നിയമനത്തിനുവേണ്ടിയായിരുന്നു ജോസഫ് വാഴയ്‌ക്കന്റെ കത്ത്‌. അഡ്വ. അനിൽ ജോർജ്‌ മാധവപ്പള്ളിയെ നിയമിക്കണം എന്നായിരുന്നു ആവശ്യം.

ഹൈക്കോടതിയിലെ പ്ലീഡറായി അഡ്വ. കെ എൻ ജോയിയെ നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അന്ന്‌ എംപിയായിരുന്ന കെ പി ധനപാലനാണ്‌ കത്തയച്ചത്‌. ഡിസിസി അംഗവും മുൻ കെഎസ്‌യു, യൂത്ത്‌കോൺഗ്രസ്‌ നേതാവുമായ സി ടി ജോഫിയെ നിയമിക്കണം എന്നായിരുന്നു ടി എൻ പ്രതാപന്റെ ആവശ്യം.

ഷഫീഖ്‌ റഹ്മാന്‌ ആലപ്പുഴയിൽത്തന്നെ നിയമനം നൽകണമെന്നായിരുന്നു അന്ന്‌ കേന്ദ്ര സഹമന്ത്രിയായിരുന്ന കെ സി വേണുഗോപാൽ ആവശ്യപ്പെട്ടത്‌. സർക്കാർ അഭിഭാഷകരുടെ നിയമനത്തിനുവേണ്ടിയുള്ള കത്ത്‌ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്‌. മറ്റു വകുപ്പുകളിൽ നടത്തിയ നിയമനങ്ങളുടെയും ഇതിന്റെ മറവിൽ നടന്ന അഴിമതിയുടെയും തെളിവുകൂടിഉടൻ പുറത്തുവരാനുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top