27 April Saturday

കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്‌: എസ്എഫ്ഐക്ക്‌ ചരിത്ര മുന്നേറ്റം

സ്വന്തം ലേഖികUpdated: Friday Jan 28, 2022

കണ്ണൂർ > കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 64 കോളേജുകളിൽ 53ലും എസ്എഫ്ഐ വിജയിച്ചു.

കണ്ണൂർ ജില്ലയിലെ 46 കോളേജിൽ 38ലും കാസർകോട്ട്‌ 15 കോളേജിൽ 12ലും വയനാട് ജില്ലയിലെ മൂന്നു കോളേജിലും എസ്എഫ്ഐ വെന്നിക്കൊടി പാറിച്ചു. 32 കോളേജുകളിൽ എതിരില്ലാതെയായിരുന്നു വിജയം. കണ്ണൂർ 51, കാസർകോട് 15, വയനാട് നാല്‌ എന്നിങ്ങനെ 70 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനങ്ങളും എസ്എഫ്ഐ നേടി. 13 കൗൺസിലർമാരേ മറ്റുള്ളവർക്കുള്ളൂ.

കെഎസ്‌യു കുത്തകയായിരുന്ന കൂത്തുപറമ്പ് നിർമലഗിരി, ഇരിട്ടി എം ജി, അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ, ചെണ്ടയാട് എം ജി കോളേജ്, കെഎസ്‌യു-എംഎസ്എഫ് കോട്ടയായ ഇരിക്കൂർ സിബ്ഗ കോളേജ് എന്നിവ എസ്എഫ്ഐ പിടിച്ചെടുത്തു. ഡോൺബോസ്‌കോയിൽ ആദ്യമായാണ്‌ എസ്‌എഫ്‌ഐ ആധിപത്യം.

കണ്ണൂർ കൃഷ്ണമേനോൻ സ്‌മാരക ഗവ. വനിത, കണ്ണൂർ എസ് എൻ, പയ്യന്നൂർ, മാടായി കോളേജുകളിൽ മുഴുവൻ സീറ്റിലും വിജയിച്ചു. തലശേരി ഗവ. ബ്രണ്ണൻ കോളേജ്, എടത്തൊട്ടി ഡി പോൾ, വീർപ്പാട് എസ്എൻജി, എസ്എൻജി തോട്ടട എന്നിവിടങ്ങളിലും എസ്എഫ്ഐ കരുത്തു തെളിയിച്ചു.

കാസർകോട്ടെ  പെരിയ അംബേദ്‌കർ കോളേജിൽ കെഎസ്‌യു-എംഎസ്‌എഫ് സഖ്യത്തെ തോൽപ്പിച്ച് മുഴുവൻ സീറ്റും നേടി. കുമ്പള ഐഎച്ച്ആർഡി കോളേജ് യൂണിയൻ എബിവിപിയിൽനിന്ന്‌ പിടിച്ചെടുത്തു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, ഉദുമ ഗവ. കോളേജ്, മുന്നാട് പീപ്പിൾസ്, എസ്‌എൻ പെരിയ, സി കെ നായർ കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും വിജയിച്ചു.

ഇ കെ നായനാർ സ്മാരക ഗവ. കോളേജ് എളേരിത്തട്ട്, കരിന്തളം ഗവ. കോളേജ്, എസ്‌എൻഡിപി കാലിച്ചാനടുക്കം, പള്ളിപ്പാറ ഐഎച്ച്ആർഡി, മടിക്കൈ ഐഎച്ച്ആർഡി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും എസ്‌എഫ്ഐ എതിരില്ലാതെ ജയിച്ചിരുന്നു.  വയനാട് ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന മാനന്തവാടി ഗവ. കോളേജ്, പി കെ കാളൻ കോളേജ്, മാനന്തവാടി മേരിമാതാ കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ഏതാനും കോളേജുകളിലും യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലും തെരഞ്ഞെടുപ്പ്‌ പിന്നീട്‌ നടക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top